News

കാലാനുവര്‍ത്തിയായ അവതാരപുരുഷന്‍..

അഞ്ജു പ്രഭീഷ്

കലിയുഗാരംഭത്തിനും നൂറ്റിയിരുപത്തഞ്ചു വര്‍ഷം മുമ്പ്,അതായത് ആധുനികമതപ്രകാരം ബി.സി 3228 ചിങ്ങമാസത്തിലെ കൃഷ്ണാഷ്ടമിയില്‍ അര്‍ദ്ധരാത്രി രോഹിണി നക്ഷത്രത്തില്‍ കംസകാരാഗൃഹത്തില്‍ ജനിച്ച ഒരു ഉണ്ണി ഒരു ദേശത്തിന്‍റെ മുഴുവന്‍ പൈതൃകസ്വത്തായി മാറി.മറ്റെല്ലാ അവതാരമൂര്‍ത്തികളില്‍ നിന്നും ശ്രീകൃഷ്ണന്‍ മാത്രമെന്തേ വ്യത്യസ്തനാകുന്നുവെന്നു നാമെപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ?ഹൈന്ദവദേവന്മാരില്‍ പൂര്‍ണ്ണ അവതാരമെന്നു വിശേഷിക്കപ്പെടാനുള്ള യോഗ്യത ജ്ഞാനികള്‍ ശ്രീകൃഷ്ണനുമാത്രം കല്പിച്ചുനല്കിയതെന്തേ?ജനനം മുതല്‍ മരണം വരെയുള്ള കാലഘട്ടത്തിലെ ഭഗവാന്‍ നിറഞ്ഞാടിയ വേഷങ്ങളെയും പല ഭാവങ്ങളെയും ആരാധിക്കാന്‍ ഭക്തമനസ്സുകള്‍ക്ക് കഴിയുന്നുവെന്നതാണ്‌ ഒന്നാമത്തെ കാര്യം.അമ്മമാര്‍ക്ക് എന്നും ഉണ്ണിക്കണ്ണനായും നവനീതചോരനായും ബാലഗോപാലനായും നിറഞ്ഞാടുന്ന കണ്ണന്‍,യുവതികള്‍ക്ക്‌ ആത്മനാഥനാണ്..യുവാക്കള്‍ക്കാവട്ടെ കര്‍മ്മധീരനായ വഴികാട്ടി.സാധകര്‍ക്കും തപസ്വീകള്‍ക്കും അദ്ദേഹം പരമഗുരുവാണ്.രാജ്യതന്ത്രജ്ഞര്‍ക്ക് ഭഗവാന്‍ അഗ്രഗണ്യനായ നയതന്ത്രജ്ഞനും നീതിമാനുമായ ഭരണാധികാരി.ഇന്നത്തെ സമകാലിക സാമൂഹ്യജീവിതത്തില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജീവിതത്തിനും കര്‍മ്മങ്ങള്‍ക്കും ഏറെ പ്രസക്തിയുണ്ട്.”കര്‍മ്മകുശലതയാണ് യോഗം” എന്ന യോഗശബ്ദത്തിനര്‍ത്ഥത്തെ ഗ്രഹിച്ചു കാലത്തെ വെല്ലുന്ന കര്‍മ്മനിയമത്തെ കാഴ്ചവെച്ച കര്‍മ്മയോഗിയായ ഭഗവാന്‍റെ മാര്‍ഗ്ഗമാണ് ശ്രീബുദ്ധന്‍റെ ത്യാഗത്തേക്കാള്‍ ഇന്നത്തെ ലോകത്തിനും കാലത്തിനും ഏറെ ആവശ്യം.

അയ്യായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് പിറവിയെടുത്ത ആ അവതാരപുരുഷനെ ഇന്നും നമ്മള്‍ ആരാധിക്കുകയും,ആ ജന്മാഷ്ടമി ലോകമാകമാനമുള്ള ഹൈന്ദവജനത ആഘോഷിക്കുകയും ചെയ്യുന്നതിനു കാരണം അദ്ദേഹത്തിന്റെ ജീവിതത്തിന്റെയും സാരോപദേശങ്ങളുടെയും പ്രസക്തി അന്നുമിന്നും ഒരുപോലെ നിലനില്‍ക്കുന്നതുകൊണ്ടാണ്.ശ്രീകൃഷ്ണഭഗവാന്‍റെ ജീവിതം എല്ലാരീതിയിലും ഒരു മാര്‍ഗ്ഗദീപമാണ്.ദേവകിയുടെ ഉദരത്തില്‍ ജീവനങ്കുരിച്ചത് മുതല്‍ ജീവിതാവസാനം വരെയും വെല്ലുവിളികളുടെയും പരീക്ഷണങ്ങളുടെയും സമുദ്രങ്ങള്‍ താണ്ടേണ്ടി വന്നൊരു ജന്മമായിരുന്നു ഭഗവാന്‍റെതു.എല്ലാ വൈതരണികളെയും നിറപുഞ്ചിരിയോടെ അതിജീവിച്ചവനാണ് ഭഗവാന്‍.ഹൃദയത്തില്‍ നിറഞ്ഞുനിന്നിരുന്ന പൂര്‍ണ്ണസംതൃപ്തിയുടെ തെളിനിലാവായിരുന്നു ശ്രീകൃഷ്ണന്റെ മുഖത്തെ ഒരിക്കലും മായാതിരുന്ന ആ പുഞ്ചിരി.ജീവിതത്തിലുണ്ടാകുന്ന ജയപരാജയങ്ങളെ ഒരുപോലെ കണ്ടതുകൊണ്ടാവും ഭഗവാന് എപ്പോഴും ചിരിക്കാന്‍ കഴിഞ്ഞത്.ലോകജീവിതം ഒരു ലീലയായി ആടിതീര്‍ത്തവനാണ് ഭഗവാന്‍.കാരാഗൃഹത്തില്‍ പിറന്നുവീണയുടനെ പെറ്റമ്മയെയും താതനെയും പിരിഞ്ഞു,പോറ്റമ്മയുടെയും വളര്‍ത്തച്ഛന്‍റെയും സ്നേഹതണലില്‍ ബാല്യം ചിലവിട്ടു.ക്ഷത്രീയകുലത്തില്‍ ജനിച്ചിട്ടും വളര്‍ന്നുവന്നതോ യാദവകുലത്തില്‍..രാജകുമാരനായി പിറന്നിട്ടും ഇടയബാലകനായി കാലികളെ മേയ്ച്ചുനടന്നു ഭഗവാന്‍.കുലമഹിമയെന്നാല്‍ ജന്മത്തിലല്ല,മറിച്ചു കര്‍മ്മത്തിലാണ് കാര്യമെന്ന് സ്വജീവിതം കൊണ്ട് പഠിപ്പിച്ചു ഭഗവാന്‍.

സാന്ദീപനിമഹര്‍ഷിയുടെ ആശ്രമത്തിലെ ഗുരുകുലപഠനവേളയില്‍ ആത്മമിത്രമായി സ്വീകരിച്ചതോ പരമദരിദ്രനായ സുദാമാവിനെ..പിന്നീട് ദ്വാരകാപുരിയുടെ നാഥനായി വാഴുമ്പോള്‍ അവിലും മലരുമായി സതീര്‍ത്ഥ്യനെ കാണാനെത്തിയ കുചേലനെ അവിടുന്ന് സ്വീകരിച്ചതോ ഹൃദയതാലത്തില്‍ ഒരുക്കിയ സൗഹൃദപൂക്കളുമായി..മനം നിറഞ്ഞു യാത്രയായ കുചേലന് അവിടുന്ന് സര്‍വ്വസൗഭാഗ്യങ്ങളും നല്‍കി അനുഗ്രഹിച്ചപ്പോള്‍ വെളിവാകുന്നത് കുലത്തിനും ധനത്തിനും പദവിക്കും അതീതമായ മഹത്തായ സൗഹൃദത്തിന്‍റെ മാനങ്ങളാണ്.മഴപെയ്യിക്കുന്നതിനു വേണ്ടി ഇന്ദ്രയാഗത്തിനു ഗോകുലവാസികള്‍ ഒരുങ്ങിയപ്പോള്‍ വനനിബിഡമായ ഗോവര്‍ദ്ധനപര്‍വ്വതത്തെ പൂജിക്കാനും മഴമേഘങ്ങളെ തടുത്തുനിറുത്തി മഴപെയ്യിക്കുന്നത് പര്‍വ്വതങ്ങളാണെന്നും അരുളിചെയ്ത ഭഗവാനോളം പ്രകൃതിസ്നേഹി മറ്റാരാണ്‌?വനസംരക്ഷണം ജീവനത്തിനു ഏറ്റവും അവിഭാജ്യമെന്നു അരുളിച്ചെയ്ത ഭഗവാന്‍ ആചാരങ്ങളിലെ അജ്ഞതയെ യുക്തി കൊണ്ട് വേണം നേരിടാനെന്നുള്ള വലിയൊരു പാഠം ഗോവര്‍ദ്ധനധാരിയായി നമുക്ക് കാട്ടിത്തരുന്നു.ഉഗ്രസേന ഉദ്ധവാദി രാഷ്ട്രതന്ത്രജ്ഞരുടെ അടുത്ത് ഗഹനങ്ങളായ രാജനൈതിക ചര്‍ച്ചകള്‍ നടത്തുന്ന ഭഗവാന്‍ ഒരിക്കലും സ്വാധീനം കൊണ്ടും കരുത്തുകൊണ്ടും തന്‍റെ ദ്വാരകാപുരിയെ അതിരുകളും എതിരുകളും ഇല്ലാത്ത ഒരു രാജ്യമാക്കാന്‍ ആഗ്രഹിച്ചില്ല.

നരകാസുരന്‍ കാരാഗൃഹത്തിലടച്ച പതിനാറായിരം കന്യകമാരെ മോചിപ്പിച്ചു അഭയമേകുന്നതിലൂടെയും വസ്ത്രാക്ഷേപ സമയത്ത് പ്രത്യക്ഷനായി കൃഷ്ണയുടെ മാനം രക്ഷിക്കുന്നതിലൂടെയും ഭഗവാന്‍ സ്ത്രീപീഡനങ്ങള്‍ക്കറുതി വരുത്തിയ പുരുഷോത്തമനാണെന്നു കാണാം.കാലിമേയ്ക്കുന്ന ഗോപാലനായും ശാന്തിദൂതിനു പോകുന്ന ദൂതനായും തേരാളിയായും ദ്വാരകാപുരിയുടെ രക്ഷകനായും വര്‍ത്തിച്ച ഭഗവാന്‍ സ്വജീവനത്തിലൂടെ കാട്ടിത്തരുന്നത് ഏതുതരം ജോലിക്കും ഉള്ള മഹനീയതയാണ്.വലിപ്പചെറുപ്പവും സ്ഥാനമാനങ്ങളും നോക്കാതെ സമസ്തമേഖലകളിലും പ്രവര്‍ത്തിച്ച കര്‍മ്മധീരനാണ് ഭഗവാന്‍.ഗൃഹസ്ഥ ധര്‍മ്മത്തെക്കുറിച്ചും സന്യാസധര്‍മ്മത്തെക്കുറിച്ചും വ്യക്തമായ ധാരണയും പ്രായോഗികബുദ്ധിയുമുണ്ട് ശ്രീകൃഷ്ണന്.കുരുക്ഷേത്രയുദ്ധത്തില്‍ ബന്ധുജനങ്ങള്‍ക്കു നേരെ യുദ്ധം ചെയ്യാനാവാതെ തളര്‍ന്നുപോയ അര്‍ജ്ജുനനോട് സ്വധര്‍മ്മരക്ഷയ്ക്ക് വേണ്ടി യുദ്ധം അനിവാര്യമെന്നു ഉപദേശിക്കുന്ന അതേ ഭഗവാന്‍ തന്നെയല്ലേ ഉദ്ധവരോട് സര്‍വ്വസംഗപരിത്യാഗമാണ് മോക്ഷപ്രാപ്തിക്കുള്ള വഴിയെന്ന് ഉപദേശിക്കുന്നത്.അതുപോലെതന്നെ നീതിമാനും നയതന്ത്രജ്ഞനുമായ ഒരു ഭരണാധികാരി കൂടിയായിരുന്നു അവിടുന്ന്.പല രാജ്യങ്ങളുടെയും കാര്യവിചാരങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുമ്പോഴും,ഒരിക്കലും മറ്റു രാജ്യങ്ങള്‍ പിടിച്ചടക്കാന്‍ ശ്രമിച്ചില്ല.എന്നിരുന്നാലും സദാ അധര്‍മ്മത്തെ ഇല്ലായ്മ ചെയ്യാനും ധര്‍മ്മത്തെ സ്ഥാപിക്കാനും സദാ വ്യാപൃതനായിരുന്നു.അധര്‍മ്മം ആര് പ്രവര്‍ത്തിച്ചാലും അവരെ ഉന്മൂലനം ചെയ്യാന്‍ ബന്ധുത്വമോ ഗുരുത്വമോ തടസ്സമാവരുതെന്ന വലിയ പാഠം സ്വജീവിതത്തിലൂടെ കാട്ടിത്തന്ന ധര്‍മ്മപാലകനാണ് ഭഗവാന്‍.സ്വന്തം അമ്മാവനായ കംസനെ വധിക്കുന്നതില്‍ നിന്നോ കുരുക്ഷേത്രയുദ്ധത്തില്‍ ബന്ധുക്കളെയും ഗുരുജനങ്ങളെയും കണ്ടു വിഭ്രാന്തി നേരിട്ട അര്‍ജ്ജുനനോട് ഗീതോപദേശം നല്‍കുന്നതില്‍ നിന്നോ തടസ്സമാകാതിരുന്നതും ഈ ധര്‍മ്മബോധം തന്നെ.

അധര്‍മ്മത്തിന്‍റെ പക്ഷത്ത് സ്വന്തം ബന്ധുക്കളായാല്‍ പോലും മാനവരാശിയുടെ നന്മയ്ക്കും ധര്‍മ്മസംരക്ഷണത്തിനുമായി അവരെ പരാജയപ്പെടുത്തേണ്ടതാണെന്ന് ജീവിതത്തിലൂടെ കാട്ടിത്തന്ന ശ്രീകൃഷ്ണനെയാണ് സമസ്ത ലോകവും മാതൃകയാക്കേണ്ടത്.സ്വന്തം മതത്തിലും രാഷ്ട്രീയപാര്‍ട്ടികളിലും പെട്ടവര്‍ ചെയ്യുന്ന അക്രമങ്ങള്‍ കണ്ടില്ലെന്നു നടിച്ചുകൊണ്ട്‌ മറ്റു മതങ്ങളെയും രാഷ്ടീയ എതിരാളികളെയും ഉന്മൂലനം ചെയ്യാന്‍ അണികള്‍ക്ക് ആഹ്വാനം ചെയ്യുന്ന ഇന്നത്തെ മതനേതാക്കളും ജനനേതാക്കളും ഈ കര്‍മ്മയോഗിയുടെ ജീവിതം മാര്‍ഗ്ഗമാക്കിയിരുന്നുവെങ്കില്‍!!ഭഗവാനെ ആരാധിച്ചില്ലെങ്കില്‍ കൂടി അദ്ദേഹം കാട്ടിത്തന്ന സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും ന്യായത്തിന്റെയും പാതയിലൂടെ സഞ്ചരിക്കാനെങ്കിലും നമ്മള്‍ ശ്രമിക്കുകയാണെങ്കില്‍ “വസുധൈവ കുടുംബകം” എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടും..

shortlink

Post Your Comments


Back to top button