Business

പണമിടപാട് രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വരുന്നു

ന്യൂഡല്‍ഹി● രാജ്യത്തെ പണമിടപാട് രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാന്‍ പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ വരുന്നു. നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI- National Payment Corporation of India)യുടെ നേതൃത്വത്തിലാണ് യുണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസ് (UPI- United Payment Interface) എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുക്കുന്നത്. ഇലക്ട്രോണിക് പണത്തിന്റെ ഉപഭോഗം വര്‍ദ്ധിപ്പിക്കാനുള്ള റിസര്‍വ് ബാങ്ക് പദ്ധതിയുടെ ഭാഗമായാണ് ആപ്പ് വികസിപ്പിച്ചെടുക്കുന്നത്. നിലവില്‍ 21 ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്ക് പുതിയ യു.പി.ഐ ആപ്പിന്റെ സേവനത്താല്‍ പണമിടപാട് നടത്താന്‍ സാധിക്കും. ഭാവിയില്‍ മറ്റു ബാങ്കുകളും ഈ ശൃംഖലയില്‍ ചേര്‍ന്നേക്കും.

ബാങ്ക് അക്കൗണ്ട്‌ നമ്പര്‍ നല്‍കേണ്ടതില്ല എന്നതാണ് ഈ ആപ്പിന്റെ പ്രധാന പ്രത്യേകത. പകരം ഇ-മെയില്‍ വിലാസത്തിന് സമാനമായ വിലാസത്താലാണ് ഓരോ ഉപഭോക്താക്കളെയും ആപ്പ് തിരിച്ചറിയുന്നത്. ഇത്തരം വിലാസത്തില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കേണ്ടാത്തതിനാല്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് തടയിടാനും യു.പി.ഐ മുഖേന സാധിക്കും. ഒരു ഉപഭോക്താവിന് വിവിധ ബാങ്കുകള്‍ക്കായി വിവിധ യു.പി.ഐ വിലാസങ്ങള്‍ സൃഷ്ടിക്കാനുള്ള സൗകര്യവും ആപ്പ് നല്‍കുന്നുണ്ട്. പണമിടപാട് പൂര്‍ത്തീകരിക്കാന്‍ സുരക്ഷിത പിന്‍കോഡ്‌ നല്‍കണം. അതിനാല്‍ സുരക്ഷിതമായി ഇപാടുകള്‍ നടത്താന്‍ കഴിയും.

നിലവിലുള്ള ഐ.എം.പി.എസ് സംവിധാനത്തിന്റെ നവീകരിച്ച സംവിധാനമായ യു.പി.ഐ അടുത്ത മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ജനങ്ങള്‍ക്ക് ലഭ്യമാകും. ആന്ധ്രാ ബാങ്ക്, ആക്‌സിസ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, ഡിസിബി ബാങ്ക്, ഫെഡറല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഒറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, കര്‍ണ്ണാടക ബാങ്ക്, യുസിഒ ബാങ്ക്, യൂണിയന്‍ ബാങ്ക് ഒഫ് ഇന്ത്യ, യണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നീ ബാങ്കുകളാണ് ആദ്യഘട്ടത്തില്‍ യു.പി.ഐയില്‍ പങ്കാളികളാകുന്നത്.

shortlink

Post Your Comments


Back to top button