
സാന്റാ ക്ലാര● അഞ്ച് ദശകങ്ങള്‍ക്ക് ശേഷം അമേരിക്കയേയും ക്യൂബയേയും ബന്ധിപ്പിച്ച് നേരിട്ടുള്ള ഷെഡ്യൂള്‍ഡ് വിമാന സര്‍വീസ് ആരംഭിച്ചു. ബുധനാഴ്ച രാവിലെ ഫ്ലോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍-ല്‍ നിന്നുള്ള ജെറ്റ് ബ്ലൂ 387 വിമാനം ക്യൂബന്‍ മണ്ണില്‍ പറന്നിറങ്ങുമ്പോള്‍ അത് ചരിത്രമായി.
യു.എസിലെ ഫ്ലോറിഡയില്‍ നിന്നും ക്യൂബയിലെ സാന്റാ ക്ലാരയിലേക്കാണ് വിമാന സര്‍വീസ്. അരനൂറ്റാണ്ടിന് ശേഷമാണ് ശീതയുദ്ധ ശത്രുക്കളായ ഇരുരാജ്യങ്ങളും തമ്മില്‍ ഇത്തരമൊരു വാണിജ്യ വിമാന സര്‍വീസ് ആരംഭിക്കുന്നത്.
ക്യൂബയുമായി നയന്ത്രബന്ധം മെച്ചപ്പെടുത്താനുള്ള 2014 ലെ ഒബാമ ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് വിമാന സര്‍വീസ്. അമേരിക്കന്‍ വിനോദ സഞ്ചാരികള്‍ ക്യൂബയിലേക്ക് പോകുന്നതില്‍ മുമ്പ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വിമാന സര്‍വീസ് ആരംഭിക്കുന്നതോടു കൂടി മതപരമായും സാംസ്‌കാരികമായുള്ള അകലം കുറക്കാന്‍ കഴിയുമെന്നാണ് ഇരുരാജ്യങ്ങളുടെയും പ്രതീക്ഷ.
എയര്‍ബസ് എ 320 വിമാനം ഉപയോഗിച്ചാണ് ജെറ്റ് ബ്ലൂ ആദ്യം സര്‍വീസ് നടത്തുക. ആദ്യയാത്രയില്‍ 150 യാത്രക്കാരാണ് ഉണ്ടായിരുന്നത്.
വിപ്ലവനായകന്‍ ചെഗുവേരയുടെ ശവകുടീരം സ്ഥിതി ചെയുന്ന സ്ഥലമാണ് സാന്റാ ക്ലാര. ഭാവിയില്‍ 110 ഓളം പ്രതിദിന സര്‍വീസുകള്‍ യു.എസ് വിമാനക്കമ്പനികള്‍ ഈ കമ്മ്യൂണിസ്റ്റ് ദ്വീപിലേക്ക് നടത്തുമെന്നാണ് യു.എസ് ഗതാഗത വകുപ്പ് നല്‍കുന്ന സൂചന. ജെറ്റ് ബ്ലൂവിന് പുറമേ ക്യൂബയിലേക്ക് സര്‍വീസ് നടത്താന്‍ അലാസ്ക എയര്‍ലൈന്‍സ്, അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ എയര്‍ലൈന്‍സ്, ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ്, സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ്, സ്പിരിറ്റ് എയര്‍ലൈന്‍സ്, യുണൈറ്റഡ് എയര്‍ലൈന്‍സ് തുടങ്ങിയ അമേരിക്കന്‍ വിമാനക്കമ്പനികള്‍ സന്നദ്ധമായിട്ടുണ്ട്. അറ്റ്‌ലാന്റ-ചര്‍ലോട്ടെ, നോര്‍ത്ത് കരോലിന-ഫോര്‍ട്ട് ലോഡര്‍ഡെയ്ല്‍, ഹൂസ്റ്റണ്‍- ലോസ്ആഞ്ചലസ്, മിയാമി-ന്യൂആര്‍ക് ,ന്യൂയോര്‍ക്ക് സിറ്റി-ന്യൂജേഴ്സി, ഒര്‍ലാന്‍ഡോ-ഫ്ലോറിഡ തുടങ്ങിയ പ്രമുഖ അമേരിക്കന്‍ നഗരങ്ങളില്‍ നിന്ന് ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലേക്കാകും ഈ കമ്പനികള്‍ സര്‍വീസ് നടത്തുക.
Post Your Comments