NewsInternational

ഐ.എസിന് മരണ മണി : ഐ.എസിനെ ഭൂലോകത്ത് നിന്ന് തുടച്ചുനീക്കാന്‍ ശക്തമായ നീക്കം

ഇസ്താംബുള്‍ : ഐ.എസിനെയും കുര്‍ദ് പോരാളികളെയും ലക്ഷ്യമിട്ടു ടാങ്കുകളും പോര്‍വിമാനങ്ങളുമായി തുര്‍ക്കി പ്രത്യേക സേന സിറിയയില്‍ കടന്നു. സിറിയന്‍ വിമതസേനയുടെ സഹകരണത്തോടെ ഉത്തര സിറിയയിലേക്കുള്ള തുര്‍ക്കിസേനയുടെ സൈനികനീക്കത്തിനു യു.എസ് പോര്‍വിമാനങ്ങളും പിന്തുണ നല്‍കി.

ആദ്യമായാണു സിറിയയില്‍ നാറ്റോ സഖ്യവുമായി സഹകരിച്ചുള്ള സൈനികനീക്കം. അതിര്‍ത്തിപ്പട്ടണമായ ജറാബ്ലസില്‍ കനത്ത ആക്രമണമാണു തുര്‍ക്കിസേന നടത്തിയത്.

ഐ.എസും കുര്‍ദു പോരാളികളുമാണു സേനയുടെ ലക്ഷ്യമെന്നു തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോഗന്‍ അറിയിച്ചു. കഴിഞ്ഞ നവംബറില്‍ റഷ്യന്‍ വിമാനം വെടിവച്ചിട്ടശേഷം ആദ്യമായാണു സിറിയയില്‍ തുര്‍ക്കിയുടെ പോര്‍വിമാനങ്ങള്‍ പ്രവേശിക്കുന്നത്. ഓട്ടോമന്‍ വീരനായകനായ സുലൈമാന്‍ ഷായുടെ കബറിടം മാറ്റിസ്ഥാപിക്കുന്നതിന്റെ ഭാഗമായി 2015 ഫെബ്രുവരിയില്‍ തുര്‍ക്കി പ്രത്യേകസേന സിറിയയില്‍ പ്രവേശിച്ചിരുന്നു.

കഴിഞ്ഞദിവസം സിറിയന്‍ അതിര്‍ത്തിയിലെ തുര്‍ക്കി പട്ടണത്തില്‍ വിവാഹാഘോഷത്തിനിടെ നടന്ന ചാവേര്‍ ആക്രമണത്തില്‍ 54 പേരാണു കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്നാണ് അതിര്‍ത്തിയില്‍നിന്ന് ഐ.എസിനെ തുടച്ചുനീക്കുമെന്നു തുര്‍ക്കി പ്രഖ്യാപിച്ചത്.

ഐഎസിനെതിരെ തുര്‍ക്കിസേനയ്ക്കു പിന്തുണയുമായി യുഎസ് പോര്‍വിമാനങ്ങള്‍ ഉണ്ടാകുമെങ്കിലും കുര്‍ദ് വിരുദ്ധ നടപടികളെ അനുകൂലിക്കില്ലെന്നു യുഎസ് വ്യക്തമാക്കി. തുര്‍ക്കിയിലെ കുര്‍ദ് വിമതരുടെ ഭാഗമാണു സിറിയയിലെ കുര്‍ദ് പോരാളികളുമെന്നതാണു തുര്‍ക്കിയുടെ നയം.

എന്നാല്‍ സിറിയയില്‍ ഐഎസിനെതിരായ പോരാട്ടത്തില്‍ കുര്‍ദുകള്‍ ഉറച്ച സഖ്യകക്ഷിയാണെന്ന നിലപാടിലാണു യുഎസ്. തുര്‍ക്കിയുടെ ആക്രമണം ആരംഭിച്ചു മണിക്കൂറുകള്‍ക്കകം തുര്‍ക്കി സന്ദര്‍ശനത്തിനായി യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ അങ്കാറയിലെത്തി.

shortlink

Post Your Comments


Back to top button