കൊളംബിയന്‍ റെവലൂഷ്യണറി സായുധസേന (റെവലൂഷ്യണറി ആംഡ് ഫോഴ്സസ് ഓഫ് കൊളംബിയ, സ്പാനിഷില്‍ ഫ്യുവെഴ്സാസ് അര്മാഡാസ് റെവൊലൂസ്യൊനാറിയാസ് ദെ കൊളംബിയ – ഫാര്‍ക്) എന്ന പേരില്‍ കുപ്രസിദ്ധിആര്ജ്ജിച്ച കൊളംബിയന്‍ ഇടതുപക്ഷ ഗറില്ലാസേനയും ഗവണ്മെന്റുമായി 52-വര്‍ഷം നീണ്ടുനിന്ന, ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കിയ അഭ്യന്തരയുദ്ധത്തിന് ഇന്ന് ഔദ്യോഗികമായി വിരാമമായി.
വിമതസേനയുടെ നേതാവ് ടിമോചെങ്കോ എന്നറിയപ്പെടുന്ന ടിമോലിയോണ് ഹിമനെസ് സമാധാനഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നതിന് മുന്നോടിയായി “യുദ്ധത്തിന്റെ ഇരകളായ” എല്ലാവരോടും നിരുപാധികം മാപ്പപേക്ഷിച്ചു.
സമാധാനത്തിന്റെ പ്രതീകമായി വെള്ളവസ്ത്രം ധരിച്ചെത്തിയ അതിഥികള്‍ സന്നിഹിതരായ കാര്‍ത്തജേനയിലെ വേദിയില്‍ വച്ചാണ് സമാധാനകാരാറില് ഹിമനെസും കൊളംബിയന്‍ പ്രസിഡന്റ് ഹുവാന്‍ മാനുവല്‍ സാന്റോസും ഒപ്പുവച്ചത്.
യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി-മൂണ്‍, ക്യൂബന്‍ പ്രസിഡന്റ് റൌള്‍ കാസ്ട്രോ അടക്കമുള്ള പ്രമുഖ ലാറ്റിനമേരിക്കന്‍ നേതാക്കള്‍, യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ കെറി എന്നിവര്‍ സന്നിഹിതരായ ചടങ്ങിലാണ് ഈ ചരിത്രപരമായ സമാധാനക്കരാര്‍ നിലവില്‍ വന്നത്.
ശീതയുദ്ധകാലത്ത് തുടങ്ങിയ ഈ അഭ്യന്തരസംഘര്ഷത്തില് നാളിതുവരെ 260,000 ആളുകള്‍ കൊല്ലപ്പെടുകയും, 6-മില്ല്യണ്‍ ആളുകള്‍ പലായനം ചെയ്യേണ്ടിയും വന്നിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സായുധസേനയായി 1964-ല്‍ ആരംഭിച്ച ഫാര്‍ക് ഇനി സമാധാനപരമായ രാഷ്ട്രീയവഴിയിലാകും സഞ്ചരിക്കുക എന്ന് ടിമോചെങ്കോ പറഞ്ഞു.
തോക്കിലെ ബുള്ളറ്റ് കൊണ്ട് നിര്‍മ്മിച്ച പേന കൊണ്ടാണ് ടിമോചെങ്കോയും, സാന്റോസും കരാറില്‍ ഒപ്പിട്ടത്.
സമാധാനപാത സ്വീകരിച്ച കൊളംബിയയ്ക്ക് കാര്‍ത്തജേനയിലെ വേദിയില്‍ വച്ച് 390-മില്ല്യണ്‍ ഡോളറിന്റെ ധനസഹായം ജോണ്‍ കെറി പ്രഖ്യാപിച്ചു. ഭീകരസംഘടനകളുടെ പട്ടികയില്‍ നിന്നും ഫാര്‍കിനെ ഒഴിവാക്കുന്ന കാര്യം പരിഗണിക്കാമെന്ന ഉറപ്പും ജോണ്‍ കെറി നല്കി. മറ്റൊരു പുരോഗതിയില്‍, കരാര്‍ ഒപ്പിട്ട് മണിക്കൂറുകള്‍ക്കകം യൂറോപ്യന്‍ യൂണിയന് ഫാര്‍കിനെ ഭീകരസംഘടനകളുടെ പട്ടികയില്‍ നിന്നും നീക്കി.
ഒക്ടോബര്‍ 2-ന് കരാര്‍ കൊളംബിയന്‍ പൗരന്മാരുടെ വോട്ടെടുപ്പിന് വിധേയമാകും. കരാറിന് അനുകൂലമായ ജനവിധി ഉണ്ടാകും എന്ന് ഏകദേശം ഉറപ്പായ സാഹചര്യത്തില്‍ 180-ദിവസങ്ങള്‍ക്കകം ഫാര്‍ക് വിമതസേനാംഗങ്ങള്‍ യുഎന്നിന് തങ്ങളുടെ ആയുധങ്ങള്‍ കൈമാറണം.
Post Your Comments