NewsBusiness

ഇന്ത്യയെ ആഗോളതലത്തിലെ തിളങ്ങും നക്ഷത്രം എന്ന്‍ പുകഴ്ത്തി പറയുന്നതല്ല: ജെപി മോര്‍ഗന്‍ ചെയര്‍മാന്‍

ന്യൂഡല്‍ഹി: ആഗോള സാമ്പത്തികരംഗത്തെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും സ്ഥിരമായ വളര്‍ച്ചയോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു “തിളങ്ങുന്ന നക്ഷത്രം” എന്ന്‍ ഇന്ത്യയെ വിശേഷിപ്പിക്കുന്നത് വെറും പുകഴ്ത്തല്‍ അല്ലെന്ന് ജെപി മോര്‍ഗന്‍ ചെയര്‍മാന്‍ ജെയ്മി ഡിമോണ്‍.

“ഇന്ത്യ യഥാര്‍ത്ഥത്തില്‍ ഒരു തിളക്കമുള്ള ഇടം തന്നെയാണ്. ഇതു പുകഴ്ത്തല്‍ അല്ല. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥയാണ്‌ നിങ്ങളുടേത്. നിങ്ങള്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ചെറിയ ഒരു കാലയളവിനെ സംബന്ധിച്ചുള്ളതല്ല എന്‍റെ വിലയിരുത്തല്‍. അടുത്ത 20-30 വര്‍ഷത്തേക്ക് ഇന്ത്യയുടെ അവസ്ഥ വളരെ ശോഭനീയമാണ്,” ഡിമോണ്‍ പറഞ്ഞു.

അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നേരിട്ട് എത്തിച്ചുകൊടുക്കുന്ന “ഡയറക്ട് ട്രാന്‍സ്ഫര്‍ സ്കീം”, വിവിധതരം നികുതികളെ ഒഴിവാക്കി നികുതി വ്യവസ്ഥയെ ഏകീകരിക്കുന്ന “യൂണിഫോം ഗുഡ്സ് ആന്‍ഡ്‌ സര്‍വ്വീസസ് ടാക്സ്”-ലേക്കുള്ള മാറ്റം എന്നിവയാണ് ഇന്ത്യയുടെ തിളക്കത്തിന് കാരണമാകുക എന്ന്‍ ഡിമോണ്‍ ചൂണ്ടിക്കാട്ടി.

ആഗോള ബിസിനസ് ഭീമന്മാരായ ജെസ് സ്റ്റേലി (ബാര്‍ക്ലേസ്), പീയുഷ് ഗുപ്ത (ഡിബിഎസ് ബാങ്ക്) എന്നിവരും ജെയ്മി ഡിമോണെപ്പോലെ ഇന്ത്യയുടെ വളര്‍ച്ചയെ പ്രതീക്ഷയോടെ നോക്കിക്കാണുന്നവരാണ്. ബിസിനസ് സംരഭങ്ങള്‍ തുടങ്ങാന്‍ തടസമാകുന്ന ചുവപ്പുനാട കുരുക്കുകള്‍ ഇല്ലാതായതും, അധികാരത്തിന്‍റെ ഉന്നതങ്ങളില്‍ നിന്ന്‍ അഴിമതി തുടച്ചു നീക്കപ്പെട്ടതുമാണ് ഇന്ത്യയെ ആഗോള ബിസിനസ് സംരഭകര്‍ക്ക് പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാക്കിയത്.

2016 സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ സമഗ്ര വിദേശനിക്ഷേപം 55.55-ബില്ല്യണ്‍ ഡോളറായി കുതിച്ചുയര്‍ന്നു. 23-ശതമാനത്തിന്‍റെ റെക്കോഡ് വളര്‍ച്ചയാണിത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button