ദുബായ്:ബലിപെരുന്നാൾ പ്രമാണിച്ചു പത്തു ദിവസം നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികൾക്ക് ദുബായ് വേദിയാകുന്നു.എട്ടുമുതൽ 17 വരെ നടക്കുന്ന പരിപാടികളിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള വിഖ്യാത കലാകാരന്മാർ പങ്കെടുക്കുന്ന സ്‌റ്റേജ് ഷോ, ഷോപ്പിങ് മേളകൾ, കരിമരുന്നുപ്രയോഗം തുടങ്ങിയവ ഉണ്ടായിരിക്കും.ദുബായ് ഫെസ്‌റ്റിവൽസ് ആൻഡ് റിട്ടെയിൽ എസ്‌റ്റാബ്ലിഷ്‌മെന്റിന്റെ (ഡിഎഫ്‌ആർഎ) ആഭിമുഖ്യത്തിൽ നടക്കുന്ന ഈദ് ഇൻ ദുബായ് ആഘോഷമേളയിൽ കലാ – സാംസ്‌കാരിക പരിപാടികളുടെ വൈവിധ്യങ്ങളും വേറിട്ട ഷോപ്പിങ് അനുഭവങ്ങളുംഒരുമിക്കുന്നതായി ഡിഎഫ്‌ആർഎ സിഇഒ ലൈലാ മുഹമ്മദ് സുഹൈൽ പറഞ്ഞു.
പാക്കിസ്‌ഥാനി ഗായകൻ ഉസ്‌താദ് രാഹത് ഫത്തെ അലിഖാൻ, അറബ് ഗായകരായ റാബിഹ് സഖർ, ഷമ്മ ഹംദാൻ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യമാണ് ഇത്തവണത്തെ പ്രത്യേകത.ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ 13, 16 തീയതികളിലാണ് ഇവരുടെ സംഗീതപരിപാടി. ട്രേഡ് സെന്ററിലെ ഷെയ്‌ഖ് റാഷിദ് ഹാളിൽ 16നു രാഹത് ഫത്തെ അലിഖാന്റെ സംഗീതവിരുന്നു നടക്കും.മൂന്നു മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടിയിൽ ബോളിവുഡ് സംഗീതവും ഖവാലിയും ആസ്വദിക്കാം. കാർട്ടൂൺ മേളകൾ, ഉല്ലാസമേഖലകൾ, രുചിവൈവിധ്യങ്ങൾ, സാഹസിക വിനോദങ്ങൾ, സമ്മാനങ്ങൾ തുടങ്ങിയവ സന്ദർശകരെ കാത്തിരിക്കുന്നു. ഭാഗ്യശാലികൾക്കു ഷോപ്പിങ്ങിലൂടെ 15 ലക്ഷം രൂപയുടെവരെ സമ്മാനങ്ങൾ സ്വന്തമാക്കാനാകും.ജുമൈറ ബീച്ച് റസിഡൻസിന് എതിർഭാഗത്തുള്ള ബീച്ചിൽ 11 മുതൽ 16 വരെ കരിമരുന്നുപ്രയോഗം ഉണ്ടാകും. എമിറേറ്റിലെ വിവിധ മേഖലകളിൽ വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറും. എന്നാൽ അറഫാ ദിനത്തിൽ പരിപാടികൾ ഉണ്ടായിരിക്കില്ല.
ഇബ്‌ൻബത്തൂത്ത മാളിൽ എട്ടുമുതൽ 17 വരെ ലൂണി ട്യൂൺസ് ഷോ നടക്കും. ദുബായ് മാൾ സൂഖ് ഏട്രിയത്തിൽ എട്ടുമുതൽ 17 വരെ ഈദ് ഇൻ ദുബായ് ടിവി ഷോ ഉണ്ടാകും. പ്രേക്ഷകർക്കായി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ ജേതാക്കളാകുന്നവർക്കു സമ്മാനങ്ങൾ നൽകും. 20,000 ദിർഹത്തിന്റെ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്.
ഫെസ്‌റ്റിവൽ സിറ്റിയിൽ എട്ടുമുതൽ 26 വരെ ലോകപ്രശസ്‌ത കാർട്ടൂൺ കഥാപാത്രങ്ങൾ പങ്കെടുക്കുന്ന പരിപാടികൾ അരങ്ങേറും. നിഞ്‌ജ ടർട്ടിൽസ് ഉൾപ്പെടെയുള്ള പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.മിർദിഫ് സിറ്റി സെന്ററിൽ 11 മുതൽ 17 വരെ കോമഡി ഇല്യൂഷൻ ഷോ അരങ്ങേറും. രാജ്യാന്തര കലാകാരന്മാർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.മെർകാതോയിൽ 11 മുതൽ 17 വരെ ക്വിക് ചേഞ്ച് ഷോ ഉണ്ടായിരിക്കും. കലാകാരന്മാർ വിവിധ വേഷങ്ങളിലേക്കു മാറുന്ന ഈ പരിപാടിയിൽ നൃത്തം, ഗാനങ്ങൾ, സാഹസിക പരിപാടികൾ എന്നിവയുണ്ട്. പെയിന്റിങ്, കരകൗശലമേള എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.മാൾ ഓഫ് ദി എമിറേറ്റ്‌സിൽ 11 മുതൽ 17 വരെ പാവക്കൂത്ത്, കാർട്ടൂൺ മേളകൾ തുടങ്ങിയവ ഉണ്ടാകും. പാവകളെ അണിനിരത്തിയുള്ള സംഗീതപരിപാടിയും ഉൾപ്പെടുത്തിയിട്ടുണ്ട്.കുട്ടികൾക്കുള്ള ഇഫ്‌താഹ് യാ സിംസിം ലൈവ് ഷോ, കഥകളും കാര്യങ്ങളും കോർത്തിണക്കിയുള്ള ക്ലാസുകൾ, ശിൽപശാലകൾ ആർട്‌സ് ആൻഡ് ക്രാഫ്‌റ്റ്‌സ് മേള എന്നിവ എട്ടുമുതൽ 17 വരെ ഡ്രാഗൻ മാർട്ട് 2ൽ നടക്കും.
Post Your Comments