
ദുബായ് ● ചരിത്രത്തിൽ സുവർണാധ്യായം രചിച്ച് ഇന്ത്യ–യുഎഇ സഹകരണം. നിക്ഷേപവും സഹകരണവും കൂടുതൽ ഉയരങ്ങളിലേക്ക് കടക്കുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി യു എ ഇ സന്ദർശിച്ച് ഒരുവർഷം കഴിയുമ്പോൾ .അടിസ്‌ഥാനസൗകര്യ രംഗത്തെ നിക്ഷേപത്തിന് 7500 കോടി ഡോളറിന്റെ( അഞ്ചുലക്ഷം കോടി രൂപ) സംയുക്‌തനിധി രൂപീകരിക്കാൻ തീരുമാനമെടുത്തുകഴിഞ്ഞു. അതുപോലെ റെയിൽ, റോഡ്, ഊർജം, തുറമുഖം, പെട്രോളിയം മേഖലകളിൽ കൂടുതൽ നിക്ഷേപത്തിനു തുടക്കമിട്ടുകഴിഞ്ഞു.
ഇന്ത്യയിൽ ഒരുവർഷംകൊണ്ട് 800 കോടി ദിർഹത്തിന്റെ നിക്ഷേപമുണ്ടായതായി സാമ്പത്തിക വിദഗ്‌ധർ വിലയിരുത്തുന്നു. നിക്ഷേപങ്ങളിലടക്കം പ്രത്യാശയേകുന്ന നീക്കങ്ങളുണ്ടായെങ്കിലും വിമാനടിക്കറ്റ് നിരക്കിളവ്, മൃതദേഹങ്ങൾ കൊണ്ടുപോകാനുള്ള നൂലാമാലകൾ ഒഴിവാക്കൽ എന്നിങ്ങനെ സാധാരണക്കാർ കാത്തിരുന്ന കാര്യങ്ങളിൽ തീരുമാനമുണ്ടായില്ലന്നും പരാതിയുണ്ട്.
മോദി കഴിഞ്ഞവർഷം ഓഗസ്‌റ്റ് 16, 17 തീയതികളിലായി യു എ ഇ സന്ദർശനം നടത്തിയത് വാർത്താപ്രാധാന്യം നേടിയിരുന്നു. 34 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യു എ ഇയിൽ എത്തുന്നത്. ഇതിനു മുൻപ് 1981ൽ ഇന്ദിരാഗാന്ധിയാണ് യുഎഇ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവരുമായി കൂടിക്കാഴ്‌ച നടത്തിയ ഇന്ത്യൻ സംഘം ഒട്ടേറെ മേഖലകളിൽ സഹകരണത്തിനു ധാരണയിലെത്തി.
തുടർന്ന് ഫെബ്രുവരിയിൽ ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലുള്ള യുഎഇ സംഘം ഇന്ത്യയിലെത്തി. വിദേശകാര്യം, സാമ്പത്തികം, ഊർജം, നീതിനിർവഹണം, പരിസ്‌ഥിതി, ജലം, ഉന്നതവിദ്യാഭ്യാസം, ശാസ്‌ത്രീയ ഗവേഷണം, സംസ്‌കാരം, യുവ–സാമൂഹിക വികസനം, പ്രതിരോധം, ടൂറിസം, വ്യോമയാനം, ബാങ്കിങ്, ഹോസ്‌പിറ്റാലിറ്റി, തുറമുഖം, കെട്ടിടനിർമാണം, വാണിജ്യം, വ്യവസായം തുടങ്ങി നിർണായക മേഖലകളിൽ നിന്നുള്ളവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
സുപ്രധാനമായ പല കരാറുകളും രാഷ്‌ട്രപതി പ്രണബ്‌മുഖർജി, പ്രധാനമന്ത്രി നരേന്ദ്രമോദി, മന്ത്രിമാർ എന്നിവരുമായുള്ള ചർച്ചകൾക്കുശേഷം ഒപ്പുവച്ചു. യുഎഇ സംഘം മുംബൈയിൽ വ്യവസായികളുമായും കൂടിക്കാഴ്ച നടത്തി. കേരളത്തിലെത്തി കൊച്ചി സ്‌മാർട് സിറ്റിയിൽ സന്ദർശനം നടത്തിയതും ശ്രദ്ധേയമായി.
മോദിയുടെ യു എ ഇ സന്ദർശനം കേരളത്തിൽ യുഎഇ കോൺസുലേറ്റ് തുടങ്ങാനുള്ള നടപടികൾക്കു വേഗമേകാക്കാൻ സഹായകമായി. 16 സുപ്രധാന കരാറുകളിൽ യു എ ഇ സംഘം ഒപ്പുവച്ചെങ്കിലും പലതിന്റെയും വിശദാംശം പുറത്തുവിട്ടിട്ടില്ല. കരതയ്‌ക്കെതിരായ സംയുക്‌തനീക്കം, യുഎഇയുടെ ചൊവ്വാ പര്യവേക്ഷണ പദ്ധതിക്കുള്ള ഇന്ത്യൻ പിന്തുണ, പാരമ്പര്യേതര ഊർജം, സൈബർ കുറ്റകൃത്യങ്ങൾ നേരിടാനുള്ള സാങ്കേതിക സഹകരണം, സാംസ്‌കാരിക സഹകരണം, നൈപുണ്യവികസനം, ഇൻഷുറൻസ് നിക്ഷേപം, പെട്രോളിയം സംഭരണം തുടങ്ങിയ കാര്യങ്ങളിലാണു നിർണായക കരാറുകൾ ഒപ്പുവച്ചു.
Post Your Comments