ന്യൂയോര്‍ക്ക് : അമേരിക്ക ഏവരെയും ഭയപ്പെടുത്തി ലോകപൊലീസായി അടക്കി ഭരിച്ചതൊക്കെ പഴയ കഥ. ഇന്ന് അമേരിക്കയ്ക്ക് നേരെയുള്ള ഭീഷണികളും വര്‍ധിച്ച് വരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റഷ്യ, ചൈന, നോര്‍ത്തുകൊറിയ, ഐ.എസ്, സൈബര്‍ ആക്രമണം തുടങ്ങിയ അഞ്ച് ഭീഷണികളെ വരുന്ന അഞ്ച് വര്‍ഷക്കാലത്തേക്ക് അമേരിക്ക നന്നായി ഭയപ്പെടുന്നുവെന്നാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. ഇതില്‍ നോര്ത്ത്കൊറിയയ്ക്ക് 2020 ഓടെ നൂറ് ആണവായുധങ്ങള്‍ വരെ ഉണ്ടാകുമെന്നാണ് യു.എസ് ഉന്നതാധികാര സമിതി മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നത്.
ഈ വാരാന്ത്യത്തില്‍ റാന്‍ഡ് കോര്പറേഷന് പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് അമേരിക്കയ്ക്ക് നേരെയുള്ള അഞ്ച് ഭീഷണികളില്‍ ഏറ്റവും ഗുരുതരം നോര്ത്തുകൊറിയയാണെന്ന ശക്തമായ സൂചന നല്‍കിയിരിക്കുന്നത്. തുടര്‍ന്നുള്ള സ്ഥാനത്താണ് മറ്റ് നാലും സ്ഥിതി ചെയ്യുന്നത്.
2020 ഓടെ നോര്ത്തുകൊറിയക്ക്ക് 50 മുതല്‍ നൂറ് വരെ ആണവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷി കൈവരിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇപ്പോള്‍ തന്നെ നോര്‍ത്തുകൊറിയയ്ക്ക് എയര്‍ക്രാഫ്റ്റ്, പടക്കപ്പല്‍, ബാലിസ്റ്റിക് മിസൈലുകള്‍ എന്നിവയിലൂടെ ആണവായുധങ്ങള്‍ പ്രയോഗിക്കുന്നതിനുള്ള ശേഷിയുണ്ട്. പസിഫിക്ക് സമുദ്രത്തിലുടനീളം ഭീഷണിയുയര്‍ത്താന്‍ ശേഷിയുള്ള ന്യൂക്ലിയര്‍ മിസൈലുകള്‍ പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് നോര്‍ത്തുകൊറിയ. ഈ മിസൈലുകള്‍ യുഎസിന്റെ ഭൂപ്രദേശങ്ങള്‍ക്ക് വരെ കടുത്ത ഭീഷണിയുയര്‍ത്താന്‍ ശേഷിയുള്ളവയാണെന്നും മുന്നറിയിപ്പ് ഉണ്ട്
നോര്‍ത്തുകൊറിയയുടെ ഈ ഗണത്തിലുള്ള ലോംഗ് റേഞ്ച്, റോഡ് മൊബൈല്‍, സബ് മറൈന്‍ മിസൈലുകള്‍ 2020നും 2025നും ഇടയില്‍ പ്രവര്‍ത്തന സജ്ജമാകുമെന്നാണ് നിലവിലുള്ള കണക്ക് കൂട്ടലുകള്‍ മുന്നറിയിപ്പേകുന്നത്. വരുന്ന നാല് മുതല്‍ ആറ് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത്തരത്തില്‍ നോര്ത്ത്കൊറിയയുടെ കൈവശം വൈവിധ്യമാര്‍ന്ന ധാരാളം ആണവായുധങ്ങള്‍ ഉണ്ടാകുമെന്നും അതിനാല്‍ ഈ രാജ്യത്തെ തുടര്‍ന്ന് നേരിടുന്നവര്‍ക്ക് വന്‍ നാശമായിരിക്കുമുണ്ടാവുകയെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.ഇക്കാരണത്താല്‍ പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റ് വിദേശ നയം സ്വീകരിക്കുമ്പോള്‍ കടുത്ത പരീക്ഷണങ്ങളിലൂടെയായിരിക്കും കടന്ന് പോവുകയെന്നും വിദേശനയം രൂപീകരിക്കുന്ന കാര്യത്തില്‍ നിര്‍ണായക സ്വാധീനശക്തിയാകുന്ന ഉന്നതാധികാര സമിതി കൂടിയായ റാന്‍ഡ് കോര്പറേഷന് പ്രവചിക്കുന്നു.
റഷ്യയും ചൈനയും ഐ.എസും അമേരിക്കയ്ക്ക് ഇനിയും ഭീഷണിയായി വളരുമെന്നും പ്രസ്തുത റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു. ഇതിന് പുറമെ അമേരിക്കയ്ക്ക് നേരെ സമീപ വര്‍ഷങ്ങളില്‍ ആരംഭിച്ച കടുത്ത സൈബര്‍ ആക്രമണങ്ങള്‍ ഭാവിയില്‍ ഇതിലും ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.
Post Your Comments