
ദമ്മാം● ഭാര്യയുടെ ഗുരുതരമായ അസുഖം സൃഷ്ട്ടിച്ച ജീവിതപ്രതിസന്ധി മൂലം വലഞ്ഞ പ്രവാസി മലയാളി, നവയുഗം സാംസ്കാരികവേദിയുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
പാലക്കാട് ചുങ്കമന്ദം സ്വദേശിയായ ഷെരീഫ് ഹുസ്സൈൻ സൗദി അറേബ്യയിലെ കോബാറിൽ ഒരു ഉയർന്ന സർക്കാർ ഉദ്യോഗസ്ഥന്റെ വീട്ടിൽ ഡ്രൈവറായി ജോലിയ്ക്ക് എത്തിയത് നാലു മാസങ്ങൾക്ക് മുൻപാണ്. നാട്ടിൽ ഓട്ടോറിക്ഷ ഓടിച്ചിരുന്ന ഷെരീഫ്, ബാങ്കിൽ നിന്നും വീട് വയ്ക്കാൻ എടുത്ത ലോൺ പെട്ടെന്ന് അടച്ചു തീർക്കണം എന്ന ഉദ്ദേശത്തോടെയാണ്, സൗദിയിൽ ജോലിയ്ക്ക് എത്തിയത്. ജോലിസ്ഥലത്തെ സാഹചര്യങ്ങൾ മെച്ചമായിരുന്നു. ഭാര്യയും നാലു കുട്ടികളും ഉൾപ്പെടുന്ന തന്റെ കുടുംബത്തിന്റെ നല്ല ഭാവി ഉണ്ടാക്കാൻ പ്രവാസം കൊണ്ട് കഴിയുമെന്ന പ്രതീക്ഷയും ഷെരീഫിന് ഉണ്ടായി.
ജീവിതം നല്ല രീതിയിൽ മുന്നോട്ടു പോകുന്ന സമയത്താണ്, പ്രതീക്ഷകളും, സ്വപ്നങ്ങളും തകർത്തുകൊണ്ട് വിധിയുടെ ക്രൂരത, ഭാര്യ ഷാജിതയുടെ അസുഖത്തിന്റെ രൂപത്തിൽ, ഷെരീഫിനെ തേടിയെത്തിയത്. വയറിൽ വേദനയുടെ രൂപത്തിൽ തുടങ്ങിയ അസുഖം, ഡോക്ടറുടെ നിർദ്ദേശപ്രകാരം യൂട്രസ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ വരെയെത്തിയെങ്കിലും, കുറഞ്ഞില്ല. ഒടുവിൽ കഴിഞ്ഞ രണ്ടു വർഷമായി ഷാജിത ക്യാൻസർ ബാധിതയാണെന്നും, രോഗം ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടർന്ന് അവസാനസ്റ്റേജിൽ എത്തി എന്നും ഡോക്റ്റർമാർ കണ്ടെത്തി. ഭാരിച്ച തുക ചിലവ് വരുന്ന ശസ്ത്രക്രിയയല്ലാതെ മറ്റു മാർഗ്ഗമൊന്നുമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ദിവസങ്ങളോളം ആശുപത്രിയിൽ ഷാജിത കഴിയേണ്ടി വന്നപ്പോൾ, കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി. ശമ്പളം കിട്ടിയതും, കൂട്ടുകാരിൽ നിന്നും കടം വാങ്ങിയതും ഒക്കെയായി സ്വരൂപിച്ചു, ചികിത്സയ്ക്കുള്ള പണം ഷെരീഫ് കുറേശ്ശേയായി അയച്ചു കൊടുത്തിരുന്നെങ്കിലും, ഭാര്യയുടെ ചികിത്സയ്ക്കും, കുടുംബത്തിന്റെ സഹായത്തിനും, നാട്ടിലേയ്ക്ക് മടങ്ങണമെന്ന് കുടുംബാംഗങ്ങൾ ഷെരീഫിനോട് ആവശ്യപ്പെട്ടു.
എന്നാൽ സ്പോൺസറോട് എല്ലാ വിവരങ്ങളും പറഞ്ഞു എക്സിറ്റ് നൽകി നാട്ടിലേയ്ക്ക് വിടണമെന്ന് അഭ്യർത്ഥിച്ചപ്പോൾ, വൻതുക നഷ്ടപരിഹാരം തന്നാലേ വിടൂ എന്ന കടുത്ത നിലപാടാണ് സ്പോൺസർ സ്വീകരിച്ചത്. അത്രയും തുക നൽകാനുള്ള ശേഷി ഇല്ലാതിരുന്ന ഷെരീഫ് എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോഴാണ്, അയൽവീട്ടിലെ മലയാളി ഡ്രൈവർ, നവയുഗം സാംസ്കാരികവേദി തുഗ്ബ യൂണിറ്റ് പ്രസിഡന്റ് പ്രഭാകരന്റെ ഫോൺ നമ്പർ നൽകി ബന്ധപ്പെടാൻ നിർദ്ദേശിച്ചത്. ഷെരീഫിന്റെ അവസ്ഥ മനസ്സിലാക്കിയ പ്രഭാകരൻ, നാട്ടിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ടുകൾ ഹാജരാക്കി സ്പോൺസറോട് സംസാരിച്ചെങ്കിലും, സ്പോൺസർ വഴങ്ങിയില്ല എന്നുമാത്രമല്ല ഷെരീഫിനെ ഹുറൂബാക്കും എന്ന ഭീക്ഷണിയും മുഴക്കി.
പ്രഭാകരൻ വിഷയം നവയുഗം സാംസ്കാരികവേദി ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകത്തെ അറിയിച്ചു. ഷാജി മതിലകത്തിന്റെ നിർദ്ദേശപ്രകാരം ഷെരീഫ് ലേബർ ഓഫീസിൽ പരാതി നൽകി. എന്നാൽ ലേബർ ഓഫീസറുമായി നടന്ന ചർച്ചയിൽ, എക്സിറ്റ് നൽകണമെങ്കിൽ വൻതുക നഷ്ടപരിഹാരം നൽകണമെന്ന തന്റെ ആവശ്യത്തിൽ സ്പോൺസർ ഉറച്ചു നിന്നു.
തുടർന്ന് ഷാജി മതിലകം നേരിട്ടെത്തി ലേബർ ഓഫീസറുമായി സംസാരിച്ചു. ലേബർ ഓഫീസറുടെ സഹായത്തോടെ സ്പോൺസറുമായി ഷാജി മതിലകം നടത്തിയ ചർച്ചയ്ക്ക് ഒടുവിൽ, നഷ്ടപരിഹാരത്തുകയിൽ ഇളവ് നൽകാൻ സ്പോൺസർ തയ്യാറായി.
പെട്ടെന്ന് തന്നെ നിയമനടപടികൾ പൂർത്തിയാക്കി, സ്പോൺസർ നൽകിയ പാസ്സ്പോർട്ടും എക്സിറ്റ് പേപ്പറുകളും ഷാജി മതിലകം, ഷെരീഫിന് കൈമാറി. തന്റെ വിഷയത്തിൽ ഇത്രപെട്ടെന്ന് പരിഹാരം കാണാൻ സഹായിച്ച ഷാജി മതിലകത്തോടും പ്രഭാകരനോടും നവയുഗത്തോടും നിറഞ്ഞ കണ്ണുകളോടെ നന്ദി പറഞ്ഞ ഷെരീഫ്, ഒമാൻ എയര് വിമാനത്തിലാണ് നാട്ടിലേയ്ക്ക് മടങ്ങിയത്.
Post Your Comments