കൊച്ചി:അനധികൃത സ്വത്തു സമ്പാദനക്കേസിൽ മുൻ മന്ത്രി കെ.ബാബുവിന്റെയും ബന്ധുക്കളുടെയും വീടുകളിൽ നിന്ന് പിടിച്ചെടുത്ത രേഖകളും പണവും സ്വർണാഭരണങ്ങളും ഇന്നു മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.ബാബുവിന്റെ പെണ്മക്കളുടെ പേരിലുള്ള ബാങ്ക് ലോക്കറുകൾ വിജിലൻസ് പൂട്ടി മുദ്രവച്ചിരുന്നു. ലോക്കറുകൾ രണ്ട് ദിവസത്തിനകം തുറന്ന് പരിശോധിക്കും.അതേസമയം, ബാബുവിനൊപ്പം വിജിലൻസ് പ്രതി ചേർത്ത മുൻ യൂത്ത് കോൺഗ്രസ് നേതാവ് ബാബുറാമും റോയൽ ബേക്കേഴ്സ് മോഹനനും വിജിലൻസിന്റെ കണ്ടെത്തലുകൾ നിഷേധിച്ചു രംഗത്തെത്തിയിട്ടുണ്ട്.കെ.ബാബുവുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ കൂട്ടത്തിൽ പരാമർശ വിധേയമായ പാലാരിവട്ടത്തെ റിനൈ മെഡിസിറ്റി ആശുപത്രിയുടെ എംഡി കൃഷ്ണദാസ് പോളക്കുളത്തും ആരോപണങ്ങൾ നിഷേധിച്ചിട്ടുണ്ട്.വിജിലൻസിന്റെ കണ്ടെത്തലുകളിലൊന്നും ബാബുവിന്റെ ആശുപത്രി ബന്ധത്തെക്കുറിച്ചു പറയുന്നില്ലെന്നും കൃഷ്ണദാസ് വ്യക്തമാക്കി.
കായംകുളം സ്വദേശിയായ ബാബുറാം 2004 മുതൽ കൊച്ചിയിലാണു സ്ഥിരതാമസം. റിയൽ എസ്റ്റേറ്റാണ് പ്രധാന ബിസിനസ്. യൂത്ത് കോൺഗ്രസ് ആലപ്പുഴ മുൻ ജില്ലാ സെക്രട്ടറിയായ തനിക്കു കെ.ബാബുവിനെ വർഷങ്ങളായി അറിയാമെന്നും അത്യാവശ്യഘട്ടങ്ങളിൽ കെ.ബാബു തന്റെ കാർ ഉപയോഗിച്ചിട്ടുണ്ടെന്നും അല്ലാതെ ബാബുവുമായി യാതൊരു ബിസിനസ് ബന്ധവുമില്ലെന്നും ബാബുറാം പറയുകയുണ്ടായി.
പ്രദേശത്തെ എംഎൽഎ എന്ന നിലയിലുള്ള പരിചയം മാത്രമേ കെ.ബാബുവുമായുള്ളൂവെന്നു മോഹനൻ പറഞ്ഞു. റോയൽ ബേക്കേഴ്സിന്റെ ചില കടകൾ എംഎൽഎ എന്ന നിലയിൽ ബാബു ഉദ്ഘാടനം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി.ആരോപണങ്ങളിൽ വിജിലൻസ് നടത്തിയ അന്വേഷണത്തെത്തുടർന്ന് ബാബു ഉൾപ്പെടെ മൂന്നുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
Post Your Comments