NewsIndia

കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍

സാഹ്ജാനി: കര്‍ഷകര്‍ ചാര്‍പ്പായകള്‍ എടുത്തുകൊണ്ടുപോയതില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കട്ടിലുമായി പോയ കര്‍ഷകരെ മോഷ്ടാക്കളെന്നു വിളിക്കുന്നവര്‍ 90,000 കോടിയുടെ തട്ടിപ്പുനടത്തിയ മദ്യരാജാവ് വിജയ് മല്യയെ കുടിശികക്കാരന്‍ എന്നു മാത്രമാണ് വിശേഷിപ്പിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. ബി.ജെ.പി നേതൃത്വത്തെ ലക്ഷ്യമിട്ടായിരുന്നു രാഹുലിന്റെ പരാമര്‍ശങ്ങള്‍.

ഗോരഖ്പൂരിലെ സാഹ്ജാനി വില്ലേജില്‍ വീടുകള്‍തോറും കയറിയിറങ്ങിയുള്ള പ്രചാരണത്തിനിടെയാണ് രാഹുലിന്റെ പ്രതികരണം.

തന്റെ പ്രചാരണത്തിലൂടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാഹുല്‍ കടന്നാക്രമിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് താങ്കളെന്നു മോദിയെ ഓര്‍മിപ്പിക്കുന്നു. സ്വന്തം രാജ്യത്തിലെ പാവപ്പെട്ട ജനങ്ങളെ മറന്ന് അദ്ദേഹം ഇപ്പോഴും വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുകയാണെന്നും രാഹുല്‍ പരിഹസിച്ചു.
അടുത്ത വര്‍ഷമാദ്യം നടക്കുന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുപി മഹായാത്രയ്ക്കു തുടക്കം കുറിച്ചത്. വയലില്‍ നിരത്തിയ നൂറുകണക്കിനു ചാര്‍പ്പായകളിലിരുന്നാണു കര്‍ഷകര്‍ രുദ്രാപ്പൂരിലെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തത്. ഉത്തരേന്ത്യന്‍ ഗ്രാമീണ കര്‍ഷകര്‍ ഇരിക്കാനും കിടക്കാനും ഉപയോഗിക്കുന്ന ചാര്‍പ്പായകള്‍ നിരത്തി സമ്മേളനം കൊഴുപ്പിക്കുകയെന്ന ആശയം തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റേതാണ്. ഒരു മാസത്തോളം നീളുന്ന യാത്രയ്ക്കു പതിനായിരത്തോളം ചാര്‍പ്പായകളാണു കോണ്‍ഗ്രസ് ഏര്‍പ്പാടാക്കിയിരിക്കുന്നത്. ആദ്യ സമ്മേളനം കഴിഞ്ഞു രാഹുല്‍ പോയതോടെ ചാര്‍പ്പായകള്‍ തോളത്തെടുത്തു കര്‍ഷകരും പോയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button