ന്യൂഡല്‍ഹി● ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് കഴിച്ചുവെന്നാരോപിച്ച് മൊഹമ്മദ് അഖ്ലാഖ് എന്നയളെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിലൊരാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു. പ്രതികളിലൊരാളായ രവി (22) എന്ന റോബിന്‍ ആണ് മരിച്ചത്. കിഡ്നി, ശ്വാസകോശ തകരാറിനെത്തുടര്‍ന്ന് ഇയാളെ ഉടന്‍തന്നെ നോയ്ഡയിലെ ലോക്നായക് ജയ്‌പ്രകാശ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഗൗതം ബുദ്ധനഗര്‍ ജില്ലാ ജയിലിലാണ് രവിയെ പാര്‍പ്പിച്ചിരുന്നത്. ഇയാള്‍ക്ക് ഡെങ്കിപ്പനിയും ഉണ്ടായിരുന്നതായി സംശയമുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നാലെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂവെന്നും അവര്‍ പറഞ്ഞു. ഇയാള്‍ക്ക് ഡെങ്കു, ചിക്കന്‍ഗുനിയ പരിശോധനകള്‍ നടത്തിയിരുന്നു. ഇതിന്റെ പരിശോധന ഫലം ബുധനാഴ്ച മാത്രമേ ലഭിക്കൂ.
അതേസമയം, മരണത്തില്‍ ദുരൂഹത ആരോപിച്ച് രവിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. രവിയെ കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കിയതായി ഇവര്‍ ആരോപിക്കുന്നു. മരണത്തിന് ഉത്തരവാദി രവി കഴിഞ്ഞിരുന്ന ജയിലിലെ ഉദ്യോഗസ്ഥരാണെന്നും അവര്‍ ആരോപിച്ചു.
ദാദ്രി കൊലപാതക കേസിലെ 19 പ്രതികളില്‍ ഒരാളാണ് രവി. കഴിഞ്ഞ വര്‍ഷമാണ് ഒരു സംഘം ആളുകള്‍ മുഹമ്മദ് അഖ്‌ലഖ് എന്ന 51 കാരനെ കൊലപ്പെടുത്തുന്നത്. സംഭവം ദേശീയ തലത്തില്‍ വിവാദമായതോടെ പൊലീസ് കസ്റ്റഡിയിലെടുത്ത രവിയും കൂട്ടരും ഒരു വര്‍ഷമായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
Post Your Comments