ശ്രീനഗര്‍● കാശ്മീര്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ കാണാനെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍ക്കും മാധ്യമപ്രവര്‍ത്തകന്‍ പ്രേം ശങ്കര്‍ ഝായ്ക്കും നേരെ പ്രതിഷേധം. വ്യാഴാഴ്ച ശ്രീനഗറിലെ ശ്രീ മഹാരാജ ഹരി സിംഗ് ആശുപത്രിയിലെത്തിയ അയ്യരേയും സംഘത്തേയും പ്രതിഷേധക്കാര്‍ ആശുപത്രിയില്‍ നിന്നും പുറത്താക്കിയാതായും ‘ഇന്ത്യന്‍ എക്സ്പ്രസ്’ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.
മാധ്യമപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും ഉള്‍പ്പെട്ട സംഘത്തിന്റെ ഭാഗമായാണ് അയ്യരും ഝായും എത്തിയത്. പെല്ലറ്റ്ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിയ്ക്കുകയായിരുന്നു ലക്‌ഷ്യം. ഇവര്‍ക്ക് പുറമേ, മുന്‍ എയര്‍ വൈസ് മാര്‍ഷല്‍ കപില്‍ കാക്, സാമൂഹിക പ്രവര്‍ത്തക ശബ്‌നം ഹാഷ്മി എന്നിവരും സംഘത്തിലുണ്ടായിരുന്നു. എന്നാല്‍ അയ്യരും ഝായും ആശുപത്രിയില്‍ നിന്ന് പുറത്തുപോകാന്‍ പ്രതിഷേധക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. അതേസമയം, മാധ്യമപ്രവര്‍ത്തകരെയും മറ്റുള്ളവരേയും പരിക്കേറ്റവര്‍ കഴിയുന്ന വാര്‍ഡുകള്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുകയും ചെയ്തു.
ആശുപത്രിയിലേക്ക് വന്ന മണിശങ്കര്‍ അയ്യരോട് ‘ഞങ്ങള്‍ കൊലപാതകികള്‍ക്ക് കൈ കൊടുക്കാറില്ലെന്ന്’ പരിക്കേറ്റവര്‍ പറഞ്ഞതായി ആശുപത്രിയിലെ ഡോക്ടറെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സംഘം എത്തിയപ്പോള്‍ ആശുപത്രിയിലുള്ളവര്‍ ‘ആസാദി’, ‘ഗോ ബാക്ക് ഇന്ത്യ’ മുദ്രാവാക്യങ്ങള്‍ മുഴക്കിയതായും റിപ്പോര്‍ട്ടിലുണ്ട്.
മാധ്യമപ്രവര്‍ത്തകരോടും ആക്ടിവിസ്റ്റുകളോടും പരിക്കേറ്റവര്‍ സാഹചര്യങ്ങള്‍ വിശദീകരിച്ചതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റവര്‍ കഴിയുന്ന ഒഫ്ത്താല്‍മോളജി വാര്‍ഡില്‍ ഫോട്ടോയെടുക്കാന്‍ അനുവദിച്ചില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
Post Your Comments