NewsInternational

ഇന്ത്യയുമായി ജലയുദ്ധത്തിനില്ല; ബ്രഹ്മപുത്രയിലെ ജലം പങ്കിടാന്‍ തയ്യാറെന്ന് ചൈന

ബെയ്ജിംഗ് : അവസാനം ചൈനയും ഇന്ത്യയുടെ മുന്നില്‍ മുട്ടുമടക്കി. ഇന്ത്യയുമായി ജലയുദ്ധത്തിന് താത്പ്പര്യമില്ലെന്ന് ചൈന വ്യക്തമാക്കി. ബ്രഹ്മപുത്ര നദിയിലെ ജലം പങ്കിടുന്ന കാര്യത്തില്‍ ഇന്ത്യയും ബംഗ്ലാദേശുമായി ചര്‍ച്ച നടത്തി ഉടമ്പടി ഉണ്ടാക്കാന്‍ തയ്യാറാണെന്ന് ചൈന അറിയിച്ചിട്ടുണ്ട്. ചൈനയുടെ ഔദ്യോഗിക ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നദീജലം പങ്കിടുന്ന കാര്യത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ കരാറൊന്നും നിലവിലില്ലാത്തതിനാല്‍ ചൈനയുടെ ഈ നിര്‍ദേശം പ്രധാനപ്പെട്ടതാണ്. ബ്രഹ്മപുത്ര നദിയിലെ ജലത്തെ ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാന്‍ ചൈനയ്ക്ക് താത്പ്പര്യമില്ലെന്നും ഗ്ലോബല്‍ ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കി. ഇത്തരം സാങ്കല്‍പിക ജലയുദ്ധ വാര്‍ത്തകള്‍ നിമിത്തം ഇന്ത്യ-ചൈന ബന്ധം ഉലയാന്‍ അനുവദിക്കരുതെന്നും ലേഖനം പറയുന്നു.

അണക്കെട്ടു നിര്‍മാണത്തിനായി ബ്രഹ്മപുത്ര നദിയുടെ പോഷക നദിയായ ഷിയാബുക്കുവിന്റെ ഒഴുക്കു തടസ്സപ്പെടുത്തുന്നത് ഇന്ത്യയിലൂടെ ഒഴുകുന്ന ബ്രഹ്മപുത്രയിലെ ജലലഭ്യതയെ ഒരുതരത്തിലും ബാധിക്കില്ലെന്നു ചൈന നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ഷിയാബുക്കു നദിയിലെ വാര്‍ഷിക ജലലഭ്യതയുടെ 0.02 ശതമാനം മാത്രമാണു ജലസംഭരണിയുടെ ശേഷിയെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ ചോദ്യത്തിന് എഴുതിനല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

ടിബറ്റില്‍നിന്ന് അരുണാചല്‍പ്രദേശിലൂടെ അസമിലേക്കും അവിടെനിന്നു ബംഗ്ലദേശിലേക്കുമാണു ബ്രഹ്മപുത്രയുടെ ഒഴുക്ക്. ചൈനയില്‍ യാര്‍ലങ് സാങ്‌ബോ എന്നറിയപ്പെടുന്ന പോഷക നദി പൂര്‍ണമായും ചൈനയുടെ ഭൂപ്രദേശത്താണ്. ഇന്ത്യ-ചൈന സൗഹൃദം കണക്കിലെടുത്തും മാനുഷിക പരിഗണനവച്ചും നദിയിലെ ഒഴുക്കിന്റെ അളവിനെപ്പറ്റിയും പ്രളയകാലത്തെ ജലവിതാനത്തെപ്പറ്റിയുമുള്ള വിശദാംശങ്ങള്‍ ഇന്ത്യയ്ക്കു കൈമാറാറുണ്ട്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ പ്രധാന ജലസ്രോതസെന്ന നിലയില്‍ ബ്രഹ്മപുത്ര നദിയുടെ പോഷക നദിയിലെ ജലമൊഴുക്ക് ചൈന തടഞ്ഞുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഇന്ത്യക്കാരില്‍ സൃഷ്ടിച്ചിരിക്കാനിടയുള്ള ദേഷ്യവും ആശങ്കയും മനസിലാക്കാവുന്നതേയുള്ളൂവെന്ന് ലേഖനത്തിലുണ്ട്. അതേസമയം, പോഷക നദിയില്‍ ചൈന ഡാം നിര്‍മിക്കുന്നതില്‍ ആശങ്കയ്ക്ക് വകയില്ലെന്നും ഷിയാബുക്കു നദിയിലെ വാര്‍ഷിക ജലലഭ്യതയുടെ 0.02 ശതമാനം മാത്രമാണു ജലസംഭരണിയുടെ ശേഷിയെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

ബ്രഹ്മപുത്ര നദിയുടെ പോഷക നദിയായ ഷിയാബുക്കു നദിയിലെ ജലമൊഴുക്ക് തടഞ്ഞ് ഇന്ത്യ-പാക്ക് ജലയുദ്ധത്തില്‍ ചൈനയും കക്ഷി ചേരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button