ബെയ്ജിംഗ് : ഏതൊരു രാജ്യത്തിലേയും മാധ്യമപ്രവര്‍ത്തകരെ ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്നാണ് സാധാരണ വിശേഷിപ്പിക്കാറ്. എന്നാല്‍ ജനങ്ങളുടെ ഇടയിലേയ്ക്ക് ഇറങ്ങിച്ചെന്ന് അവരിലൊരാളായി മാറേണ്ട മാധ്യമപ്രവര്‍ത്തകരുടെ കാഴ്ചപ്പാടുകള്‍ ഇപ്പോള്‍ മാറിപ്പോയോ എന്നാണ് സംശയിക്കേണ്ടിയിരിക്കുന്നത്. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോള്‍ ചൈനയില്‍ നടന്നത്.
സണ്‍ഗ്ലാസ് ധരിച്ച് കുടയും പിടിച്ച് അഭിമുഖം നടത്തിയതിന് ചൈനീസ് മാധ്യമപ്രവര്‍ത്തകയെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായാണ് വാര്‍ത്തകള്‍ വന്നിരിക്കുന്നത്. ദൃശ്യമാധ്യമമായ ഷിയാമെന്‍ ടി.വി.സ്റ്റേഷനിലെ മാധ്യമപ്രവര്‍ത്തകയെയാണ് ജോലിക്ക് ചേരാത്ത രീതിയില്‍ വസ്ത്രം ധരിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തത്.
ചൈനീസ് നഗരമായ ഷിയാമെനില്‍ മെറാന്റി ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു ഇവര്‍. രക്ഷാപ്രവര്‍ത്തനം നടത്തിയ വൊളണ്ടിയറുമായി നടത്തിയ അഭിമുഖത്തിലാണ് ഇവര്‍ കുടയും സണ്‍ഗ്ലാസും ധരിച്ച് പ്രത്യക്ഷപ്പെട്ടത്. അഭിമുഖം ചിത്രീകരിക്കുന്നത് കണ്ടുനിന്നിരുന്ന ഒരാള്‍ റിപ്പോര്‍ട്ടറുടെ ചിത്രമെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
ട്വിറ്റര്‍ പോലെ ചൈനയില്‍ പ്രചാരത്തിലുള്ള വെയ്‌ബോ നെറ്റ്‌വര്‍ക്കില്‍ ചിത്രം വൈറലായി. ചിത്രത്തോടൊപ്പം പ്രതികൂല കമന്റുകളും പ്രചരിക്കാന്‍ തുടങ്ങിയതോടെ ഇവരെ സസ്‌പെന്‍ഡ് ചെയ്തതായി ചാനല്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു.
പത്രപ്രവര്‍ത്തകരെ സംബന്ധിച്ചുള്ള പൊതുജനങ്ങളുടെ കാഴ്ചപ്പാടുകള്‍ക്ക് പോറലേല്‍പ്പിക്കുന്ന രീതിയില്‍ പെരുമാറിയതിനാല്‍ ഇവരെ സസ്‌പെന്‍ഡ് ചെയ്യുകയാണെന്നാണ് അധികൃതര്‍ നല്‍കിയ വിശദീകരണം. ചാനല്‍ നിഷ്‌കര്‍ഷിക്കുന്ന നിയമങ്ങള്‍ അനുസരിക്കാന്‍ വിസമ്മതിച്ചു, അഭിമുഖത്തില്‍ വനിതാ റിപ്പോര്‍ട്ടര്‍ അപമര്യാദയായി പെരുമാറി തുടങ്ങിയ ആരോപണങ്ങളാണ് ചാനല്‍ അധികൃതര്‍ ഇവര്‍ക്ക് നേരെ നടത്തിയിരിക്കുന്നത്.
Post Your Comments