NewsGulf

സൗദിയില്‍ സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ്‌ വര്‍ദ്ധിക്കും

സൗദി അറേബ്യയിലെ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഏഴ് സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഫീസാണ് വർധിപ്പിക്കുന്നത്. രണ്ടാഴ്ചക്കുള്ളില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ ഫീസിന് നല്‍കി വന്നിരുന്ന ഇളവ് അവസാനിക്കും. കഴിഞ്ഞ മാസം വിസ ഫീസ് നിരക്കും ഗതാഗത നിയമ ലംഘനങ്ങള്‍ക്കുളള പിഴയും മന്ത്രിസഭ ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നു.

പൗരന്മാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതിരിക്കാന്‍ വിവിധ തരം ഫീസുകൾക്ക് വര്‍ഷങ്ങളായി നിശ്ചിത ശതമാനം ഇളവ് അനുവദിക്കുന്നുണ്ട്. കസ്റ്റംസ്, പാസ്‌പോര്‍ട്ട്, വാഹന രജിസ്‌ട്രേഷന്‍, വാഹനം ഉടമസ്ഥാവകാശ കൈമാറ്റം, ഗാര്‍ഹിക തൊഴിലാളികളുടെ താമസാനുമതി രേഖയായ ഇഖാമക്കുളള ഫീസ് എന്നിവയ്ക്ക് നിശ്ചിത ഫീസിന്റെ പകുതിയാണ് സര്‍ക്കാര്‍ ഈടാക്കുന്നത്. വിദേശ വീട്ടുവേലക്കാരുടെയും ഹൗസ് ഡ്രൈവര്‍മാരുടെയും ഇഖാമ ഫീസ് 350 റിയാലാണ് നിലവില്‍ ഈടാക്കുന്നത്. ഇത് ഇരട്ടിയാകാനാണ് സാധ്യത.

ഹിജ്‌റ വര്‍ഷം അടുത്ത മാസം 3 മുതലാണ് ആരംഭിക്കുന്നത്. അന്നു മുതല്‍ മന്ത്രിസഭ അംഗീകരിച്ച പുതുക്കിയ വിസാ ഫീസുകളും ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഭേദഗതിവരുത്തിയ പിഴകളും നിലവില്‍ വരും. ഇളവുകളുളള സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് നിരക്ക് തുടരണമെങ്കില്‍ അടുത്ത മന്ത്രിസഭാ യോഗം തീരുമാനിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button