റിയാദ്: വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സൗദി അറേബ്യയില്‍ കേസ് വിചാരണചെയ്യുന്ന സംവിധാനം അടുത്തയാഴ്ച മുതൽ വരുമെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു. പുതിയ സംവിധാനം പ്രതികളുടെ അവകാശങ്ങളും ഉറപ്പുവരുത്തിയാണ് നടപ്പിലാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
വിചാരണയുടെ കാലയളവ് കുറയ്ക്കുന്നതിനും സുരക്ഷാ ഉദ്യോഗസ്ഥരുടെ അധ്വാനം സാധൂരിക്കണം വീഡിയോ കോണ്‍ഫറന്‍സിംഗ് സഹായിക്കുമെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു. റിയാദ് ക്രിമിനല്‍ കോടതിയിലാണ് പ്രാരംഭ ഘട്ടം എന്ന നിലയിലാണ് പുതിയ സംവിധാനം ആരംഭിക്കുന്നത്. പിന്നീട് കേസുകള്‍ ധാരാളമുളള മറ്റ് കോടതികളിലും ഇത് നടപ്പിലാക്കും.
വളരെ വേഗം കേസ് വിചാരണ സാധ്യമാക്കാനാണ് പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് നീതിന്യായ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. അഹ്മദ് അല്‍ ഉനമൈറ പറഞ്ഞു. നിലവില്‍ വിചാരണക്കായി പ്രതികളെ സുരക്ഷാ സൈനികരുടെ അകമ്പടിയോടെ ജയിലുകളില്‍ നിന്ന് കോടതികളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. നിശ്ചിത സമയത്ത് പ്രതികളെ കോടതികളില്‍ എത്തിക്കുന്നതിന് തടസ്സം നേരിടുന്നുണ്ട്. വിചാരണ നീണ്ടുപോകുന്നതിന് ഇത് കാരണമാണ്. പ്രതികളെ സുരക്ഷാ കാവലില്‍ ജയിലുകളിലും തിരിച്ചും എത്തിക്കേണ്ടിവരുന്നത് സുരക്ഷാ വകുപ്പുകള്‍ക്ക് വലിയ ഉത്തരവാദിത്വമാണ്. വീഡിയോ കോണ്‍ഫറന്‍സിംഗ് വിചാരണ നിലവില്‍ വരുന്നതോടെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കും. പ്രതികളുടെ സമ്മതമുണ്ടെങ്കില്‍ മാത്രമാണ് അവരുടെ കേസുകളില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വിചാരണ നടത്തുന്നതെന്നും നീതിന്യായ മന്ത്രാലയം വ്യക്തമാക്കി.
Post Your Comments