തിരുവനന്തപുരം● സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ മേഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായി തീരദേശത്തും മലയോരമേഖലയിലും വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെ സുഗമമായ യാത്ര സാധ്യമാക്കുന്ന രണ്ട് ഹൈവേകള്‍ നിര്‍മിക്കാന്‍ തീരുമാനമായെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.
ആഗസ്റ്റ് 29ന് മുഖ്യമന്ത്രിയുടെ ചേംബറില്‍ ധനകാര്യ മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് പദ്ധതികള്‍ക്ക് അംഗീകാരമായത്. 1800 കി.മീ. നീളം വരുന്ന രണ്ട് ഹൈവേകളുടെ നിര്‍മാണത്തിനാണ് അടിയന്തര പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് മന്ത്രി നിര്‍ദേശം നല്‍കിയത്. പതിനായിരം കോടി രൂപ ചെലവില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചായിരിക്കും നിര്‍മാണം.
പ്ലാസ്റ്റിക്, റബ്ബര്‍, കയര്‍ ഭൂവസ്ത്രം, കോണ്‍ക്രീറ്റ് എന്നിവ നിര്‍മാണത്തില്‍ ഉപയോഗിക്കും. കാസര്‍ഗോഡ് നന്ദാരപ്പടവ് മുതല്‍ തിരുവനന്തപുരം കടുക്കറ വരെ 1195 കി.മീറ്ററാണ് മലയോര ഹൈവേയുടെ നീളം. ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലൂടെ ഈ ഹൈവേ കടന്നു പോകും. മലയോര ഹൈവേക്കു മാത്രമായി ഏകദേശം ആറായിരം കോടി ചെലവു പ്രതീക്ഷിക്കുന്നുവെന്നും ഇത് നബാര്‍ഡ് പദ്ധതി വഴി കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
606 കി.മീ. നീളത്തില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന തീരദേശ ഹൈവേ കേരളത്തിലെ ഒമ്പതു ജില്ലകളിലൂടെ കടന്നു പോകും. പുതിയ കാലം, പുതിയ നിര്‍മാണം എന്ന നയപരിപാടി അടിസ്ഥാനമാക്കിയായിരിക്കും പുതിയ ഹൈവേകളുടെ നിര്‍മാണം.
Post Your Comments