Uncategorized

യൂത്ത് കോണ്‍ഗ്രസ് സമരത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി പിണറായി

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സമരത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാശ്രയ കരാറില്‍ സര്‍ക്കാരിന് അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫീസിനുമേല്‍ ഒരു പൈസപോലും അധികം വാങ്ങാന്‍ കഴിയില്ല. സീറ്റുകള്‍ വര്‍ധിച്ചു, മെറിറ്റ് ഉറപ്പാക്കാന്‍ കഴിഞ്ഞു. പല പേരുകളില്‍ കോഴ വാങ്ങാനുള്ള അവസരം സര്‍ക്കാര്‍ ഇല്ലാതാക്കി. ഈ മാറ്റത്തില്‍ അസ്വസ്ഥതയുള്ളവര്‍ കേരളത്തിലുണ്ട്. യൂത്ത് കോണ്‍ഗ്രസ് ആരംഭിച്ച സമരം ഈ അസ്വസ്ഥതയുള്ളവര്‍ക്കുവേണ്ടിയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ആരോപിച്ചു.

മുന്‍പ് കാശുവാങ്ങി തോന്നിയതുപോലെ പ്രവേശിക്കപ്പെടുന്ന രീതിയാണ് മാറിയത്. ഇതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ എന്തുകൊണ്ട് അസ്വസ്ഥത പ്രകടിപ്പിക്കുന്നു? 20% സീറ്റുകളിലാണ് കഴിഞ്ഞ വര്‍ഷത്തെ അതേനിരക്കില്‍ പഠിക്കാന്‍ കഴിയുന്നത്. ഈ ഫീസിന്റെ തുകയില്‍ വര്‍ധനവുണ്ടായിട്ടില്ല. കൂടുതല്‍ കുട്ടികള്‍ക്ക് കുറഞ്ഞ ഫീസിന്റെ ആനുകൂല്യം ലഭിക്കുന്നതിനെ യുഡിഎഫ് എതിര്‍ക്കുന്നത് എന്തിന്? അംഗീകരിച്ച കരാറില്‍നിന്ന് ഏതെങ്കിലും മാനേജ്‌മെന്റുകള്‍ മാറിയാല്‍ കര്‍ശന നടപടി സ്വീകരിക്കും. യൂത്ത് കോണ്‍ഗ്രസ് മാനേജ്‌മെന്റുകള്‍ക്കുവേണ്ടിയാണ് സമരം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴ വാങ്ങാന്‍ കോളജുകള്‍ക്ക് യുഡിഎഫ് ഒത്താശ ചെയ്തു കൊടുത്തെന്നും കോഴ വാങ്ങല്‍ അവസാനിച്ചതില്‍ അസ്വസ്ഥരായവര്‍ക്കുവേണ്ടിയാണ് സമരമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ താല്‍പ്പര്യമാണ് സംരക്ഷിക്കപ്പെടേണ്ടത്. പണത്തിന്റെ ബലത്തില്‍ പ്രവേശനം കിട്ടുന്ന സ്ഥിതി ഒഴിവാക്കി. കുറഞ്ഞ ഫീസില്‍ കൂടുതല്‍ കുട്ടികള്‍ക്കു പഠിക്കാനാകും. 350 കോടി രൂപയുടെ മെഡിക്കല്‍ സീറ്റ് വില്‍പ്പനയാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയത്. യുഡിഎഫ് കാലത്ത് കോഴ വാങ്ങിയവര്‍ക്കു സംരക്ഷണം ലഭിച്ചിരുന്നു. ഇരുപതോളം സ്വാശ്രയ മെഡിക്കല്‍ കോളജ് മാനേജ്‌മെന്റുകള്‍ സര്‍ക്കാരുമായി കരാര്‍ ഒപ്പിടാന്‍ തയാറായിട്ടുണ്ട്. ഇത് യുഡിഎഫിന്റെ കാലത്ത് കഴിയാതിരുന്നതാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കു കുറഞ്ഞ സര്‍ക്കാര്‍ ഫീസില്‍ (25,000 രൂപ) പഠിക്കാന്‍ നിരവധി കോളജുകളില്‍ അവസരമുണ്ടായി. സാധാരണക്കാരുടെ ഫീസ് എട്ടു ലക്ഷത്തില്‍നിന്ന് രണ്ടര ലക്ഷമാക്കി കുറയ്ക്കാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button