യുഎഇയിൽ 2 വർഷമാണ് ഇപ്പോഴത്തെ തൊഴിൽവിസയുടെ കാലാവധി. മുൻപ് 3 വർഷമായിരുന്നു. ഒരുവ്യക്തി ഒരു സ്ഥാപനത്തിൽ, അതായത് ഒരുസ്പോൺസറുടെ കീഴിൽ 2 വർഷം പൂർത്തിയാക്കിയാൽ അവർക്ക് മറ്റൊരു സ്ഥാപനത്തിലേക്ക് മാറാം. എല്ലാ കാറ്റഗറിക്കാർക്കും ഈ ആനുകൂല്യം ലഭ്യമാണ്. എന്നാൽ ലേബർ കാർഡിലെ എക്സ്പയറി ഡേറ്റ് കഴിഞ്ഞിരിക്കണം. അതിനു ഒരു മണിക്കൂർ മുൻപ് പോലും ലേബർ കാർഡ് ക്യാൻസൽ ചെയ്യാൻ പാടില്ല . രണ്ടു വർഷം കഴിയുന്നതിനു മുൻപാണ് ജോലി മാറുന്നതെങ്കിൽ (പിരിച്ചു വിട്ടാലും രാജിവെച്ചുപോയാലും) ലേബർ ബാൻ ( LABOUR BAN ) ഉണ്ടായിരിക്കും. 6 മാസത്തേക്ക് ആ വ്യക്തിക്ക് വേറെ തൊഴിൽവിസ കിട്ടില്ല. എന്നാൽ ആ വ്യക്തിക്ക് യുഎഇയിലേക്ക് വീണ്ടും വിസിറ്റിങ് വിസയിൽ വരാൻ സാധിക്കും .പക്ഷേ പുതിയ തൊഴിൽ വിസ 6മാസം കഴിഞ്ഞേ ലഭിക്കൂ.
അതേസമയം സെയിൽസ് എക്സിക്യൂട്ടിവ് മുതൽ മേലോട്ടുള്ള ഉയർന്ന കാറ്റഗറിയിൽ ഉള്ളവർക്ക് ഈ ലേബർ ബാൻ ഒഴിവാക്കാൻകഴിയും. അതിനു വേണ്ട കാര്യങ്ങൾ നോക്കാം
SSLC സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ചുരുങ്ങിയത് 5,000/-ദിർഹം സാലറി ഉണ്ടായിരിക്കണം. ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് 7,000/- ദിർഹം സാലറി ഉണ്ടായിരിക്കണം. ഡിഗ്രി സർട്ടിഫിക്കറ്റ് ഉള്ളവർക്ക് 12,000/- ദിർഹം സാലറി ഉണ്ടായിരിക്കണം.ഈ സർട്ടിഫിക്കറ്റുകൾ ഇന്ത്യൻ എംബസ്സിയിൽ അറ്റസ്റ്റ് ചെയ്യേണ്ടതാണ്.കൂടാതെ ഗവൺമെന്റ്, സെമി ഗവൺമെന്റ് ,ഫ്രീസോൺ കമ്പനികളിൽ ജോലി ലഭിക്കുന്നവർക്കും ലേബർ ബാൻ ഒഴിവാക്കാൻ കഴിയും.
ഒരു തൊഴിലാളിക്ക് 2-3 മാസങ്ങളായി സാലറി ലഭിക്കുന്നില്ലെങ്കിൽ, ആ കാരണം മൂലം മറ്റൊരു ജോലി അന്വേഷിക്കേണ്ട സാഹചര്യം ഉണ്ടായാൽ നേരെ ലേബർഡിപ്പാർട്ട്മെന്റിൽ പോയി പരാതി നൽകണം .അപ്പോൾ അവിടെനിന്നും ലേബർ ബാൻ ഇല്ലാതെ വേറെ സ്ഥാപനത്തിൽ ജോലിക്ക് പോകാനുള്ള അനുവാദംകിട്ടുന്നതായിരിക്കും. ലേബർ ഡിപ്പാർട്ട്മെന്റിൽ ഇത്തരം പരാതികൾ കേൾക്കാനായി ഒരു ലീഗൽ അഡ്വൈസർ തന്നെയുണ്ട്.
പ്രൊബേഷനറി പിരീഡിൽ ആണെങ്കിലും ഒരാൾ പിരിഞ്ഞു പോകുകയാണെങ്കിലും ലേബർ ബാൻ ഉണ്ടായിരിക്കും. ഒരു വിസയിൽ യുഎഇയിൽ വന്നിട്ട് സാങ്കേതിക കാരണങ്ങളാൽ
വിസ സ്റ്റാമ്പ് ചെയ്യാതെ തിരിച്ചു പോകുകയാണെങ്കിലും 6 മാസത്തേക്ക് ലേബർ ബാൻ
ഉണ്ടായിരിക്കും. യുഎഇയിൽ നിന്ന് നാട്ടിലേക്ക് ലീവിന് പോയിട്ട് 6 മാസത്തിനുള്ളിൽ തിരിച്ചു വന്നില്ലെങ്കിൽ അയാളുടെ വിസ ക്യാൻസൽ ആവും.പിന്നീട് അയാൾക്ക് യുഎഇയിൽ ഇറങ്ങാൻ കഴിയില്ല. യുഎഇയിൽ നിന്നും ആ വ്യക്തിക്ക് വേറെ വിസ കിട്ടണമെങ്കിൽ ആ വ്യക്തിയുടെ പേര് യുഎഇ ഇമിഗ്രേഷനിൽ നിന്നും എടുത്തു കളയണം. സാധാരണ ഒരാളുടെ വിസ ക്യാൻസൽ ചെയ്യുമ്പോൾ, സ്ഥാപനത്തിന്റെ P.R.O. ക്യാൻസൽ ചെയ്യപ്പെടുന്ന വ്യക്തിയുടെ ഒറിജിനൽ പാസ്പോർട്ട് സമർപ്പിച്ചാൽ മാത്രമേ ആ വ്യക്തിയുടെ പേര് ഇമിഗ്രേഷനിൽ നിന്നും എടുത്തു മാറ്റാൻ കഴിയൂ. ഇനി, നാട്ടിൽ നിന്നും തിരിച്ചു വരാതെ യുഎഇ ഇമിഗ്രേഷനിൽ നിന്നും പേര് എടുത്തു കളയണമെങ്കിൽ രണ്ടു മാർഗമുണ്ട്.
നാട്ടിൽ പോയ വ്യക്തിയുടെ ഒറിജിനൽ പാസ്പോർട്ട് യുഎഇ യിലെ സ്ഥാപനത്തിലേക്ക് എത്തിച്ചു
കൊടുക്കുക. പിന്നീട് സ്ഥാപനത്തിന്റെ P.R.O. ഇമിഗ്രേഷനിൽ നിന്നും വേണ്ട നടപടികൾ
ചെയ്തുകൊള്ളും.എന്നാൽ കൊറിയർ മുഖേനയോ മറ്റൊരു വ്യക്തിയുടെ കൈവശമോ ഒറിജിനൽ പാസ്പോർട്ട്അയക്കുന്നത് വളരെ റിസ്ക് ആണ് . അതുപോലെത്തന്നെ ഒരാളുടെ പാസ്പോർട്ട്മറ്റൊരാൾ കൊണ്ടുപോകുന്നതും നിയമപരമായി പ്രശ്നമാണ്.
ഇല്ലെങ്കിൽ ഇന്ത്യയിൽ ഡൽഹിയിൽ ഉള്ള യുഎഇ എംബസിയിൽ ഒറിജിനൽ പാസ്പോർട്ട് സഹിതം അപേക്ഷസമർപ്പിക്കണം . യുഎഇ എംബസി ആ അപേക്ഷ യുഎഇയിലെ ഇന്ത്യൻ എംബസിയിലേക്ക് റെഫർചെയ്യും. ഇന്ത്യൻ എംബസി ആ വ്യക്തി ജോലിചെയ്തിരുന്ന സ്ഥാപനത്തിലേക്ക് വിളിച്ച് ആ വ്യക്തി എന്തുകൊണ്ടാണ് തിരിച്ചു വരാത്തതെന്നും സ്ഥാപനവുമായി വേറെ എന്തെങ്കിലും സാമ്പത്തിക തിരിമറികളോ മറ്റോ ഉണ്ടോ എന്നും അന്വേഷിക്കും.
ആ സ്ഥാപനത്തിൽ നിന്ന് കിട്ടുന്ന മറുപടിക്ക് അനുസരിച്ചായിരിക്കും തുടർന്നുള്ള നടപടി. സ്ഥാപനം ആ വ്യക്തിയുടെ പേരിൽ എന്തെങ്കിലും ഗുരുതരമായ ആരോപണം ഉന്നയിക്കുകയാണെങ്കിൽ തീർച്ചയായും അതിനു തെളിവും കൊടുക്കണം. ക്രിമിനൽ കുറ്റം വല്ലതും ചെയ്തിട്ടോ ബാങ്കിൽ നിന്ന് ലോണ് എടുത്ത് തിരിച്ചടക്കാതെയോ മറ്റോ ആണ് യുഎഇ യിൽ നിന്ന് ആ വ്യക്തി മുങ്ങിയിട്ടുള്ളതെങ്കിൽ പിന്നീട് യുഎഇ – യിലേക്ക് മാത്രമല്ല മറ്റൊരു രാജ്യത്തേക്കും, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലേക്ക് പോ കാൻ കഴിയില്ല. എല്ലാ ഗൾഫ് രാജ്യങ്ങളിലേയും എയർപോർട്ടുകളിൽ ഇത്തരത്തിലുള്ളവരുടെ വിവരങ്ങൾ ഉണ്ടായിരിക്കും. ഇമിഗ്രേഷൻ വിഭാഗത്തിലെ കമ്പ്യൂട്ടറിൽ അയാളുടെ പേര് ബ്ലാക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ടാവും.
വിസ ക്യാൻസൽ ചെയ്യുന്നതിന് മുൻപായി നിങ്ങൾക്ക് കിട്ടാനുള്ള എല്ലാ ആനുകൂല്യങ്ങളും കൈയ്യിൽ കിട്ടിയതിനു ശേഷമേ ക്യാൻസലേഷൻ ഫോമിൽ ഒപ്പിട്ടു കൊടുക്കാവൂ. ഒരിക്കൽ ഒപ്പിട്ടു കഴിഞ്ഞാൽ പിന്നീട് നിങ്ങൾക്ക് അത് കിട്ടിയില്ലെങ്കിൽ നിയമപരമായി പിന്നെ ഒന്നും ചെയ്യാൻകഴിയില്ല. അതുകൊണ്ട് ഇക്കാര്യം ശ്രദ്ധിക്കുക.
Post Your Comments