ഹൈദരാബാദ്: രോഗിയായ മകളെ ആശുപത്രിയിലെത്തിക്കാൻ പങ്കി സതിബാബു എന്ന 30 കാരനു കുത്തിയൊഴുകുന്ന നദി മുറിച്ച് കടക്കേണ്ടി വന്നു. ആന്ധ്രപ്രദേശിലെ കുടുമുസാരെയിലാണ് സംഭവം.
ആന്ധ്രയില്‍ ശക്തമായ മഴയെത്തുടര്‍ന്ന് കുത്തിയൊഴുകുന്ന നദിയിലൂടെയായിരുന്നു മകളെ തലയിലേന്തി സതിബാബുവിന്റെ നടത്തം. രണ്ട് മണിക്കൂറെടുത്താണ് ഇദ്ദേഹം നദിക്ക് കുറുകെ എത്തിയത്.
കടുത്ത പനിയെത്തുടര്‍ന്ന് ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ നില വഷളായതോടെയാണ് സതിബാബു ഈ സാഹസത്തിനു മുതിർന്നത്. വാഹനങ്ങള്‍ക്ക് ശ്രമിച്ചു നോക്കിയെങ്കിലും നാല് ഭാഗത്തും വെള്ളമായതിനാല്‍ ഒരു വാഹനവും സഹായത്തിനെത്തിയില്ല. നദിയില്‍ കുത്തൊഴുക്ക് രൂക്ഷമായതിനാല്‍ വള്ളത്തിനുള്ള സൗകര്യവും ലഭിച്ചില്ല. തുടര്‍ന്ന് കുഞ്ഞിനെ തലയില്‍ ചുമന്ന് നടക്കാന്‍ സതിബാബു തീരുമാനിക്കുകയായിരുന്നു. താമസ സ്ഥലത്തു നിന്നും മൂന്ന് മൈല്‍ അകലെ ചിന്റപ്പള്ളിയിലുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററിലാണ് കുഞ്ഞുമായി സതിബാബു എത്തിയത്. കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
Post Your Comments