കേരളവും ബംഗാളും നഷ്ടപ്പെട്ടപ്പോഴും ഇടതു മുന്നണി ഭരിച്ച സംസ്ഥാനമാണു ത്രിപുര.1978 മുതല്‍ ഒരു ദശകക്കാലം സിപിഎം നേതാവ് നൃപന് ചക്രവര്‍ത്തി ഭരിച്ച സംസ്ഥാനം. പിന്നീട് അഞ്ചുവര്‍ഷക്കാലം കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായിരുന്നു. 1993 മുതല്‍ ഇതുവരെ തുടര്‍ച്ചയായി സിപിഎം മുഖ്യമന്ത്രിമാര്‍ ഭരിക്കുന്നു. ആദ്യം ദശരഥ് ദേവ്. പിന്നീട് മണിക് സര്‍ക്കാര്‍. 2018ലാണ് ത്രിപുര ഇലക്ഷന്. രണ്ടര ദശകക്കാലം തുടര്‍ച്ചയായി ഇടതു ഭരണത്തിലുന്ന സംസ്ഥാനമാണ് മമതയിപ്പോള്‍ ലക്ഷ്യമിടുന്നത്. പശ്ചിമ ബംഗാളില്‍ 34 വര്‍ഷത്തെ ഇടതുഭരണത്തിന് 2011ല്‍ അന്ത്യം കുറിച്ച മമത ത്രിപുര കൂടി പിടിക്കുന്നത് ആലോചിക്കാനേ വയ്യ സിപിഎമ്മിന്.
ഇടതുപക്ഷ രാഷ്ട്രീയം ചെന്നെത്തുന്നത് ഈ പ്രതിസന്ധി മറികടക്കുന്നതിലേക്കാണ്. ഇപ്പോൾ സുദീപ് റേ ബര്‍മന്റെ നേതൃത്വത്തില്‍ ആറു കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ തൃണമൂലില്‍ ചേര്‍ന്നതോടെ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായി മമതയുടേത്. തൃണമൂലിന് ത്രിപുരയില്‍ നല്ലൊരു ടീമുമായി. ബംഗാളിലെ ഇടത്- കോണ്‍ഗ്രസ് സഖ്യത്തെ വിമര്‍ശിച്ച് തൃണമൂലിലെത്തിയ ബര്മന് കൂടുതല്‍ കരുത്തനാവുമെന്നാണു സൂചനകള്‍ വരുന്നത്.20 വർഷമായി ത്രിപുരയില്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാവായിരുന്നു സുദീപ് ബര്മന്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും പ്രതിപക്ഷ നേതാവുമൊക്കെ ആയിരുന്ന സുദീപാണ് ത്രിപുര കോണ്‍ഗ്രസിനെ നിയന്ത്രിച്ചിരുന്നത്.ബംഗാളിനു പുറത്തേക്ക് തൃണമൂലിനെ വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ ആദ്യ വിജയം ത്രിപുരയിലാണ് മമത പ്രതീക്ഷിക്കുന്നത്.
ബംഗാളില്‍ ഇടതിനെതിരേ പറഞ്ഞ അതേ കുറ്റങ്ങള്‍ ത്രിപുരയിലും ആവര്‍ത്തിക്കുന്നു; വികസനം തടഞ്ഞു, അരാജകത്വം സൃഷ്ടിച്ചു എന്നിങ്ങനെ.അഗര്‍ത്തലയിലെ സ്വാമി വിവേകാനന്ദ മൈതാനത്ത് കോണ്‍ഗ്രസില്‍ നിന്നെത്തിയ എംഎല്‍എമാരെയടക്കം പങ്കെടുപ്പിച്ചുകൊണ്ട് ഏതാനും ദിവസം മുന്‍പ് മമത ബാനര്‍ജി നടത്തിയ റാലിയിൽ 2018ല്‍ ഇതേ മൈതാനത്ത് പാര്‍ട്ടിയുടെ വിജയ റാലി നടത്തുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് മമത.2013ല്‍ തുടര്‍ച്ചയായി നാലാം തവണയും അധികാരമേറിയ മണിക് സര്‍ക്കാരിനു സത്യസന്ധനായ മുഖ്യമന്ത്രിയെന്ന സല്‍പ്പേരുണ്ട്. ലളിതമായ ജീവിതത്തിനുടമ. അഴിമതിക്കറ പുരളാത്ത നേതാവ്. വിമര്‍ശകര്‍ പോലും ആദരിക്കുന്ന സ്വഭാവഗുണങ്ങള്‍ പലതുള്ള അദ്ദേഹത്തിന് മമതയുടെ വെല്ലുവിളി നേരിടാനാവുമെന്ന ആത്മവിശ്വാസത്തിലാണു സിപിഎം.
എന്നാല്‍, ദീര്‍ഘനാളത്തെ ഭരണത്തിനൊരു മാറ്റം എന്ന മുദ്രാവാക്യം അത്ര നിസാരമായി കാണാവുന്നതല്ല.ബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യം മൂലം കുറച്ചെങ്കിലും നേട്ടമുണ്ടായതു കോണ്‍ഗ്രസിനാണു താനും. രണ്ടാം സ്ഥാനത്തു 44 സീറ്റുമായി കോൺഗ്രസ്സ് ആണ് ബംഗാളിൽ. സിപിഎമ്മിന് 26 സീറ്റ് ആണ് ഉള്ളത്.മമതയെ പിടിച്ചുകെട്ടാന്‍ കഴിയാത്തതിന്റെ ക്ഷീണം കേരളത്തിലെ തിളക്കമാർന്ന വിജയത്തിലായാണ് തീർത്തത്. ഇതിനിടെയാണ് ത്രിപുരയിൽ ഇത്തരം ഒരു നീക്കം.
Post Your Comments