
ന്യൂഡല്‍ഹി● എമിറേറ്റ്സ്, സ്പൈസ് ജെറ്റ് വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഓട്ടോ ജനറേറ്റഡ് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് സ്പൈസ് ജെറ്റ് വിമാനം മുകളിലൂടെ കൂടി പറക്കുകയായിരുന്ന എമിറേറ്റ്സ് വിമാനത്തിന്റെ അടുത്തേക്ക് അപകടകരമാം വിധം ഉയര്‍ന്നതാണ് കാരണം. ആഗസ്റ്റ് 11 ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. ചെന്നൈയില്‍ നിന്നും ഹൈദരാബാദിലേക്ക് പറന്ന സ്‌പൈസ് ജെറ്റിന്റെ (SG 511) വിമാനവും എമിറേറ്റ്‌സിന്റെ ദുബൈ വഴിയുള്ള ബ്രിസ്ബന്‍ (EK 433) വിമാനവുമാണ് കൂട്ടിയിടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.
സ്‌പൈസ് ജെറ്റിന് 34000 അടി ഉയരത്തില്‍ പറക്കാനായിരുന്നു നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ സ്‌പൈസ് ജെറ്റ് വിമാനം അനുവദിച്ച 34000 അടിയില്‍ നിന്നും 1000 അടി കൂടി ക്ലിയറന്‍സ് ലഭിക്കാതെ ഉയര്‍ന്ന് പറക്കുകയായിരുന്നു. അതിനാല്‍ എമിറേറ്റ്‌സ് വിമാനം സഞ്ചരിച്ചിരുന്ന ഉയരത്തിലേക്ക് സ്‌പൈസ് ജെറ്റ് വിമാനം കടക്കുകയായിരുന്നു. തുടര്‍ന്ന് എമിറേറ്റ്സ് വിമാനത്തിന്റെ ടി.സി.എസ് സംവിധാനത്തില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് ഇരുവിമാനങ്ങളും തമ്മിലുള്ള അകലം വര്‍ധിപ്പിക്കുകയായിരുന്നു. വ്യോമ മണ്ഡലത്തില്‍ മറ്റു വിമാനങ്ങളുടെ സാന്നിധ്യം മനസിലാക്കുന്നതിനായി വിമാനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള സംവിധാനമാണ് ടി.സി.എസ്.
സംഭവത്തില്‍ ഡി.ജി.സി.എ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, തങ്ങള്‍ക്ക് 36000 അടി ഉയരത്തില്‍ പറക്കാന്‍ നിര്‍ദ്ദേശം ലഭിച്ചുവെന്നും തുടര്‍ന്ന് ഉയര്‍ന്ന് 35000 അടിയില്‍ എത്തിയപ്പോള്‍ വീണ്ടും 34000 അടിയില്‍ പറക്കാന്‍ അടിയന്തിര നിര്‍ദ്ദേശം ലഭിക്കുകയായിരുന്നുവെന്ന് സ്പൈസ് ജെറ്റ് അധികൃതര്‍ വിശദീകരിക്കുന്നു അപ്പോഴേക്കും വിമാനം 35000 അടി ഉയരം പിന്നിട്ടിരുന്നു. തുടര്‍ന്ന് പൈലറ്റ് 35000 അടിയിലേക്ക് വിമാനത്തെ നിയന്ത്രിയ്ക്കുകയായിരുന്നുവെന്നും സ്പൈസ് ജെറ്റ് പറയുന്നു.
Post Your Comments