കൊച്ചി : സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങളും മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളും വ്യാപകമായതിനെ തുടര്‍ന്ന് അതിനെ പ്രതിരോധിക്കാന്‍ ഒരു പുതിയ പദ്ധത രൂപീകരിയ്ക്കുന്നു. ഇതിനായി മഹാരാഷ്ട്ര മാതൃകയില്‍ കേരളത്തിലും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) രൂപീകരിച്ച് ഒരു മാസത്തിനകം പ്രവര്‍ത്തനം തുടങ്ങും. പൊലീസ് സൂപ്രണ്ട് പദവിയിലുള്ള ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കും തലവന്‍. തിരുവനന്തപുരത്ത് ആസ്ഥാനവും കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഓഫിസുമുണ്ടാകും. മാവോയിസ്റ്റ് ഭീഷണി, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ എന്നിവ നേരിടാനാണ് എടിഎസ്.
ഇതിന്റെ ഘടനയെക്കുറിച്ചും പ്രവര്‍ത്തനത്തെക്കുറിച്ചും ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ സാന്നിധ്യത്തില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തില്‍ കരടു രൂപം തയാറാക്കി. കമാന്‍ഡോ പരിശീലനം ലഭിച്ച 75 പേരെയാണ് സ്‌ക്വാഡില്‍ അംഗമാക്കുക. അത്യാധുനിക ആയുധങ്ങളും ഉപകരണങ്ങളും നല്‍കും.
തീവ്രവാദ കേസുകള്‍ക്കു പുറമേ കള്ളനോട്ട്, ലഹരിമരുന്നു സംഘങ്ങള്‍ എന്നിവയെക്കുറിച്ചും എടിഎസ് അന്വേഷിക്കും. രാജ്യത്തെ പല സംസ്ഥാനങ്ങളിലും എടിഎസ് രൂപീകരിച്ചിട്ടും കേരളത്തില്‍ ഇതിനുള്ള നടപടികള്‍ വൈകുന്നതിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് വിശദീകരണം തേടിയിരുന്നു.
തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകള്‍ നിലവില്‍ ഇന്റലിജന്‍സ് മേധാവിക്കു കീഴിലുള്ള ആഭ്യന്തര സുരക്ഷാ വിഭാഗവും ക്രൈംബ്രാഞ്ച് മേധാവിക്കു കീഴിലുള്ള ഇന്റേണല്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍വെസ്റ്റിഗേറ്റീവ് ടീമുമാണ്(ഐഎസ്‌ഐടി) അന്വേഷിക്കുന്നത്. ഐഎസ്‌ഐടിയിലെ സമര്‍ഥരായ ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തിയായിരിക്കും എടിഎസ് രൂപീകരിക്കുക. കേരള പൊലീസിലെ കമാന്‍ഡോ വിഭാഗമായ തണ്ടര്‍ ബോള്‍ട്ടിലെ ചിലരെയും ഉള്‍പ്പെടുത്തും.
ഇന്ത്യയില്‍ ആദ്യമായി തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) രൂപീകരിച്ചത് 1990ല്‍ മഹാരാഷ്ട്രയിലാണ്. യുഎസില്‍ ലൊസാഞ്ചലസ് പൊലീസിലെ സ്‌പെഷല്‍ വെപ്പണ്‍സ് ആന്‍ഡ് ടാക്ടിക്‌സ് സംഘത്തിന്റെ ആശയമാണ് ഇതിലേക്കു നയിച്ചത്.
Post Your Comments