അമൃത്‌സര്‍: പഞ്ചാബിലെ വാഗ അന്താരാഷ്ട്ര അതിർത്തിയിൽ ഇന്ത്യൻ സന്ദർശക ഗാലറിക്ക് നേരെ പാകിസ്ഥാൻ സന്ദർശകർ കല്ലേറ് നടത്തി. കാശ്മീരികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടായിരുന്നു കല്ലേറ്. ബി.എസ്.എഫ് വൃത്തങ്ങൾ കല്ലേറ് നടന്നതായുള്ള വിവരം സ്ഥിരീകരിച്ചു. പാക് സന്ദർശകർ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്നുണ്ടെന്നും ബി.എസ്.എഫ് ഉദ്യോഗസ്ഥർ പറയുന്നു. പാകിസ്ഥാൻ റേഞ്ചേഴ്സുമായുള്ള ഫ്ലാഗ് മീറ്റിംഗിന് ശേഷം ബി.എസ്.എഫ് ഇത് സംബന്ധിച്ച് പ്രതിഷേധം അറിയിക്കുകയും ചെയ്തു.
പാക് റേഞ്ചേഴ്സ് ഉദ്യോഗസ്ഥർ സംഭവം അന്വേഷിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. പക്ഷെ ആ ഉറപ്പിൽ അത്ര വിശ്വാസമില്ല. റേഞ്ചേഴ്സ് ഉദ്യോഗസ്ഥർ തന്നെയാണ് പാക് സന്ദർശകരെ അക്രമത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് സംശയം.
അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ ദൂരപരിധിയിലുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചതിന് ശേഷം സന്ദർശകരെ അതിർത്തിയിലെ പതിവ് സൈനിക ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുന്നതിൽ നിന്ന് ബി.എസ്.എഫ് വിലക്കിയിരുന്നു. എന്നാൽ ഇന്ന് കുറച്ച് പേർക്ക് അനുവാദം നൽകിയിരുന്നു.
ഇന്ത്യൻ സൈന്യം മിന്നലാക്രമണം നടത്തിയതിന് ശേഷമാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ചത്.
Post Your Comments