
ദമ്മാം● സ്പോൺസറുടെ തൊഴിൽ കരാർ ലംഘനം നിമിത്തം ശമ്പളം പോലും കിട്ടാതെ ദുരിതത്തിലായ മലയാളി, നവയുഗം സാംസ്കാരികവേദിയുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
കായംകുളം സ്വദേശിയായ സജൈഷ് സൗദി അറേബ്യയിൽ പ്രവാസിയായി ജീവിതം തുടങ്ങിയത് എട്ടുവർഷങ്ങൾക്ക് മുൻപാണ്. വാഹനവർക്ക്ഷോപ്പിലെ കമ്പ്യൂട്ടർ ടെക്നീഷ്യനായി ജോലി നോക്കിയിരുന്ന സജൈഷ്, ഇടക്കാലത്ത് നാട്ടിൽ പോകുകയും, ഒൻപത് മാസങ്ങൾക്ക് മുൻപ് മറ്റൊരു സ്പോൺസറിന്റെ കീഴിൽ ജോലിയ്ക്ക് എത്തുകയും ചെയ്ത മുതലാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
സൗദി സ്പോൺസറുടെ കീഴിൽ, കർണ്ണാടകക്കാരനായ ഒരാൾ നടത്തിയിരുന്ന, ഒരു വർക്ക്ഷോപ്പിൽ ജോലിയ്ക്കാണ് സജൈഷിനെ കൊണ്ടു വന്നത്. 3000 റിയാൽ ശമ്പളവും വാഗ്ദാനം ചെയ്തിരുന്നു. മൂന്നു മാസക്കാലം അവിടെ ജോലി ചെയ്തെങ്കിലും, ഒരു മാസത്തെ ശമ്പളം മാത്രമാണ് കൊടുത്തത്. അതും 1500 റിയാൽ മാത്രം. അതിനിടയിൽ നടത്തിപ്പുകാരനും സൗദി സ്പോൺസറും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് വർക്ക്ഷോപ്പ് പൂട്ടി കന്നഡക്കാരൻ സ്ഥലം വിട്ടു. ജോലി ഇല്ലാതായതോടെ സജൈഷിന്റെ ജീവിതം ദുരിതത്തിലായി. ഗതി കെട്ടപ്പോൾ, അല്ലറ ചില്ലറ പണികളെടുത്ത് സജൈഷ് കഷ്ടിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോയി.
ഇതിനിടെ സ്പോൺസറുടെ തസ്ലിയയിൽ ഉള്ള വീട്ടിൽ പണി ഉണ്ടെന്ന് പറഞ്ഞ് കൊണ്ട് പോയി. അവിടെ രണ്ടാഴ്ച കഴിഞ്ഞിട്ടും ജോലിയോ പണമോ ഒന്നും കൊടുത്തില്ല.
ചില പരിചയക്കാരുടെ ഉപദേശപ്രകാരം, സജൈഷ് നവയുഗം സാംസ്കാരികവേദി പ്രസിഡന്റ് കെ.ആർ.അജിത്തിനെ ഫോണിൽ ബന്ധപ്പെട്ട് തന്റെ ദുരവസ്ഥ വിവരിച്ചു. കെ.ആർ.അജിത്ത് നവയുഗം ജീവകാരുണ്യപ്രവർത്തകനായ മണിക്കുട്ടനെ ഈ കേസിന്റെ ചുമതല ഏൽപ്പിച്ചു.
മണിക്കുട്ടന്റെ സഹായത്തോടെ സജൈഷ് ലേബർ കോടതിയിൽ സ്പോൺസർക്കെതിരെ കേസ് ഫയൽ ചെയ്തു. കേസിന്റെ ആദ്യസിറ്റിങ്ങിൽ തന്നെ സ്പോൺസർ ഹാജരായി. എക്സിറ്റ് വേണമെങ്കിൽ തനിയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന സ്പോൺസറുടെ ആദ്യനിലപാടിനെ മണിക്കുട്ടൻ കോടതിയിൽ എതിർത്തു. വാദങ്ങൾക്ക് ഒടുവിൽ സജൈഷിന് ഫൈനൽ എക്സിറ്റും, ശമ്പളകുടിശ്ശികയായി ആയിരം റിയാലും നൽകാം എന്ന് സ്പോൺസർ അറിയിച്ചു.
സ്പോൺസർ എക്സിറ്റ് നൽകിയപ്പോൾ, നിയമനടപടികൾ പൂർത്തിയാക്കി, നവയുഗത്തിന് നന്ദി പറഞ്ഞ്, സജൈഷ് സ്വന്തം ടിക്കറ്റിൽ നാട്ടിലേയ്ക്ക് മടങ്ങി.
Post Your Comments