KeralaNews

ഓണാഘോഷം: ഇടതു സംഘടനകള്‍ വരെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലംഘിച്ചതിനെതിരെ വിമര്‍ശനമുയരുന്നു

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഓണാഘോഷം ജോലി സമയത്തിന്റെ ഇടവേളകളിലാക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടു നിര്‍ദേശിച്ചിട്ടും ഇടതുസംഘടനകള്‍ ഉള്‍പ്പെടെ അത് പാലിക്കാത്തതിനെച്ചൊല്ലി വിമർശനങ്ങൾ ഉയരുന്നു.

അതിന്റെ തുടര്‍ചലനങ്ങള്‍ സിപിഎമ്മിലും സര്‍ക്കാരിലും ഉണ്ടാകുമെന്നാണു സൂചന. സെക്രട്ടേറിയറ്റിലെ സിപിഎം സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ ചില പ്രമുഖ ഭാരവാഹികള്‍ക്ക് സ്ഥാനം പോയേക്കും. കൂടാതെ സെക്രട്ടേറിയറ്റിലെ അവരുടെ ഔദ്യോഗിക പദവിക്കും മാറ്റം സംഭവിച്ചേക്കും. ഏതുവിധത്തിലാകും അതെന്ന് വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. സെക്രട്ടേറിയേറ്റിനു പുറത്ത് ഡെപ്യൂട്ടേഷന്‍ നിയമനം നല്‍കുക, സെക്രട്ടേറിയറ്റില്‍ത്തന്നെ അപ്രധാന തസ്തികകളിലേക്കു മാറ്റുക തുടങ്ങിയ സാധ്യതകളേക്കുറിച്ചാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റ് വൃത്തങ്ങളിലെ സംസാരം.

മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിനു പുല്ലുവില കല്‍പ്പിച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുന്ന സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിനു മുമ്പില്‍ പൂക്കളമിട്ട കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തകർക്കും പണി കിട്ടാൻ സാധ്യതയുണ്ട്.മുഖ്യമന്ത്രി ദിവസങ്ങള്‍ക്കു മുൻപ് സെക്രട്ടേറിയറ്റില്‍ എത്തുന്ന പൊതുജനത്തിന്റെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുന്നത് ഉള്‍പ്പെടെ വൈകിപ്പിക്കുകയും ചുമതലകള്‍ സമയത്ത് നിര്‍വഹിക്കാതെയും ജീവനക്കാര്‍ ജോലിസമയത്ത് പൂക്കളമിടുകയും ഓണസദ്യക്ക് പോവുകയും ചെയ്യരുത് എന്നാണ് പറഞ്ഞത്.

പൂക്കളവും മറ്റും ജോലിയുടെ ഇടവേളകളില്‍ വേണം എന്ന് നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ഓണം ആഘോഷിക്കുന്നതിനെത്തന്നെ മുഖ്യമന്ത്രി വിലക്കി എന്ന മട്ടില്‍ മറ്റു പാർട്ടികൾ പ്രചരിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും നടത്തിയ പ്രതികരണങ്ങള്‍ ആ വിധത്തിലായിരുന്നു. അതോടെ ജീവനക്കാരില്‍ ഒരു വിഭാഗം മുഖ്യമന്ത്രിയുടെ വിലക്ക് ലംഘിച്ച്‌ ഓണാഘോഷം നടത്താന്‍ തീരുമാനിച്ചു.

സിപിഎം സംഘടനയുടെ ഓണാഘോഷവും മുഖ്യമന്ത്രി പറഞ്ഞ സമയക്രമം പാലിക്കുന്നില്ല എന്നുവന്നതോടെ സംഘടനയ്ക്കുള്ളില്‍ ചേരിതിരിവായി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12ന് തുടങ്ങി മൂന്നു മണിക്കാണ് അവര്‍ സംഘടിപ്പിച്ച ഓണസദ്യ അവസാനിച്ചത്. അതേമട്ടിലാണ് വ്യാഴാഴ്ച നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഓണക്കളികളുടെയും മറ്റും സമയക്രമം. ഇതാണ് സിപിഎം നേതൃത്വത്തെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ കൂടാതെതന്നെ ഇക്കാര്യങ്ങളില്‍ ശക്തമായ നിലപാടെടുക്കാനാണ് പാര്‍ട്ടി തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button