കണ്ണൂര്‍: സമാധാനജീവിതം ഉറപ്പു വരുന്നതിന് കണ്ണൂരില്‍ പ്രത്യേക സായുധാധികാര നിയമം പ്രഖ്യാപിച്ച് സൈനികരെ വിന്യസിക്കണമെന്ന് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ടു കൊണ്ട് ബിജെപി നേതാവ് ടി .ജി മോഹന്‍ദാസ് കേന്ദ്ര അഭ്യന്തരമന്ത്രിക്ക് കത്തയച്ചു.കേന്ദ്ര ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കലാപങ്ങള്‍ അരങ്ങേറിയ ജില്ലയാണ് കണ്ണൂര്‍. രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് കുപ്രസിദ്ധമായ കണ്ണൂരില്‍ ഇപ്പോള്‍ തീവ്രവാദ-രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും സജീവമാണെന്ന് കേന്ദ്രത്തിനയച്ച കത്തില്‍ ടിജി മോഹന്‍ദാസ് പറയുന്നു.
സംസ്ഥാനത്തെ ക്രമസമാധാന നില സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയും, ഭരണകക്ഷിയായ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി തന്നെ പരസ്യമായി അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തില്‍ സായുധാധികര നിയമം പ്രഖ്യാപിച്ച് സൈനിക-അര്‍ധസൈനിക വിഭാഗങ്ങളെ ക്രമസമാധാന ചുമതല ഏല്‍പിക്കുകയാണ് ഏകപരിഹാരമെന്ന് കത്തില്‍ ടിജി മോഹന്‍ദാസ് പറയുന്നു.തീവ്രവാദക്യാമ്പുകള്‍ വരെ സംഘടിപ്പിക്കപ്പെട്ട ജില്ലയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 11 കള്ളനോട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, ജില്ലയില്‍ വ്യാപിച്ചു വരുന്ന കലാപങ്ങള്‍ തടയുന്നതില്‍ ഉന്നതപോലീസുദ്യോഗസ്ഥര്‍ തങ്ങളുടെ നിസഹായവസ്ഥ തുറന്നു സമ്മതിച്ചതാണെന്നും കത്തില്‍ ടിജി മോഹന്‍ദാസ് ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടാവുന്ന ആക്രമണങ്ങള്‍ ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയാക്കി മാറ്റാന്‍ പാര്‍ട്ടി ശ്രമിക്കുന്നതിനിടെയാണ്, നിരവധി രക്തസാക്ഷികളെ നല്‍കിയ കണ്ണൂരില്‍ സായുധാധികാര നിയമം നടപ്പാക്കണമെന്ന് പ്രമുഖ ബിജെപി നേതാവ് പരസ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്.
Leave a Comment