NewsInternational

കൃത്രിമബുദ്ധിശക്തിയുള്ള കൊലയാളി മിസൈലുകള്‍ : ലോകം വീണ്ടും ആയുധപ്പന്തയത്തിലേക്കോ? ഭീതിയോടെ ജനങ്ങള്‍

കൃത്രിമ ബുദ്ധിശക്തിയെ അടിസ്ഥാനമാക്കി തീരുമാനങ്ങളെടുക്കുന്ന കൊലയാളി മിസൈലുകളുമായി ചൈന. എപ്പോള്‍ എങ്ങനെ ആര്‍ക്കെതിരെ പ്രയോഗിക്കണമെന്ന് സ്വയം തീരുമാനമെടുക്കാനുള്ള ശേഷിയാണ് ഇത്തരം മിസൈലുകളെ വ്യത്യസ്തമാക്കുന്നത്. കൊലയാളി ഡ്രോണുകള്‍ എന്ന് വിളിപ്പേരുള്ള ഇത്തരം ആയുധങ്ങള്‍ക്കെതിരെ ഇപ്പോള്‍ തന്നെ ലോകരാജ്യങ്ങള്‍ക്കിടയില്‍ നിന്നും എതിര്‍പ്പുകളുയര്‍ന്നു കഴിഞ്ഞു.

മനുഷ്യന്റെ നിയന്ത്രണമില്ലാതെ പൂര്‍ണ്ണമായും യാന്ത്രിക ബുദ്ധിശക്തിയില്‍ പ്രവൃത്തിക്കുന്ന ആയുധമാണ് ചൈനയുടെ ലക്ഷ്യം. കൃത്രിമ ബുദ്ധിശക്തി ഉപയോഗിക്കുന്ന ആയുധങ്ങളില്‍ ലോകത്തെ ഒന്നാംകിട ശക്തിയായി ചൈന മാറുമെന്ന് ചൈന എയറോസ്‌പേസ് സയന്‍സ് ആന്റ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍ വക്താവിനെ ഉദ്ധരിച്ച് ചൈന ഡെയ്‌ലി റിപ്പോര്‍ട്ടു ചെയ്തു.

തങ്ങളുടെ ഭാവിയിലെ ക്രൂയിസ് മിസൈലുകള്‍ കൃത്രിമ ബുദ്ധിശക്തിയില്‍ പ്രവര്‍ത്തിക്കുന്നവയായിരിക്കുമെന്ന വ്യക്തമായ മുന്നറിയിപ്പാണ് ചൈന നല്‍കിയിരിക്കുന്നത്. മിസൈലുകള്‍ വഴിമധ്യേ ലക്ഷ്യം തിരിച്ചുവിടുന്നതിനും ലക്ഷ്യത്തില്‍ പതിക്കാതെ തിരിച്ചുവരുന്നതിനുമെല്ലാം ശേഷിയുള്ളവയായിരിക്കും ഇത്തരം എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) മിസൈലുകള്‍.

കൊലയാളി റോബോട്ടുകളുടെ മറ്റൊരു രൂപമാണ് ചൈനയുടെ എഐ മിസൈലുകളെന്നാണ് ഉയരുന്ന മറ്റൊരു പ്രധാന ആരോപണം. മനുഷ്യരേക്കാള്‍ യുദ്ധമേഖലയില്‍ കൃത്രിമ ബുദ്ധിശക്തിയുള്ള ആയുധങ്ങള്‍ക്ക് നിയന്ത്രണം ലഭിക്കുന്നത് ആശങ്കയോടെയാണ് നിരവധിപേര്‍ നോക്കിക്കാണുന്നത്.

കൃത്രിമബുദ്ധിശക്തിയുള്ള ആയുധങ്ങളുടേയും കൊലയാളി റോബോട്ടുകളുടേയും നിര്‍മ്മാണത്തില്‍ ചൈനയും റഷ്യയും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. മേഖലയിലെ മേല്‍ക്കൈ നഷ്ടപ്പെടാതിരിക്കാന്‍ അമേരിക്ക റോബോട്ടിക്‌സില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയേക്കുമെന്നും സൂചനയുണ്ട്. ഇത് വന്‍ശക്തിരാജ്യങ്ങള്‍ക്കിടയില്‍ ആയുധ കിടമത്സരത്തിന് വഴിവെച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button