തിരുവനന്തപുരം : പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ചേട്ടന്‍ബാവയെന്നും അനിയന്‍ബാവയെന്നും വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോദിയും പിണറായിയും വിജയനും ചേട്ടന്‍ ബാവയും അനിയന്‍ ബാവയുമായാണ് പ്രവര്‍ത്തിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ അതേപടി പകര്‍ത്തുന്നത് സംസ്ഥാനത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമായി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കെ.പി.സി.സി സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദളിത് പീഡനം വ്യാപകമായിട്ടും ഇതിനെതിരെ പ്രതികരിക്കാന്‍ പ്രധാനമന്ത്രി തയ്യാറായിട്ടില്ല. കേരളത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടും വ്യത്യസ്തമല്ല. കണ്ണൂരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വ്വകക്ഷി യോഗം വിളിക്കണം. സെപ്റ്റംബര്‍ 22 ന് കണ്ണൂരില്‍ യു.ഡി.എഫ് നേതൃത്വത്തില്‍ സമാധാന സദസ് സംഘടിപ്പിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
നൂറു ദിവസം പിന്നിട്ട ഇടതു ഭരണം കൊണ്ട് സംസ്ഥാനത്തിന് യാതൊരു നേട്ടവുമുണ്ടായില്ല. തീര്‍ത്തും നിരാശാജനകമാണ് സര്‍ക്കാര്‍ പ്രവര്‍ത്തനം. എല്ലാവര്‍ക്കും തുല്യ നീതി എന്നു പറഞ്ഞ മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയെപ്പോലെ പെരുമാറുന്നു. സി.പി.എമ്മുകാര്‍ക്ക് ഒരു നീതി, മറ്റുള്ളവര്‍ക്ക് വേറെ നീതി എന്നതാണ് നയം. കേന്ദ്രം ഇന്ധനവില വര്‍ദ്ധിപ്പിച്ചപ്പോള്‍ ഇവിടെ കിട്ടുന്ന നികുതി വേണ്ടെന്നു വയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നാലുതവണയാണ് ഇന്ധന നികുതി വേണ്ടെന്നു വച്ചതെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments