കോഴിക്കോട് : കോഴിക്കോട് സ്വപ്നനഗരിയില്‍ ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന് തുടക്കമായി. യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ട്ടി പതാക ഉയര്‍ത്തി. കൗണ്‍സിലില്‍ ഉച്ചയ്ക്ക് രാജ്യം ഉറ്റുനോക്കുന്ന രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കും. കൗണ്‍സില്‍ യോഗത്തില്‍ ബിജെപിയുടെ പ്രമുഖ നേതാക്കള്‍ സംസാരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി പ്രസംഗത്തോടെയാണ് ഒരു ദിവസം നീണ്ടു നില്ക്കുന്ന യോഗം അവസാനിക്കുക. ദീന്‍ദയാല്‍ ഉപാധ്യയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും.
രാവിലെ പ്രധാനമന്ത്രി സമ്മേളന വേദിയിലെത്തിയത് ശ്രീകണേ്ഠശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷമാണ്. ഉച്ചയ്ക്ക് പാര്‍ട്ടിനേതാക്കള്‍ക്കൊപ്പം ഓണസദ്യയില്‍ പങ്കെടുക്കും. എന്‍ഡിഎ സഖ്യകക്ഷി നേതാക്കളായ തുഷാര്‍ വെള്ളാപ്പള്ളി, സികെ ജാനു എന്നിവരും പ്രധാനമന്ത്രിയ്ക്കൊപ്പം ഓണസദ്യയില്‍ സംബന്ധിക്കും. വൈകീട്ട് അഞ്ചരയോടെ പ്രധാനമന്ത്രി ഡൽഹിക്ക് തിരിക്കും.
ഇന്നലെ വൈകീട്ട് ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നും ജനകീയ വിഷയങ്ങളാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതെന്നും കോഴിക്കോട് ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ വ്യക്തമാക്കി. ബിജെപി സംസ്ഥാന കമ്മിറ്റി നിയോഗിച്ച വിദഗ്ദ്ധ സമിതിയോട് കര്‍ഷകര്‍ക്കായി ഇ കൊമേഴ്സ് സാധ്യതകള്‍ നിലനിര്‍ത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.
ബിജെപി ദേശീയകൌണ്സിലിന്റെ ഭാഗമായി നടത്തിയ സ്മൃതിസംഗമം പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുത്തു. 1967 ലെ ജനസംഘത്തിന്റെ നേതാക്കളെയും, അടിയന്തരാവസ്ഥ കാലത്തെ നേതാക്കളടക്കമുള്ള പഴയകാല പ്രവര്‍ത്തകരെയും ബിജെപിയുടെ ദേശീയാധ്യക്ഷന്‍ അമിത്ഷായും മോദിയും ചേര്‍ന്ന് ആദരിച്ചു. തളിസാമൂതിരി സ്കൂളില്‍ നടന്ന പരിപാടിയില്‍ ആദ്യകാലപ്രവര്‍ത്തകര്‍ അനുഭവം പങ്കുവെച്ചു.
Post Your Comments