NewsInternational

ഖത്തറില്‍ പൊതുമാപ്പ് 12 വര്‍ഷത്തിന് ശേഷം ഇന്ത്യക്കാര്‍ക്കടക്കം ലക്ഷക്കണക്കിന് പേര്‍ക്ക് നാട്ടിലെത്താന്‍ തുണ

ദോഹ : പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് ഖത്തറില്‍ അനധികൃത താമസക്കാര്‍ക്കു നിയമനടപടികള്‍ ഒഴിവാക്കി നാട്ടിലേക്കു മടങ്ങാനുള്ള പൊതുമാപ്പ് അധികൃതര്‍ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ ഒന്നു വരെയുള്ള മൂന്നു മാസക്കാലയളവില്‍ ഇന്ത്യക്കാരടക്കമുള്ള ലക്ഷക്കണക്കിന് അനധികൃത താമസക്കാര്‍ക്കു രേഖകള്‍ ശരിയാക്കി നാട്ടിലേക്കു മടങ്ങാനാകും.

രാജ്യത്തേക്കുള്ള പ്രവേശനം, പുറത്തുപോകല്‍, താമസം, സ്‌പോണ്‍സര്‍ഷിപ് എന്നിവ ഉള്‍പ്പെടുന്ന 2009 നാലാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് രാജ്യത്തു താമസിക്കുന്നവര്‍ക്ക് ഇക്കാലയളവില്‍ നിയമനടപടികള്‍ നേരിടാതെ പുറത്തു പോകാന്‍ കഴിയുമെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അനധികൃത താമസക്കാര്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള സേര്‍ച്ച് ആന്‍ഡ് ഫോളോഅപ് വകുപ്പുമായി ബന്ധപ്പെട്ട് എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കണം. രാജ്യത്തേക്കു പ്രവേശിക്കുന്നവര്‍ വിസ, റസിഡന്‍സി ചട്ടങ്ങള്‍ ലംഘിച്ചാല്‍ പിഴയടച്ച് 90 ദിവസത്തിനകം രാജ്യം വിട്ടുപോകണമെന്നാണു 2009ലെ നാലാം നമ്പര്‍ നിയമത്തിലുള്ളത്. മൂന്നു വര്‍ഷം വരെ തടവോ 50,000 റിയാല്‍ പിഴയോ രണ്ടും കൂടിയോ ആണ് നിയമലംഘകര്‍ക്കുള്ള ശിക്ഷ. പൊതുമാപ്പു കാലത്ത് ഈ നിയമനടപടികള്‍ ഒഴിവാക്കി രാജ്യത്തിനു പുറത്തു പോകാനാകും.

വിസ കാലാവധി കഴിഞ്ഞും റസിഡന്‍സ് പെര്‍മിറ്റ് പുതുക്കാതെ രാജ്യത്തു തങ്ങുന്നവര്‍, സന്ദര്‍ശക വീസയിലെത്തി കാലാവധി കഴിഞ്ഞവര്‍, സ്‌പോണ്‍സറുടെ കീഴില്‍ നിന്ന് ഒളിച്ചോടി അനധികൃതമായി മറ്റു തൊഴില്‍ ചെയ്യുന്നവര്‍, നിയമവിധേയമല്ലാതെ രാജ്യത്തു പ്രവേശിച്ചവര്‍ തുടങ്ങിയവര്‍ക്കു പൊതുമാപ്പ് ഗുണം ചെയ്യും. സ്‌പോണ്‍സറുടെ കീഴില്‍ നിന്ന് ഒളിച്ചോടി ചെറിയ ജോലികള്‍ ചെയ്തു ജീവിക്കുന്ന തൊഴിലാളികള്‍ ഒട്ടേറെയുണ്ട്. ജയില്‍ശിക്ഷ ഭയന്നു വര്‍ഷങ്ങളായി നാട്ടില്‍ പോകാന്‍ കഴിയാത്ത ഇവര്‍ക്ക് നാട്ടില്‍ പോകാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

ഖത്തറിന്റെ ചരിത്രത്തിലെ മൂന്നാമത്തെ പൊതുമാപ്പാണിത്. 2009ല്‍ പുതിയ സ്‌പോണ്‍സര്‍ഷിപ് നിയമം വന്നതിനു ശേഷമുള്ള ആദ്യവും.2004ല്‍ പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോള്‍ ആറായിരത്തിലധികം അനധികൃത താമസക്കാരാണു രാജ്യത്തിനു പുറത്തു പോയത്. നേപ്പാള്‍, ഇന്ത്യന്‍, പാക്കിസ്ഥാന്‍ സ്വദേശികളായിരുന്നു ഇതിലേറെയും. ഏഴര ലക്ഷമായിരുന്നു അന്നത്തെ ഖത്തര്‍ ജനസംഖ്യ. ഇപ്പോഴത് 25 ലക്ഷത്തിലധികമായി ഉയര്‍ന്നു. അതിനാല്‍ ഇത്തവണ പൊതുമാപ്പിന്റെ ആനുകൂല്യം നേടുന്നവരുടെ സംഖ്യ ഉയരുമെന്നാണു പ്രതീക്ഷ.

2004 മാര്‍ച്ച് 21 മുതല്‍ ജൂണ്‍ 20 വരെയായിരുന്നു ആദ്യം പൊതുമാപ്പ് പ്രഖ്യാപിച്ചതെങ്കിലും ഒരു മാസം കൂടി ദീര്‍ഘിപ്പിച്ചു. പൊതുമാപ്പില്‍ അന്നു പുറത്തു പോയവര്‍ക്ക് രണ്ടു വര്‍ഷത്തിനു ശേഷം പുതിയ വീസയില്‍ മടങ്ങി വരാന്‍ അനുമതി നല്‍കിയിരുന്നു. ഇപ്പോഴത്തെ പൊതുമാപ്പില്‍ ഇത് അനുവദിക്കുമോ എന്നു വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button