കാലാവസ്ഥാ-സമുദ്ര പഠനങ്ങള്‍ക്കുള്ള ഉപഗ്രഹമായ സ്കാറ്റ്സാറ്റ്-1-ഉം വഹിച്ചുകൊണ്ടുള്ള പി.എസ്.എല്‍.വിയുടെ ഏറ്റവും സമയദൈര്‍ഘ്യമേറിയ ദൗത്യം ഇന്ന്‍ 9:12-ന് ഐ.എസ്.ആര്‍.ഒ നിര്‍വഹിക്കും. ആന്ധ്രാപ്രദേഷിലെ ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള വിക്ഷേപണതറയില്‍ നിന്നാകും 8 ഉപഗ്രഹങ്ങളെ വഹിച്ചുകൊണ്ട് 320-ടണ്‍ ഭാരമുള്ള റോക്കറ്റ് കുതിച്ചുയരുക. 2-മണിക്കൂര്‍ 15-മിനിറ്റ് നീണ്ടുനില്‍ക്കുന്ന ഈ ദൗത്യം ഐ.എസ്.ആര്‍.ഓയുടെ ഏറ്റവും സമയദൈര്‍ഘ്യമേറിയ ദൗത്യമാണ്.
730-കിലോമീറ്റര്‍ ഉയരത്തിലുള്ള പോളാര്‍ സണ്‍ സിങ്ക്രനസ് ഓര്‍ബിറ്റില്‍ ആയിരിക്കും സ്കാറ്റ്സാറ്റ്-1-നെ വിക്ഷേപിച്ച് 17-മിനിറ്റുകള്‍ക്ക് ശേഷം എത്തിക്കുക. 371-കിലോഗ്രാമാണ് സ്കാറ്റ്സാറ്റ്-1-ന്‍റെ ഭാരം.
കാലാവസ്ഥാ പ്രവചനം, ചുഴലിക്കാറ്റ് സാധ്യത മനസിലാക്കല്‍, തിരച്ചില്‍ ദൗത്യങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്ന ഓഷ്യന്‍സാറ്റ്-2 സ്കാറ്റെറോമീറ്ററിന്‍റെ തുടര്‍ദൗത്യമായാണ് സ്കാറ്റ്സാറ്റ്-1 വിക്ഷേപിക്കുന്നതെന്ന് ഐ.എസ്.ആര്‍.ഒ പ്രസ്താവനയില്‍ അറിയിച്ചു.
അഞ്ച് വിദേശ ഉപഗ്രഹങ്ങളും, മൂന്ന്‍ ഇന്ത്യന്‍ ഉപഗ്രഹങ്ങളും ഈ ദൗത്യത്തിന്‍റെ ഭാഗമാണ്. അള്‍ജീരിയയില്‍ നിന്നാണ് മൂന്ന്‍ ഉപഗ്രഹങ്ങള്‍ (അല്‍സാറ്റ്-1ബി (103-കി.ഗ്രാം), അല്‍സാറ്റ്-2ബി (117-കി.ഗ്രാം), അല്‍സാറ്റ്-1എന്‍ (7-കി.ഗ്രാം)) ഉള്ളത്. കാനഡയുടെ എന്‍എല്‍എസ്-19 (8-കി.ഗ്രാം) ഉപഗ്രഹവും അമേരിക്കയുടെ പാത്ത്ഫൈന്‍ഡര്‍ (44-കി.ഗ്രാം) ഉപഗ്രഹവും ആണ് മറ്റ് രണ്ട് വിദേശ ഉപഗ്രഹങ്ങള്‍. ഇന്ത്യയുടെ മറ്റ് രണ്ട് ഉപഗ്രഹങ്ങള്‍ ഐഐടി ബോംബെ നിര്‍മ്മിച്ച പ്രഥം (10 കി.ഗ്രാം), പിഇഎസ് യൂണിവേഴ്സിറ്റി, ബംഗളുരു നിര്‍മ്മിച്ച പിസാറ്റ് (5.25 കി.ഗ്രാം) എന്നിവയാണ്.
ഈ 8 ഉപഗ്രഹങ്ങളും 689-കിലോമീറ്റര്‍ ഓര്‍ബിറ്റില്‍ ആകും എത്തിക്കുക. ഇതാദ്യമായാണ് ഐ.എസ്.ആര്‍.ഒ രണ്ട് വ്യത്യസ്ത ഓര്‍ബിറ്റുകളില്‍ ഉപഗ്രഹങ്ങളെ എത്തിക്കുന്ന ദൗത്യം ഏറ്റെടുത്ത് നടത്തുന്നത്. മള്‍ട്ടിപ്പിള്‍ ബേണ്‍ ടെക്നോളജി സങ്കേതമാണ് ഇതിനായി ഐ.എസ്.ആര്‍.ഒ ഉപയോഗിക്കുക.
Post Your Comments