തിരുവനന്തപുരം● തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ വിമാനക്കമ്പനികളുടെ തിരക്ക്. മുംബൈയിലേക്കും ബംഗളൂരുവിലേക്കും കൂടുതല്‍ പ്രതിദിന സര്‍വീസുകള്‍ തുടങ്ങാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഡി.ജി.സി.എയില്‍ നിന്ന് അനുമതി നേടി. ഒക്ടോബര്‍ ഒന്ന് മുതലാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്. ഇന്‍ഡിഗോയുടെ ബംഗളൂരുവിലേക്കുള്ള നാലാമത്തെയും മുംബൈയിലേക്കുള്ള രണ്ടാമത്തെയും സര്‍വീസാണിത്.
കഴിഞ്ഞ ജനുവരിയിൽ തിരുവനന്തപുരത്തു നിന്ന് ഡൽഹിയിലേക്ക് ഇൻഡിഗോ പ്രതിദിന നോൺ-സ്റ്റോപ്പ് സർവീസ് ആരംഭിച്ചിരുന്നു. മൂന്നു മണിക്കൂർ 20 മിനിറ്റു കൊണ്ട് ഡൽഹിയിലെത്തുന്ന ഈ സർവീസ് രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ നോൺ-സ്റ്റോപ്പ് സര്‍വീസാണിത്. ഇതിനുപുറമേ ജൂലൈയില്‍ ഇന്‍ഡിഗോ ഇവിടെ നിന്നും ആഴ്ചയില്‍ മൂന്ന് ദിവസം ഡല്‍ഹിയിലേക്ക് നോണ്‍-സ്റ്റോപ് സര്‍വീസും ആരംഭിച്ചിരുന്നു.
ഇൻഡിഗോയ്ക്ക് പിറകേ കൂടുതൽ വിമാനക്കമ്പനികൾ തിരുവനന്തപുരത്തു നിന്ന് സർവീസ് നടത്താന്‍ സന്നദ്ധമായിട്ടുണ്ട്. ജെറ്റ് എയര്‍വേയ്സ് ദുബായിലേക്ക് പ്രതിദിന നോണ്‍-സ്റ്റോപ് സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബര്‍ 31 മുതലാണ് ജെറ്റിന്റെ തിരുവനന്തപുരം-ദുബായ് സര്‍വീസ് ആരംഭിക്കുന്നത്. വൈകാതെ ഷാര്‍ജ റൂട്ടിലും ജെറ്റ് സര്‍വീസ് ആരംഭിക്കുമെന്നറിയുന്നു.
വിമാനത്താവളങ്ങളുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയതാണ് തിരുവനന്തപുരത്തിന് തുണയായത്. എയർപോർട്ട് കൗൺസിൽ ഇന്റർനാഷണല്‍ (എ. സി. ഐ) നടത്തിയ പരിശോധനയില്‍ ലോകത്തിലെ അഞ്ച് മില്യൺ വരെ യാത്രക്കാരുള്ള വിമാനത്താവളങ്ങളുടെ റാങ്കിംഗിൽ തിരുവനന്തപുരം അഞ്ചാംസ്ഥാനം നേടിയിരുന്നു. ഹൗസ് കീപ്പിംഗ്, ആതിഥ്യ മര്യാദ, വിമാനത്താവളത്തിനുളളിലെ സേവനങ്ങൾ, അടിസ്ഥാനസൗകര്യ വികസനം, യാത്രക്കാർക്ക് നൽകുന്ന സേവനങ്ങൾ, വൈഫൈ, സി ഐ പി ലോഞ്ചുകൾ, ഇൻഫർമേഷൻ കിയോസ്‌ക്കുകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ, വെൻഡിംഗ് മെഷിനുകൾ, ട്രാഫിക് സംവിധാനം, പാർക്കിംഗ്, വിമാനത്താവളത്തിലേക്ക് എത്താനുള്ള ബോർഡുകൾ, യാത്രക്കാർക്ക് വിവിധ സ്ഥലങ്ങളിലേക്ക് പോകാനുള്ള ലോഫ്‌ളോർ ബസ് , ലാൻഡ്‌സ്‌കേപ്പിംഗ്, സപ്പോർട്ട് സർവീസ്, പരാതിപരിഹാര സംവിധാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് അഞ്ചാം സ്ഥാനം ലഭിച്ചത്.
പ്രതിദിനം എൺപതിനും നൂറിനുമിടയിൽ സർവീസുകളുള്ള രാജ്യത്തെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് തിരുവനന്തപുരം. 14 അന്താരാഷ്ട്ര വിമാനക്കമ്പനികൾ ഇവിടെ സർവീസ് നടത്തുന്നുണ്ട്. എല്ലാ ഗൾഫ് രാജ്യങ്ങളിലേക്കും അവിടെ നിന്ന് യൂറോപ്പിലേക്ക് കണക്ഷന്‍ വിമാനങ്ങളും ലഭ്യമാണ്. ഇവയ്ക്ക് പുറമേ മിക്ക ആഭ്യന്തര വിമാന കമ്പനികളും തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഇപ്പോള്‍ എയര്‍ബസ്-എ 380 ഒഴികെയുള്ള എല്ലാ വലിയ വിമാനങ്ങളും തിരുവനന്തപുരത്ത് ഇറങ്ങുന്നുണ്ട്.
വിമാനത്താവളത്തിലെ റണ്‍വേയുടെ റീ-കാര്‍പ്പറ്റിംഗ് ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഒപ്പം 1200 മീറ്റര്‍ ടാക്സി,പാര്‍ക്കിംഗ് ബേയുടെ നവീകരണവും നടന്നുവരുന്നു. 15വർഷത്തേക്ക് ഒരു വിള്ളൽപോലുമുണ്ടാകരുതെന്നതടക്കം കർശനവ്യവസ്ഥകളോടെയാണ് റീ-കാര്‍പ്പറ്റിംഗ്. 56 കോടി രൂപയ്ക്ക് അഹമ്മദാബാദിലെ ഖുറാനാ എൻജിനിയറിംഗ് ലിമിറ്റഡ് ആണ് ഈ ജോലികളുടെ കരാര്‍ എടുത്തിരിക്കുന്നത് റൺവേയുടെ രണ്ടരികിലുമായി ടേണിംഗ് പാഡുകൾ നിർമ്മിക്കാനുള്ള 14 കോടിയുടെ പദ്ധതിക്കും കേന്ദ്രസർക്കാർ അനുമതി കിട്ടിയിട്ടുണ്ട്. വലിയ വിമാനങ്ങള്‍ക്ക് അനായാസം തിരിയാന്‍ ഇത്തരം ടേണിംഗ് പാഡുകള്‍ ആവശ്യമാണ്.
പുതിയ അന്തരാഷ്ട്ര ടെര്‍മിനിലിനോട് ചേര്‍ന്ന് ആഭ്യന്തര ടെര്‍മിനല്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. സ്ഥലമേറ്റെടുക്കലാണ് പ്രശ്നം. ഭൂമിയേറ്റെടുത്ത് കൈമാറാമെന്ന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ടെന്നും ലഭിച്ചാലുടൻ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയാക്കുമെന്നും എയർപോർട്ട് ഡയറക്ടർ ജോർജ്ജ് ജി. തരകൻ പറഞ്ഞു. യാത്രക്കാർക്ക് കുറേക്കൂടി മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments