ധാക്ക:ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ ധാക്ക സന്ദര്‍ശനത്തിന്റെ ഭാഗമായി ചൈനയും ബംഗ്ലാദേശും 2400 കോടി രൂപയുടെ വായ്പാ കരാറില്‍ ഒപ്പുവയ്ക്കാൻ ധാരണ.ബംഗ്ലാദേശിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വായ്പാ കരാറാണിത്.കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധാക്ക സന്ദര്‍ശനത്തില്‍ അനുവദിച്ച 200 കോടിയുടെ വായ്പാ കരാറിനെ വെല്ലുവിളിച്ചാണ് ചൈന ബംഗ്ലാദേശുമായി ചരിത്രപരമായ കരാറില്‍ ഒപ്പുവെക്കുന്നത്.
ഊര്‍ജം, തുറമുഖം, റെയില്‍വേ എന്നീ മേഖലകളിലെ വികസനം ലക്ഷ്യമാക്കിയാണ് ചൈനയും ബംഗ്ലാദേശും വായ്പാ കരാറിൽ ഒപ്പുവയ്ക്കുന്നത്. 1320 മെഗാവാട്ട് വൈദ്യുതി ഉല്‍പാദന കേന്ദ്രം, അതിവിപുലമായ തുറമുഖം എന്നിവയടക്കം 25 പദ്ധതികള്‍ക്കാണ് ചൈന വായ്പ നല്‍കുന്നതെന്ന് ബംഗ്ലാദേശ് ധനകാര്യ മന്ത്രി എം.എ മന്നന്‍ പറഞ്ഞു.കൂടാതെ ഷി ജിന്‍പിങ്ങിന്റെ സന്ദര്‍ശനം ബംഗ്ലാദേശിന്റെ ചരിത്രത്തില്‍ നാഴികക്കല്ലാകുമെന്നും അദ്ദേഹം പറയുകയുണ്ടായി.
എന്നാൽ ചൈനയുടെ നടപടി സാധാരണമല്ലെന്നും ഇന്ത്യയും ചൈനയും ബംഗ്ലാദേശില്‍ കൃത്യമായ ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സൗത്ത് ഏഷ്യയില്‍ പഠനം നടത്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍ നാഷണല്‍ സ്റ്റഡീസ് ഡയറക്ടര്‍ സാവോ ഗാന്‍ചെങ് പറഞ്ഞു.നേരത്തെ ഇന്ത്യക്കു പുറമെ ജപ്പാനും ബംഗ്ലാദേശിന് സഹായവുമായി എത്തിയിരുന്നു.ഇതോടെ ബംഗ്ലാദേശില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ രാജ്യങ്ങള്‍ തമ്മിലുള്ള മത്സരം ശക്തമാകുന്നു എന്ന സൂചനയാണ് പുറത്തു വരുന്നത്.
Post Your Comments