അരിസോണ മലയാളി അസോസിയേഷന് ഓണം ആഘോഷിച്ചു. ഫിനിക്സിലെ ഇന്‍ഡോ അമേരിക്കന്‍ സെന്ററില്‍ വെച്ച് പത്താം തീയതി പ്രൗഢ ഗംഭീരമായി സംഘടിപ്പിച്ച ഓണാഘോഷത്തില്‍ സജിത്ത് തൈവളപ്പില്‍ ഓണാശംസകള്‍ നേര്‍ന്നു. പ്രസിഡന്റ് ബാലു വൈസ് പ്രസിഡന്റ് ജോസഫ് വടക്കേല്‍ എന്നിവര്‍ അസോസിയേഷന്റെ ഭാവി പരിപാടികളെ കുറിച്ച് സംസാരിച്ചു.
ജാതി മത ഭേദമന്യേ നൂറു കണക്കിനാളുകള്‍ നിറഞ്ഞു നിന്ന ഓഡിറ്റോറിയത്തില്‍ കലാപാരമ്പര്യം വിളിച്ചോതിയ നിരവധി കലാപരിപാടികള്‍ കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ചപ്പോള്‍ സദസ്സ് ആവേശം കൊണ്ട് കോരിത്തരിച്ചു. കപ്പിള്‍ ഡാന്‍സ്, തിരുവാതിര, എന്നീ ഇനങ്ങള്‍ സദസ്സിന്റെ പ്രത്യേക അഭിനന്ദനം ഏറ്റു വാങ്ങി.
വിദ്യാവാര്യര് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി. ചടങ്ങില്‍ കലാശ്രീ ആശാ ഗോപാലിനെ പൊന്നാട അണിയിച്ചു ആദരിച്ചു. ഗിഫ്റ്റി ജോസ് സദസ്സിനോട് ഓണ സംബന്ധമായ ചോദ്യങ്ങള്‍ ചോദിച്ചു സമ്മാനങ്ങള്‍ നല്കിയപ്പോള് ശ്രീ കുമാര്‍ നമ്പ്യാര്‍, ബൈജു തോമസ് എന്നിവരുടെ നേതൃത്വത്തില്‍ കേരളത്തനിമയാര്‍ന്ന ഗംഭീര സദ്യയൊരുക്കി .
വൈകുന്നേരം നാലുമണിയോട് അമേരിക്കന്‍ ദേശീയ ഗാനത്തോട് ആരംഭിച്ച ആഘോഷങ്ങള്‍ താലപ്പൊലിയും ചെണ്ടമേളവും ഒക്കെയായി മാവേലിമന്നനെ എതിരേറ്റു ഏതാണ്ട് ഒന്പതരമണിയോട് കൂടി ആഘോഷം സമാപിച്ചു. ബോര്‍ഡ് അംഗങ്ങള്‍ ബാല രവീന്ദ്രന്, സജിത്ത് തൈവളപ്പില്‍, ജോസഫ് വടക്കേല്‍, ബിനു തങ്കച്ചന്, ഡോക്ടര്‍ മഞ്ജു നായര്‍, അമ്പിളി സജീവ്, സതീഷ് നായര്‍, സതീഷ് ജോസഫ്, തോമസ് മത്തായി എന്നിവര്‍ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചു.
വാര്‍ത്ത, ചിത്രങ്ങള്‍ : സതീഷ് പദ്മനാഭന്
Post Your Comments