KeralaNewsIndia

അന്യസംസ്ഥാന തൊഴിലാളികളെ താങ്ങാനുള്ള ശേഷി സംസ്ഥാനത്തിനില്ല ; നിലപാടില്‍ ഉറച്ച്‌ സുഗതകുമാരി

കോട്ടയം: ഇതര സംസ്ഥാന തൊഴിലാളികള്‍ അധികമായി വരുന്നത് അപകടമാണെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്ന് കവയിത്രി സുഗതകുമാരി. കേരളം ചെറിയ സംസ്ഥാനമാണ്. ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളെ താങ്ങാനുള്ള ശേഷി സംസ്ഥാനത്തിനില്ലെന്നും അവര്‍ പറഞ്ഞു.അന്യസംസ്ഥാന തൊഴിലാളികളുടെ വെള്ളം, കിടപ്പാടം, ആഹാരം, മാലിന്യസംസ്കരണം തുടങ്ങിയ ആവശ്യങ്ങള്‍ കേരളത്തിന്‍റെ വാഹകശേഷിക്ക് അപ്പുറമാണ്. ഇതര സംസ്ഥാനക്കാരുടെവരവ് വര്‍ധിച്ച്‌ ഒടുക്കം ഒരപകടം ഉണ്ടായാല്‍ ആര് ഉത്തരവാദിത്തം വഹിക്കുമെന്നും സുഗതകുമാരി ചോദിച്ചു.

വിമര്‍ശിക്കുന്നവര്‍ തന്‍റെ ജീവിതം കുടി പരിശോധിക്കണമെന്ന് നവമാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായി സുഗതകുമാരി പറഞ്ഞു. താന്‍ മനുഷ്യവിരോധി ആണോയെന്ന് തന്‍റെ ജീവിതത്തില്‍ നിന്ന് അവര്‍ മനസിലാക്കട്ടെയെന്നും സുഗതകുമാരി പറഞ്ഞു. പ്രമുഖ പത്രത്തിന്‍റെ വാചകമേളയില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയിലായിരുന്നു വിവാദ പരാമര്‍ശം.കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് അന്യസംസ്ഥാനക്കാരുടെ കുടിയേറ്റമെന്ന് നേരത്തെ സുഗതകുമാരി പറഞ്ഞിരുന്നു.

അന്യസംസ്ഥാനക്കാരുടെ കുടിയേറ്റം സാംസ്കാരികമായി വന്‍ ദുരന്തത്തിലേക്കാണ് കേരളത്തെ കൊണ്ടു ചെന്ന് എത്തിക്കുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ളവർ വരുന്നവരിൽ ഉണ്ടാവാം, ഒരു തരത്തിലും പൊരുത്തപ്പെടാന്‍ കഴിയാത്തവരാണ് ഇവിടെ ജോലിക്ക് എത്തുന്നത്.അതേസമയം സുഗതകുമാരിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. പ്രസ്താവന ശുദ്ധ വംശീയതയും ഭരണഘടനാ വിരുദ്ധവുമാണെന്ന് വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു.മറ്റ് സംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളിലും ജോലി ചെയ്യുന്ന മലയാളികളോട് അവിടെയുള്ളവര്‍ ഇതേ നിലപാട് സ്വീകരിച്ചാല്‍ എന്താകുമെന്നും സോഷ്യല്‍ മീഡിയയില്‍ സുഗതകുമാരിയോട് വിയോജിക്കുന്നവര്‍ ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button