തിരുവനന്തപുരം: 2012-ല്‍ കേരളത്തിനടുത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ രണ്ട് മലയാളി മീന്‍പിടുത്തക്കാരെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യന്‍ നിയമത്തിനു കീഴില്‍ വിചാരണ നേരിട്ടേ മതിയാകൂ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
“ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ കീഴില്‍ ഇറ്റാലിയന്‍ നാവികര്‍ വിചാരണ നേരിടണം എന്നത് കേരളാ ഗവണ്മെന്‍റ് വ്യക്തത വരുത്തിയ കാര്യമാണ്. ആ നിലപാടില്‍ മാറ്റങ്ങളൊന്നുമില്ല,” മുഖ്യമന്ത്രി പറഞ്ഞു.
ഈ കേസിന്‍റെ ഇന്ത്യന്‍ സുപ്രീംകോടതിയിലെ പുരോഗതിയെപ്പറ്റി വിലയിരുത്താന്‍ ചേര്‍ന്ന ഒരു ക്യാബിനറ്റ് മീറ്റിംഗിന് ശേഷമാണ് മുഖ്യമന്ത്രി ഈ പ്രസ്താവന പുറപ്പെടുവിച്ചത്. മുന്‍ കേന്ദ്രഗവണ്മെന്‍റ് ഈ കേസില്‍ കാട്ടിയ അലംഭാവത്തേയും കുറ്റവാളികളായ നാവികരെ സഹായിക്കുന്ന രീതിയില്‍ എടുത്ത നിലപാടുകളേയും മുഖ്യമന്ത്രി നിശിതമായി വിമര്‍ശിച്ചു.
“ഇന്ത്യന്‍ നിയമത്തിനു കീഴില്‍ അവരെ വിചാരണ ചെയ്യാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണം,” പിണറായി പറഞ്ഞു.
കുറ്റാരോപിതനായ ഇറ്റാലിയന്‍ നാവികന്‍ മാസിമിലിയാനോ ലത്തോറെയ്ക്ക് ഇറ്റലിയില്‍ത്തന്നെ കഴിയാന്‍ തക്കവണ്ണം കേസിലെ ജാമ്യ വ്യവസ്ഥകളുടെ പുന:ക്രമീകരണങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ഇറ്റലി സമര്‍പ്പിച്ച പുതിയ അപേക്ഷയോട് എതിര്‍പ്പൊന്നുമില്ല എന്ന്‍ കേന്ദ്രഗവണ്മെന്‍റ് സുപ്രീംകോടതിയില്‍ വ്യക്തമാക്കിയ സാഹചര്യത്തിലായിരുന്നു കേരളാ മുഖ്യമന്ത്രിയുടെ ഈ പ്രതികരണം. ഇന്ത്യന്‍ മീന്‍പിടുത്തക്കാരെ വധിച്ച കേസ് വിചാരണയ്ക്കെടുക്കാന്‍ ഏത് രാജ്യത്തിനാണ് അധികാരം എന്ന കാര്യത്തില്‍ ഒരു അന്താരാഷ്‌ട്ര ട്രൈബ്യൂണല്‍ തീരുമാനം എടുക്കുന്നതു വരെയാണ് ലത്തോറെയ്ക്ക് ഇറ്റലിയില്‍ത്തന്നെ കഴിയാനുള്ള അനുവാദം ഇറ്റലി ആവശ്യപ്പെടുന്നത്.
Post Your Comments