NewsIndia

ശൈശവ വിവാഹം; നിയമം കർശനമാക്കി കേന്ദ്ര സർക്കാർ

ആര്‍ഷ ഭാരത സംസ്കാരത്തില്‍ ചില അനാചാരങ്ങള്‍ നിലനില്‍ക്കുന്നു. അതില്‍ ഒന്നാണ് ബാലവിവാഹം. പതിനെട്ടു വയസ്സുപോലും ആകാത്ത പെണ്‍കുട്ടികളെ നിര്‍ബന്ധപ്രകാരം വിവാഹം ചെയ്തു വിടുന്ന കാഴ്ച കേരളത്തിന്‍റെ വടക്കന്‍ പ്രദേശങ്ങളിലും ബീഹാര്‍, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും ഇന്നും നടക്കുന്നു. അതിനെതിരെ കച്ചമുറുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ബാലവിവാഹം സംബന്ധിച്ച നിയമങ്ങൾ കേന്ദ്രസർക്കാർ കൂടുതൽ കുറ്റമറ്റതാക്കുന്നു. ബാലവിവാഹങ്ങൾ നടത്തുന്നതും കാർമ്മികത്വം വഹിക്കുന്നതുമുൾപ്പെടെ പങ്കെടുക്കുന്നതു പോലും ശിക്ഷാർഹമായ കുറ്റകൃത്യമായി മാറുന്നു. പിടിക്കപ്പെട്ടാൽ രണ്ടു ലക്ഷം രൂപ പിഴയും ഒരു വർഷം തടവും ലഭിക്കാവുന്ന കുറ്റമാണിത്. ഈ നിയമത്തിന്റെ ഭാഗമായി വിവാഹത്തിനെത്തുന്നവര്‍ക്ക് പുറമെ ക്ഷണക്കത്ത് അച്ചടിക്കുന്ന പ്രസിന്റെ ഉടമ, സംഗീതജ്ഞര്‍, ഗായകര്‍ തുടങ്ങിയവരെല്ലാം ശിക്ഷയുടെ പരിധിയില്‍ വരും.
ചൈൽഡ് മാര്യേജ് പ്രൊഹിബിഷൻ ഓഫീസർക്കായിരുന്നു മുന്‍കാലങ്ങളില്‍ ബാലവിവാഹങ്ങൾക്ക് ഇരയാകുന്ന പെൺകുട്ടികളുടെ സംരക്ഷണച്ചുമതല കൊടുത്തിരുന്നത്. എന്നാല്‍ ഇനി മുതല്‍ ബാല വിവാഹത്തിനു നിർബന്ധിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് രക്ഷിതാക്കളിൽ നിന്നു സംരക്ഷണം ലഭിക്കുന്നില്ലായെങ്കിൽ ആ കുട്ടികളുടെ സംരക്ഷണം ശിശുക്ഷേമസമിതിക്കായിരിക്കും. അങ്ങനെ വരുമ്പോള്‍ പതിനെട്ടു വയസ്സിനു മുൻപേ വിവാഹത്തിനു നിർബന്ധിക്കപ്പെടുന്ന പെൺകുട്ടിക്കു രക്ഷിതാക്കളിൽ നിന്നു സംരക്ഷണം ലഭിക്കുന്നില്ലായെങ്കിൽ, അവരെ ചിൽഡ്രൺസ് ഹോം അടക്കമുള്ള സംരക്ഷണകേന്ദ്രങ്ങളിലേക്ക് അയക്കും.
കേന്ദ്രസർക്കാർ ബാലനീതി നിയമം ഭേദഗതി ചെയ്തത് കഴിഞ്ഞ മാസം 21നാണ്. ഇതു സംബന്ധിച്ച സർക്കാർ വിജ്ഞാപനം ജില്ലാ ശിശുക്ഷേമസമിതി അദ്ധ്യക്ഷന്മാർക്കു നല്‍കുകയും ബംഗളൂരുവിലെ ചൈൽഡ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ഓഫീസിൽ ഇവര്‍ക്ക് രണ്ടു ദിവസം നീണ്ടു നിന്ന പരിശീലനം നല്കുകയും ചെയ്തു.
പുതിയ നിയമം നിലവിൽ വന്നതിനു ശേഷവും സംസ്ഥാനത്ത് ബാലാവിവാഹ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത കേസ് മലപ്പുറം മുത്തേടം പഞ്ചായത്തില്‍ 12 പെണ്‍കുട്ടികളുടെ വിവാഹം നടത്താന്‍ ശ്രമിച്ചത് ആണ്. പ്രായപൂർത്തിയാകാത്ത ഈ 12 പെൺകുട്ടികളുടെ വിവാഹം കഴിഞ്ഞ ദിവസം കോടതിയിടപെട്ടു തടഞ്ഞിരുന്നു. കേരളത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ ബാല വിവാഹങ്ങള്‍ ധാരാളമായി നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നല്ല ബന്ധങ്ങള്‍ കിട്ടില്ല എന്നതും പെണ്‍കുട്ടി ആയാല്‍ പെട്ടന്ന് വിവാഹം കഴിപ്പിച്ചു വിടണം എന്നതുമായ മുടന്തന്‍ ന്യായങ്ങള്‍ മുന്‍നിര്‍ത്തിയും ചില മത സംഘടനകളുടെ ഒത്താശയോടെയും ബാലവിവാഹങ്ങള്‍ നടക്കുന്നു. ഇതിലൂടെ വളരെ ചെറിയ പ്രായത്തില്‍ തന്നെ പ്രാരാബ്ദങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button