KeralaNews

പെരുമ്പാവൂര്‍ സ്വര്‍ണകവര്‍ച്ചയ്ക്ക് പിന്നില്‍ : തീവ്രവാദ ബന്ധം

കൊച്ചി: പെരുമ്പാവൂര്‍ സ്വര്‍ണക്കവര്‍ച്ചയ്ക്ക് പിന്നില്‍ തീവ്രവാദ ബന്ധമുള്ള രണ്ട് സംഘങ്ങളെന്ന് പോലീസ്. നിരവധി തീവ്രവാദ കേസുകളുമായി ബന്ധമുള്ള ഹാലിമിന്റെ നേതൃത്വത്തിലുള്ള കണ്ണൂരില്‍ നിന്നുള്ള സംഘവും കശ്മീര്‍ റിക്രൂട്ട്‌മെന്റ് അടക്കമുള്ള കേസുകളില്‍ സംശയത്തിന്റെ നിഴലിലുള്ള വൈറ്റില ചളിക്കവട്ടം സ്വദേശി ഹാരിസിന്റെ നേതൃത്വത്തിലുള്ള സംഘവും സംയുക്തമായാണ് കവര്‍ച്ച നടത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം.

കണ്ണൂരില്‍നിന്ന് എത്തിയ സംഘം ഉപയോഗിച്ച ഇന്നോവ കാറും വൈറ്റിലയില്‍നിന്നുള്ള സംഘത്തിന്റെ ഓള്‍ട്ടോ കാറും ബൈക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഹാരിസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണം കൊണ്ടുപോയതെന്ന് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞു.

ഹാരിസിനെ അറസ്റ്റ് ചെയ്താല്‍ മാത്രമേ സ്വര്‍ണം സംബന്ധിച്ച വിവരം ലഭിക്കൂ.
അതിനിടെ കേസുമായി ബന്ധപ്പെട്ട നിര്‍ണായകമായ തെളിവ് പോലീസിന് ലഭിച്ചിട്ടുണ്ട്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ സംഘം പെരുമ്പാവൂരിലെ വീട്ടില്‍ നിന്നും കൊണ്ടുപോയ സ്വര്‍ണത്തിന്റെയും മറ്റും രേഖകള്‍ അടങ്ങിയ മഞ്ഞ ബാഗ് ആലുവ മംഗലപ്പുഴ പാലത്തിന്റെ അടിയില്‍ പെരിയാറ്റില്‍ നിന്നും കണ്ടെത്തി. മുങ്ങല്‍ വിദഗ്ദ്ധരുടെ സഹായത്തോടെയാണ് രേഖകള്‍ അടങ്ങിയ ബാഗ് കണ്ടെത്തിയത്. ബാഗ് പുഴയില്‍ കല്ലുകെട്ടി താഴ്ത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

പെരുമ്പാവൂര്‍ പാറപ്പുറം പാളിപ്പറമ്പില്‍ സിദ്ദിഖിന്റെ വീട്ടിലാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ സംഘം വന്‍കവര്‍ച്ച നടത്തിയത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയ സംഘം വീട്ടിലുണ്ടായിരുന്ന 60 പവന്‍ സ്വര്‍ണാഭരണങ്ങളും 25,000 രൂപയും നിരവധി രേഖകളുമായി കടന്നു. എട്ടംഗ മോഷണസംഘത്തിലെ നാലുപേര്‍ ഇതിനകം പോലീസിന്റെ പിടിയിലായിട്ടുണ്ട്. തീവ്രവാദ കേസുകളില്‍ തടവില്‍ കഴിയുന്ന തടിയന്റവിട നസീറിന്റെ കൂട്ടാളി അബ്ദുള്‍ ഹാലിം അടക്കമുള്ളവരാണ് പിടിയിലായത്. കോഴിക്കോട് ഇരട്ട സ്‌ഫോടനം അടക്കം നിരവധി കേസുകളില്‍ അന്വേഷണം നേരിട്ടയാളാണ് പിടിയിലായ ഹാലിം.

shortlink

Related Articles

Post Your Comments

Related Articles


Back to top button