ലണ്ടന്‍: ലോകത്ത് അറിയപ്പെട്ടതില്‍ വച്ച് ഏറ്റവും പഴക്കം ചെന്ന കാന്‍സറിന്റെ രൂപം കണ്ടെത്തി. 17 ലക്ഷം വര്‍ഷം പഴക്കമുള്ള കാന്‍സറിന്റെ രൂപമാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. കാലിന്റെ എല്ലില്‍ ബാധിച്ചിരുന്ന കാന്‍സറിന്റെ രൂപമാണ് കണ്ടെത്തിയിരിക്കുന്നത്. മനുഷ്യകുലത്തിന്റെ ആരംഭകാലം മുതല്‍ക്കേ കാന്‍സര്‍ ഉണ്ടെന്നു തെളിയിക്കുന്നതാണ് പുതിയ കണ്ടെത്തല്‍. സെന്‍ട്രല്‍ ലങ്കാഷെയര്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ അടങ്ങുന്ന സംഘമാണ് അസ്ഥി കണ്ടെടുത്തത്.
ആധുനിക ജീവിതരീതിയുടെ ഉല്‍പ്പന്നമാണ് കാന്‍സര്‍ എന്ന പുതിയ ചിന്താഗതിയുടെ മുനയൊടിക്കുന്നതാണ് ഈ കണ്ടെത്തല്‍. ഇതോടെ കാന്‍സറിന്റെ ഉല്‍പ്പത്തിയെ കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ ചോദ്യം ചെയ്യപ്പെടും. ദക്ഷിണാഫ്രിക്കയിലെ രണ്ടിടങ്ങളിലായാണ് ഇത് കണ്ടെത്തിയിട്ടുള്ളത്. നേരത്തെ നിയാണ്ടര്‍താല്‍ യുഗത്തില്‍ ജീവിച്ചിരുന്നവരുടെ ഫോസിലില്‍ നിന്നും ട്യൂമറിന്റെ ലക്ഷണം കണ്ടെത്തിയിരുന്നു. ഇതിനേക്കാളും 1.6 ദശലക്ഷം വര്‍ഷം പഴക്കമുള്ളതാണ് കാന്‍സറിന്റെ കണ്ടെത്തല്‍.
കാന്‍സറുകളും ട്യൂമറുകളും ആധുനിക ജീവിതരീതിയുടെ ഉല്‍പ്പന്നമാണെന്ന സിദ്ധാന്തമാണ് ചോദ്യം ചെയ്യപ്പെടുന്നതെന്ന് ശാസ്ത്രജ്ഞ സംഘത്തിലുണ്ടായിരുന്ന എഡ്വാര്‍ഡ് ഓഡസ് പറയുന്നു.
ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഇത്തരം രോഗങ്ങള്‍ ഉണ്ടായിരുന്നു എന്നതിന് തെളിവാണ് ഇതെന്ന് ഓഡസ് പറയുന്നു. എന്നാല്‍, കണ്ടെത്തിയിട്ടുള്ളത് മുതിര്‍ന്നയാളുടെ പാദത്തിലെ എല്ലാണോ കുട്ടികളുടേതാണോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ ശാസ്ത്രജ്ഞ സംഘത്തിനായിട്ടില്ല. എന്നാല്‍, ഇതുമൂലം കാലിനു വേദനയുണ്ടായിട്ടുണ്ടാകാം എന്നു ശാസ്ത്രജ്ഞര്‍ പറയുന്നു.
Post Your Comments