ന്യൂഡല്‍ഹി: ഭീകരവാദം വളര്‍ത്തുന്ന പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി അയല്‍രാജ്യങ്ങളായ ഇന്ത്യയും അഫ്ഗാനിസ്ഥാനും. പാക്കിസ്ഥാന്റെ പേരെടുത്ത് പറയാതെയായിരുന്നു ഇരുവരുടെയും സംയുക്ത പ്രസ്താവന.ഭീകരവാദത്തെ ഫലപ്രദമായി എതിരിടാനും സുരക്ഷയും പ്രതിരോധരംഗത്തെ സഹകരണവും വര്‍ധിപ്പിക്കാനും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ധാരണയായി.
ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ അഫ്ഗാന്‍ പ്രസിഡന്റ് മുഹമ്മദ് അഷ്റഫ് ഗനിയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ഭീകരവാദികള്‍ക്ക് ആശ്രയം നല്‍കുകയും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവര്‍ അത് അവസാനിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നത്.ഹൈദരാബാദ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഏതാനും കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഇന്ത്യയും അഫ്ഗാനിസ്ഥാനും യുഎസുമൊത്തുള്ള ചര്‍ച്ചകള്‍ ഈ മാസം അവസാനത്തോടെ പുനഃരാരംഭിക്കുമെന്നും ഇരുനേതാക്കളും അറിയിച്ചു.
വിവിധ ആവശ്യങ്ങള്‍ക്കായി സൗരോര്‍ജം ഉപയോഗിക്കുന്ന കാര്യത്തിലും ഇരുരാജ്യങ്ങളും സഹകരിച്ചു പ്രവര്‍ത്തിക്കും.വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, സ്ത്രീശാക്തീകരണം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ അഫ്ഗാനിസ്ഥാനെ സഹായിക്കുന്നതിന് ഒരു ബില്യന്‍ ഡോളര്‍ ഇന്ത്യ വകയിരുത്തുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
Post Your Comments