NewsInternationalGulf

സൗദിയിൽ കുപ്രസിദ്ധ വാഹനാഭ്യാസിക്ക് ദാരുണമായ അന്ത്യം

ജിദ്ദ: സൗദി ദേശീയ ദിനമായ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. റിയാദില്‍ വാഹനാഭ്യാസ പ്രകടനം നടത്തുന്നതിനിടെയായിരുന്നു കിംഗ്അല്‍ നസീം എന്ന പേരില്‍ അറിയപ്പെടുന്ന സൗദി വാഹനാഭ്യാസി യുവാവ് മരണപ്പെട്ടത്. കിംഗ്അല്‍നസീം എന്ന പേരില്‍ അറിയപ്പെടുന്ന രാജ്യത്തെ ഏറ്റവും കുപ്രസിദ്ധനായ വാഹനാഭ്യാസിയാണ് മരണത്തിന് കീഴടങ്ങിയത്.

നേരത്തെ അഭ്യാസപ്രകടനത്തിനിടെ അപകടത്തില്‍പ്പെട്ട് സഹയാത്രികനായിരുന്ന സുഹൃത്ത് മരണപ്പെട്ട കേസില്‍ കിഗ്അല്‍നസീമിന് തടവും ചാട്ടയടിയും ഉള്‍പ്പെടെയുള്ള ശിക്ഷയും ലഭിച്ചിരുന്നു. വാഹനം ഓടിക്കുന്നതിനു ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.

ജയിലില്‍വെച്ച് ഇദ്ദേഹം പശ്ചാത്തപിക്കുകയും മേലില്‍ വാഹനാഭ്യാസം നടത്തുകയില്ലെന്നു പ്രതിജ്ഞയെടുക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ജയില്‍ മോചിതനായ ഈ സൗദി യുവാവ് വീണ്ടും വാഹനാഭ്യാസപ്രകടനങ്ങളില്‍ മുഴുകി. വാഹനാഭ്യാസികള്‍ക്ക് തടവും പിഴയും ഉള്‍പ്പെടെ കടുത്ത ശിക്ഷ നല്‍കുമെന്ന് കഴിഞ്ഞ മാസം സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ നിയമപ്രകാരം പിടിക്കപ്പെടുന്നവര്‍ക്ക് ആദ്യത്തെ തവണ ഇരുപതിനായിരം റിയാല്‍ പിഴ ചുമത്തുകയും വാഹനം പതിനഞ്ചു ദിവസത്തേക്ക് പിടിച്ചിടുകയും ചെയ്യും. രണ്ടാമത്തെ തവണ പിഴ നാല്‍പതിനായിരം റിയാലായി വര്‍ധിക്കുകയും കേസ് കോടതിക്ക് കൈമാറുകയും ചെയ്യും. മൂന്നാമത്തെ തവണ പിടിക്കപ്പെട്ടാല്‍ അറുപതിനായിരം റിയാല്‍ പിഴ ചുമത്തുകയും വാഹനം കണ്ടു കെട്ടുകയും ചെയ്യുന്നതോടൊപ്പം തടവും അനുഭവിക്കേണ്ടി വരും.

ഹൈവേയില്‍ അഭ്യാസപ്രകടനത്തിനിടെ കാര്‍ നിയന്ത്രണം വിട്ടു ബാരിക്കേഡില്‍ തട്ടി മറിഞ്ഞു യുവാവ് തല്‍ക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button