KeralaNews

തടവുകാര്‍ക്ക് ഓണം കെങ്കേമമാക്കാന്‍ ജയിലിനുള്ളില്‍ മദ്യവും, സിഗററ്റും പോത്തിറച്ചിയും : ജയില്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

തൃശൂര്‍ : തടവുകാര്‍ക്ക് ഇത്തവണ ഓണം കെങ്കേമമാക്കാന്‍ ജയിലിനുള്ളില്‍ സൂക്ഷിച്ച മദ്യവും സിഗററ്റ് കെട്ടുകളും, പോത്തിറച്ചിയും സഹിതം ജയിലിലെ ഉദ്യോഗസ്ഥന്‍ പിടിയിലായി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫിസര്‍ സന്തോഷ് ആണ് അറസ്റ്റിലായത്. ജയിലിനുള്ളിലേക്കു കടത്താനായി ഇയാള്‍ സൂക്ഷിച്ച 19 കുപ്പി വിദേശമദ്യം, 20 പൊതി ബീഡി, മൂന്നു പായ്ക്കറ്റ് പോത്തിറച്ചി, അഞ്ചു മൊബൈല്‍ ഫോണ്‍ ബാറ്ററികള്‍, ഒരു സ്മാര്‍ട് ഫോണ്‍ എന്നിവയാണ് സൂപ്രണ്ട് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത്.

ജയിലിനുള്ളില്‍ തടവുകാര്‍ക്ക് ഓണം ‘ആഘോഷിക്കാന്‍’ എത്തിച്ചതാണ് മദ്യക്കുപ്പികളും ബീഡിക്കെട്ടുകളുമെന്ന് അറസ്റ്റിലായ പ്രിസണ്‍ ഓഫിസര്‍ പൊലീസിനോടു സമ്മതിച്ചു. നിരോധിത വസ്തുക്കള്‍ വിയ്യൂര്‍ ജയിലിനുള്ളിലേക്കു കടത്താന്‍ ജീവനക്കാരുടെ നേതൃത്വത്തിലുള്ള റാക്കറ്റ് സജീവമാണെന്നു നേരത്തെ തന്നെ തെളിവുകള്‍ ലഭിച്ചിരുന്നു.
സ്മാര്‍ട് ഫോണുകളും മദ്യവും കഞ്ചാവുമൊക്കെ പലവട്ടം ഇവിടെനിന്നു പിടികൂടുകയും ചെയ്തു. ഈ റാക്കറ്റിലെ മുഖ്യകണ്ണികളിലൊരാള്‍ എന്നു കരുതപ്പെടുന്ന ജീവനക്കാരനാണ് കഴിഞ്ഞ ദിവസം കയ്യോടെ പിടിക്കപ്പെട്ടത്. ജയിലിനോടു ചേര്‍ന്നു ജീവനക്കാര്‍ താമസിക്കുന്ന ബാരക്കില്‍ സ്വന്തം കട്ടിലിനടിയിലാണ് ഇയാള്‍ മദ്യശേഖരവും മറ്റും സൂക്ഷിച്ചിരുന്നത്.
സൂപ്രണ്ടിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത വസ്തുക്കള്‍ പിടിച്ചെടുത്തത്. കഞ്ചാവ് വലിക്കാനാണ് ജയിലിനുള്ളിലേക്കു ബീഡി കടത്തുന്നതെന്നു ജയില്‍ ജീവനക്കാര്‍ തന്നെ പറയുന്നു. മൊബൈല്‍ ബാറ്ററികള്‍ ചാര്‍ജ് ചെയ്തു തടവുകാര്‍ക്കു വാടകയ്ക്കു നല്‍കുന്ന ഏര്‍പ്പാടും ഇവിടെ സജീവമാണെന്നു വിവരമുണ്ട്.

shortlink

Post Your Comments


Back to top button