തിരുവനന്തപുരം : പാര്‍ട്ടിക്കു നേരെയുള്ള ആക്രമണങ്ങളെ ചെറുക്കാന്‍ എല്ലാ ലോക്കല്‍ കമ്മിറ്റികള്‍ക്കു കീഴിലും പത്തുപേര്‍ വീതമുള്ള രണ്ടു ‘സെല്‍ഫ് ഡിഫന്‍സ് സ്‌ക്വാഡുകള്‍’ രൂപീകരിക്കാന്‍ ജില്ലാ കമ്മിറ്റികള്‍ക്കു സിപിഎം നിര്‍ദേശം നല്‍കി.
ആര്‍എസ്എസ് മാതൃകയില്‍ എല്ലാ ദിവസവും വൈകുന്നേരം ഒരു മണിക്കൂര്‍ പരിശീലനം നടത്തണം. സ്‌ക്വാഡ് പരിശീലകര്‍ക്കുള്ള സംസ്ഥാന ക്യാംപ് തിരുവനന്തപുരം ഇഎംഎസ് അക്കാദമിയില്‍ നടന്നു.
ജില്ലാ തല പരിശീലന ക്യാംപുകള്‍ ഈ മാസം തുടങ്ങും. കളരി, കരാട്ടെ തുടങ്ങിയ ആയോധനകലകളും യോഗയും വിവിധ മെഡിറ്റേഷന്‍ രീതികളും സമന്വയിപ്പിച്ച പരീശീലനമാണ് അഞ്ചുദിവസത്തെ ക്യാംപില്‍ നല്‍കുന്നത്. അരോളിയിലെ പാട്യം ഗവേഷണകേന്ദ്രത്തിലാണു കണ്ണൂര്‍ ജില്ലാ ക്യാംപ്. നേരത്തേ ഏരിയാ തലത്തില്‍ കരാട്ടെ, യോഗ സെന്ററുകള്‍ ആരംഭിച്ചിരുന്നു.
രണ്ടാം ഘട്ടത്തില്‍ റെഡ് വൊളന്റിയര്‍മാര്‍ക്കു കായിക പരിശീലനം നല്‍കി. ലോക്കല്‍ തലത്തില്‍ 31 അംഗങ്ങള്‍ വീതമുള്ള പുതിയ റെഡ് വൊളന്റിയര്‍ കോര്‍ രൂപീകരിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായാണു പ്രതിരോധ സ്‌ക്വാഡ്. പാര്‍ട്ടിക്കെതിരെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുന്നതില്‍ പ്രാദേശിക ഘടകങ്ങള്‍ക്ക് സാധിക്കുന്നില്ലെന്നാണു സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. ആക്രമണങ്ങള്‍ക്കു പിന്നില്‍ പ്രധാനമായും ആര്‍എസ്എസ് ആണെന്ന തിരിച്ചറിവില്‍ അവരുടെ പ്രവര്‍ത്തനരീതിയും പാര്‍ട്ടി കടം കൊള്ളുന്നു.
Post Your Comments