India

നാടുഭരിക്കാനറിയില്ലെങ്കിൽ താടിവടിക്കൂ നരേന്ദ്രമോദി!- അഡ്വ.എ.ജയശങ്കര്‍

കൊച്ചി● ഉറി ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ അഡ്വ.എ.ജയശങ്കര്‍. പത്താൻകോട്ടിനു പിന്നാലെ ഉറിയിലെ പട്ടാളക്യാമ്പില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 18 ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്ന് നരേന്ദ്രമോദി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ മുന്‍ പ്രധാനമന്ത്രിമരായിരുന്ന മന്‍മോഹന്‍ സിംഗും, അടല്‍ ബിഹാരി വാജ്പേയിയും ഇതുപോലെ തന്നെയാണ് പ്രഖ്യാപിച്ചിരുന്നതെന്നും നരസിംഹറാവുവിന്റെ കാലത്തു തുടങ്ങിയതാണ് ഈ വായ്ത്താരിയെന്നും ജയശങ്കര്‍ പരിഹസിച്ചു.

പാക്കിസ്ഥാനുമായുള്ള പ്രശ്നങ്ങൾ (കാശ്മീരൊഴികെ) ചർച്ചയിലൂടെ പരിഗണിക്കും എന്നാണ് ഇന്ത്യാ ഗവണ്മെന്റിന്റെ ഔദ്യോഗിക നിലപാട്. 1947 ഓഗസ്റ്റ് 15 നു തുടങ്ങിയതാണ് ചർച്ച. കൊല്ലം 70 ആകുന്നു, ചർച്ച ഒരു കടവിലും അടുക്കുന്നില്ല. പാക്കിസ്ഥാന്റെ ഗുണ്ടായിസം ദൈനംദിന അടിസ്ഥാനത്തിൽ കൂടിക്കൊണ്ടിരിക്കുകയാണ്. പാക്കിസ്ഥാന്റെ പരിപ്പിളക്കാൻ ഇവിടെ ആണായിട്ടും പെണ്ണായിട്ടും ആകെ ഒരു ഇന്ദിരാ ഗാന്ധി മാത്രമേ ഉണ്ടായിരുന്നുള്ളു. ജനറൽ യാഹ്യാ ഖാനും സുൾഫിക്കർ അലി ഭൂട്ടോയും അമേരിക്കൻ പ്രസിഡന്റ് നിക്സനും സ്റ്റേറ്റ് സെക്രട്ടറി കിസീംഗറും ഒത്തുപിടിച്ചിട്ടും ഇന്ദിരയുടെ മുന്നിൽ മുട്ടുകുത്തി. അന്ന് പി.എൻ.ഹക്സറെ പോലുള്ള ഉപദേഷ്ടാക്കളും സാം മനേക് ഷായെ പോലെ പരാക്രമികളായ പടനായകരും ഉണ്ടായിരുന്നും ജയശങ്കര്‍ തന്റെ ഫേസ്ബുക്ക്‌ പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകലാണ് ഏതൊരു സർക്കാരിന്റെയും ഒന്നാമത്തെ ചുമതല. അല്ലാതെ ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചു ചെങ്കോട്ടയിൽ കയ്യറിനിന്ന് പ്രസംഗിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. നാടുഭരിക്കാനറിയില്ലെങ്കിൽ താടിവടിക്കൂ നരേന്ദ്രമോദി! എന്ന് പറഞ്ഞാണ് ജയശങ്കര്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ജയശങ്കറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

പത്താൻകോട്ടിനു പിന്നാലെ ഉറിയിലും പട്ടാളക്യാമ്പ് ആക്രമിക്കപ്പെട്ടു. വെടിയേറ്റും വെന്തും 17 ജവാന്മാർ കൊല്ലപ്പെട്ടു. മൂന്ന് മണിക്കൂർ നീണ്ട സാഹസത്തിനൊടുവിൽ 4 തീവ്രവാദികളും കൊല്ലപ്പെട്ടു.
പാക്കിസ്ഥാനെ പാഠം പഠിപ്പിക്കും, തീവ്രവാദം വെച്ചുപൊറുപ്പിക്കില്ല ഭീകരന്മാരുടെ മൂക്ക് ചെത്തി ഉപ്പിലിടും എന്നൊക്കെ നരേന്ദ്ര മോദി പ്രഖ്യാപിച്ചു. മുൻപ് മൻമോഹൻജിയും അതിനുമുൻപ് അടൽജിയും ഇങ്ങനെത്തന്നെയാണ് പ്രഖ്യാപിച്ചിരുന്നത്. നരസിംഹറാവുവിന്റെ കാലത്തു തുടങ്ങിയതാണ് ഈ വായ്ത്താരി.

പാക്കിസ്ഥാനുമായുള്ള പ്രശ്നങ്ങൾ (കാശ്മീരൊഴികെ) ചർച്ചയിലൂടെ പരിഗണിക്കും എന്നാണ് ഇന്ത്യാ ഗവണ്മെന്റിന്റെ ഔദ്യോഗിക നിലപാട്. 1947 ഓഗസ്റ്റ് 15 നു തുടങ്ങിയതാണ് ചർച്ച. കൊല്ലം 70 ആകുന്നു, ചർച്ച ഒരു കടവിലും അടുക്കുന്നില്ല. പാക്കിസ്ഥാന്റെ ഗുണ്ടായിസം ദൈനംദിന അടിസ്ഥാനത്തിൽ കൂടിക്കൊണ്ടിരിക്കുകയാണ്.

പാക്കിസ്ഥാന്റെ പരിപ്പിളക്കാൻ ഇവിടെ ആണായിട്ടും പെണ്ണായിട്ടും ആകെ ഒരു ഇന്ദിരാ ഗാന്ധി മാത്രമേ ഉണ്ടായിരുന്നുള്ളു. ജനറൽ യാഹ്യാ ഖാനും സുൾഫിക്കർ അലി ഭൂട്ടോയും അമേരിക്കൻ പ്രസിഡന്റ് നിക്സനും സ്റ്റേറ്റ് സെക്രട്ടറി കിസീംഗറും ഒത്തുപിടിച്ചിട്ടും ഇന്ദിരയുടെ മുന്നിൽ മുട്ടുകുത്തി. അന്ന് പി.എൻ.ഹക്സറെ പോലുള്ള ഉപദേഷ്ടാക്കളും സാം മനേക് ഷായെ പോലെ പരാക്രമികളായ പടനായകരും ഉണ്ടായിരുന്നു.

“പാക്കിസ്ഥാന്റെ വെടിയുണ്ട ഭാരതമക്കൾക്ക് എള്ളുണ്ട,
യാഹ്യാഖാന്റെ മയ്യത്ത് നിക്സന്റമ്മേടെ നെഞ്ചത്ത്”

എന്നാണ് 1971 ലെ യുദ്ധകാലത്തു നമ്മുടെ നാട്ടിൽ ഉയർന്നുകേട്ട മുദ്രാവാക്യം. അതിൽ പാകിസ്ഥാനെയും അവരുടെ യാങ്കി മച്ചമ്പിമാരെയും സംബന്ധിച്ച സത്യം അടങ്ങിയിരുന്നു.
പട്ടിയുടെ വാൽ കുഴലിലിട്ടു നിവർത്താൻ നോക്കുന്നപോലെയാണ് പാക്കിസ്ഥാനുമായി സമാധാന ചർച്ച നടത്തുന്നതും. വാജ്‌പേയി ലാഹോറിലേക്ക് ബസ് യാത്ര നടത്തിയതിനു പിന്നാലെയാണ് കാർഗിലിൽ നുഴഞ്ഞുകയറ്റം നടന്നത്. നരേന്ദ്രമോദി നവാസ് ഷെരീഫിന്റെ ചെറുമകന്റെ കല്യാണത്തിൽ പങ്കെടുത്തു വെജിറ്റബിൾ ബിരിയാണി തിന്നതിന്റെ നാലാം പക്കം പത്താൻകോട്ട് ആക്രമണം ഉണ്ടായി. ഓരോ അവസരത്തിലും നിരവധി സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകലാണ് ഏതൊരു സർക്കാരിന്റെയും ഒന്നാമത്തെ ചുമതല. അല്ലാതെ ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചു ചെങ്കോട്ടയിൽ കയ്യറിനിന്ന് പ്രസംഗിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. നാടുഭരിക്കാനറിയില്ലെങ്കിൽ താടിവടിക്കൂ നരേന്ദ്രമോദി!

shortlink

Related Articles

Post Your Comments

Related Articles


Back to top button