440കോടി വര്‍ഷംമുന്‍പ് ചെറുഗ്രഹവുമായുള്ള കൂട്ടിയിടിയുടെ ഫലമായാണ് ഭൂമിയില്‍ ജീവനുണ്ടായതെന്ന് കണ്ടെത്തല്‍
ഭൂമിയില്‍ എപ്പോഴാണ് ജീവന്റെ തുടിപ്പുണ്ടായതെന്ന ചോദ്യം എല്ലാവരുടെയും മനസ്സിലുണ്ടായതാണ്. കൃത്യമായ ഉത്തരം ആരും കണ്ടെത്തിയില്ല. ദൈവം മനുഷ്യനെ സൃഷ്ടിച്ചുവെന്ന ഉത്തരത്തില്‍ ഒതുങ്ങി. എന്നാല്‍, ഈ ചോദ്യത്തിനുള്ള ഉത്തരം അമേരിക്കന്‍ ഗവേഷകര്‍ നല്‍കും.
കാര്‍ബണ്‍ സംയുക്തങ്ങളാണ് ഭൂമിയിലെ ജീവന്റെ അടിസ്ഥാനമത്രേ. 440 കോടി വര്‍ഷംമുന്‍പ് ബുധന് സമാനമായ ഒരു ചെറുഗ്രഹവുമായുള്ള ഭൂമിയുടെ കൂട്ടിയിടിവാണ് ഇത്തരമൊരു പ്രതിഭാസത്തിന് കാരണമായത്. അമേരിക്കയില്‍ റൈസ് സര്‍വകലാശാലയിലെ ഗവേഷകനും ഇന്ത്യന്‍ വംശജനുമായ രാജ്ദീപ് ദാസ്ഗുപ്തയുടെ നേതൃത്വത്തില്‍ നടന്ന പഠനമാണ് ഇത് കണ്ടുപിടിച്ചത്.
നേച്ചര്‍ ജിയോസയന്‍സ് ജേര്‍ണലില്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതേസമയം, ഭൂമിയുടെ അകക്കാമ്പില്‍ എന്തുകൊണ്ട് കാര്‍ബണ്‍ എത്തിയില്ല ചോദ്യം നിലനില്‍ക്കുന്നു. അതിനുള്ള ഉത്തരവും റൈസ് സംഘത്തിന്റെ പഠനം വ്യക്തമാക്കുന്നുണ്ട്. ഭൂമി അതിന്റെ ബാല്യത്തില്‍ അമിതമായ അഗ്നിപര്‍വ്വത പ്രവര്‍ത്തനം മൂലം അത്യുഷ്ണമുള്ള, ഉരുകിയ നിലയ്ക്കുള്ള ഗോളമായിരുന്നു. അത്തരമൊരു ചൂടേറിയ അവസ്ഥയില്‍ ഭൂമിയിലെ കാര്‍ബണ്‍ മുഴുവന്‍ ബാഷ്പീകരിക്കപ്പെട്ട് നഷ്ടപ്പെട്ടിരിക്കാം.
ആ അവസ്ഥ പിന്നിട്ട് ഭൂമി തണുത്തുറഞ്ഞപ്പോള്‍ ഇവിടെ കാര്‍ബണ്‍ അവശേഷിച്ചിരിക്കാന്‍ സാധ്യതയില്ല. അങ്ങനെയെങ്കില്‍ കാര്‍ബണ്‍ അടിസ്ഥാനമായി ഭൂമിയിലെങ്ങനെ ജീവന്‍ ഉത്ഭവിച്ചു? ഇതിനുള്ള ഉത്തരവുമായിട്ടാണ് ദാസ്ഗുപ്തയും സംഘവും എത്തിയത്. കഠിനമായ ചൂടില്‍ ഭൂമിയിലെ കാര്‍ബണ്‍ നഷ്ടപ്പെട്ടിരിക്കാം. എന്നാല്‍ ഭൂമി തണുക്കാനാരംഭിക്കുന്ന വേളയില്‍ മറ്റൊരു ഗ്രഹവുമായി കൂട്ടിയിടിക്കുകയും, കൂട്ടിയിടിച്ച ഗ്രഹത്തിലെ കാര്‍ബണ്‍ ഭൂമിയിലേക്ക് ലയിക്കുകയും ചെയ്തിരിക്കാം. ഇങ്ങനെയാണ് ഗവേഷകര്‍ മനസ്സിലാക്കിയിരിക്കുന്നത്. ഭൂമി തണുത്തുറഞ്ഞു തുടങ്ങിയ വേളയിലാണ് കൂട്ടിയിടി നടന്നത്. അതിനാല്‍ അകക്കാമ്പിലേക്ക് കാര്‍ബണ്‍ എത്തിയിരിക്കില്ല.
ഭൂമിയുടെ അകക്കാമ്പില്‍ ഇരുമ്പാണ് കൂടുതലായും ഉള്ളത്. അതിന് കാര്‍ബണിനോട് വല്ലാത്തൊരു അഭിനിവേശമുണ്ട്. അതിനാല്‍ ഭൂമി ഉരുകിയ നിലയിലായിരുന്ന കാലത്ത് കാര്‍ബണ്‍ മുഴുക്കെ ബാഷ്പീകരിച്ച് പോയിരുന്നില്ലെങ്കില്‍ അത് ഭൂമിയുടെ അകക്കാമ്പിലെത്തുമായിരുന്നുവെന്ന് ദാസ്ഗുപ്ത പറയുന്നു.
ഹൈഡ്രോളിക് ഉപകരണങ്ങളുടെ സഹായത്തോടെ ഉന്നതോഷ്മാവിലും ഉന്നത മര്‍ദ്ദത്തിലും പരീക്ഷണം നടത്തിയാണ് ഏത് തരത്തിലുള്ള സാഹചര്യത്തിലാകാം ഭൂമിയുടെ മാന്റിലില്‍ കാണപ്പെടുന്ന മൂലകങ്ങള്‍ ഇപ്പോഴത്തെ അനുപാതത്തില്‍ രൂപപ്പെട്ടതെന്ന് ദാസ്ഗുപ്തയും സംഘവും പരിശോധിക്കുകയുണ്ടായി. ഏതൊക്കെ സാഹചര്യങ്ങളില്‍ സാധ്യമാകാം എന്ന് പരിശോധിച്ചാണ് മറ്റൊരു ഗ്രഹവുമായുള്ള കൂട്ടിയിടിയെന്ന നിഗമനത്തില്‍ എത്തിയത്.
Post Your Comments