തിരുവനന്തപുരം: സംസ്ഥാന ഹൈവേയും ജില്ലകളിലെ പ്രധാന റോഡുകളും അനുമതിയില്ലാതെ കുഴിച്ച് സഞ്ചാരയോഗ്യമല്ലാതാക്കിയാല്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മന്ത്രിസഭായോഗത്തിന്റെ തീരുമാനം.ഇതിനായി സ്റ്റേറ്റ് ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് നടപ്പാക്കും. റോഡ് യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഹൈവേകളും പ്രധാന ജില്ലാ റോഡുകളും ഈ നിയമം പ്രകാരം സംസ്ഥാന ഹൈവേ ആയി പ്രഖ്യാപിച്ച് ഉത്തരവിറക്കും.1999 ലെ സ്റ്റേറ്റ് ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് അനുസരിച്ചു റോഡിനു നാശനഷ്ടം വരുത്തിയാല്‍ ചുമതലയുള്ള എക്സിക്യുട്ടീവ് എന്ജിനീയര്ക്കു പോലീസില്‍ പരാതി നൽകാവുന്നതാണ്.ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടപടി സ്വീകരിക്കും. റോഡ് കുഴിക്കുന്നവരില്നിന്ന് നഷ്ടപരിഹാരം ഈടാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
നിലവില്‍ ജല അതോറിറ്റി, ടെലിഫോണ്‍ കമ്പനികള്‍, കെ.എസ്.ഇ.ബി. അടക്കമുള്ള സ്ഥാപനങ്ങള്‍ അനുമതിയില്ലാതെ റോഡ് കുഴിക്കുന്നതു വ്യാപകമായ സാഹചര്യത്തിലാണ് ഈ നിയമം നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
റോഡ് കയ്യേറുന്നവർക്കെതിരെയും ക്രിമിനല്‍ കേസെടുക്കാനാവും. ദേശീയ ഹൈവേയിലാണു പ്രശ്നമെങ്കില്‍ ദേശീയപാതാ റോഡ്സ് വിഭാഗം എക്സിക്യുട്ടീവ് എന്ജീനിയര്ക്കു പോലീസില്‍ പരാതി നല്‍കാം. സ്റ്റേറ്റ് ഹൈവേയും ജില്ലയിലെ പ്രധാന റോഡുകളുമാണെങ്കില്‍ പൊതുമരാമത്ത് റോഡ്സ് വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് പോലീസിനെ സമീപിക്കാന്‍ ആക്ടില്‍ വ്യവസ്ഥയുണ്ട്.
Post Your Comments