കൊച്ചി: അന്യമതസ്ഥനായ കാമുകനൊപ്പം പോയ മകളെ ഐ.എസില്‍ ചേര്‍ക്കുമോ എന്നു ഭയക്കുന്നുണ്ടെന്നു കാട്ടി പിതാവിന്റെ ഹേബിയസ് കോര്‍പസ് ഹര്‍ജി. യുവതിയെ രാജ്യത്തിനു പുറത്തേക്കു കൊണ്ടുപോകുന്നില്ലെന്നുറപ്പാക്കണമെന്നു ഹര്‍ജിയില്‍ പൊലീസിനു ഹൈക്കോടതിയുടെ നിര്‍ദേശം. കോട്ടയം ജില്ലക്കാരനായ അശോകനാണു ഹോമിയോ ഡോക്ടറായ മകളെ തിരിച്ചുകിട്ടാന്‍ വേണ്ടി ഐ.എസ് ബന്ധത്തിനുള്ള സാധ്യത മുന്‍കൂട്ടി കണ്ടു കോടതിയെ സമീപിച്ചത്.
അടുത്തയാഴ്ച യുവതിയെ കോടതിയില്‍ ഹാജരാക്കണമെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മലപ്പുറം സ്വദേശിയായ യുവാവിനോടൊപ്പമാണു യുവതി ഇപ്പോഴുള്ളത്. നിലവില്‍ മലപ്പുറത്താണു കഴിയുന്നത്. നേരത്തേയും കോടതിയില്‍ ഹാജരാക്കിയെങ്കിലും പലരുടെയും നിയന്ത്രണത്തിലാണു വന്നതെന്നാണു പിതാവ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. തീവ്രവാദ സംഘവുമായി ബന്ധമുള്ള ആളെക്കൊണ്ടു പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ വിവാഹം നടത്തിക്കാനും നീക്കം നടക്കുന്നതായി പിതവ് ആരോപിക്കുന്നു.
അശോകന്റെ പരാതിയില്‍ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തിയിരുന്നു. പ്രണയവും ഒളിച്ചോട്ടവും മാത്രമാണ് സംഭവമെന്നാണു പൊലീസ് കണ്ടെത്തിയത്. അതിനിടെയാണ് ഐ.എസ് ബന്ധം വരുത്തിത്തീര്‍ക്കാനുള്ള ശ്രമവുമായി പിതാവ് ഹേബിയസ് കോര്‍പസ് നല്‍കിയത്. പൊലീസില്‍ ഇത്തരത്തില്‍ പരാതി നല്‍കിയിട്ടും തെളിവില്ലാത്തതിനാല്‍ നടപടിയുണ്ടായിരുന്നില്ല. ഇക്കാര്യവും പിതാവ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Post Your Comments